എല്ലാ സഞ്ചാരികളുടെയും സ്വപ്‌നഭൂമികയിലൊന്നാണ് ജപ്പാൻ. എന്നാൽ സമീപകാലത്താണ് ജപ്പാൻ വിനോദസഞ്ചാരത്തിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതിലേറ്റവും പ്രധാനപ്പെട്ടതാണ് ക്യോട്ടോ എന്ന നഗരത്തിലേർപ്പെടുത്തിയ വിലക്കുകൾ. ക്യോട്ടോയിലെ പ്രശസ്തരായ ഗെയ്ഷ നർത്തകിമാരോട് വിനോദസഞ്ചാരികൾ ലെെംഗിക സേവനങ്ങൾ ആവശ്യപ്പെടുന്നതടക്കമുള്ള സംഭവങ്ങൾ വ്യാപകമായതാണ് ഈ നിരോധനങ്ങൾക്ക് കാരണമായത്. നിലവിൽ ഗെയിഷകളുള്ള പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശിക്കാം. പക്ഷേ അതിന് മുൻപ് ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്.
ജപ്പാന്റെ സാംസ്‌കാരിക സൗന്ദര്യത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന ക്യോട്ടോ അതിമനോഹരമായ നിരവധി കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. സുന്ദരമായതെല്ലാം ക്യോട്ടോയിലാണ് ഉണ്ടായതെന്നൊരു ചൊല്ലുണ്ട് ജപ്പാനില്‍. മൂന്നു വശം മലകളും രണ്ടു മഹാനദികളും കാക്കുന്ന ഈ മനോഹരനഗരത്തിലാണ് ജാപ്പനീസ് ശില്‍പ്പകലയും നൃത്തകലയും സംഗീതവുമൊക്കെ തഴച്ചുവളര്‍ന്നത്. ആദ്യം ഇതായിരുന്നുവത്രേ ജപ്പാന്റെ തലസ്ഥാനം. പിന്നീട് പുതിയ തലസ്ഥാനനഗരം ഉണ്ടാക്കിയപ്പോള്‍ ക്യോട്ടോ എന്ന പേര് തിരിച്ചിട്ട് ടോക്യോ എന്നാക്കിയതാണ് എന്ന് പറയപ്പെടുന്നു. 1300 വര്‍ഷം പഴക്കമുള്ള കിയോമിസു ദേര ക്ഷേത്രവും 600 വര്‍ഷം പഴക്കമുള്ള കിന്‍കാ കൂജി സുവര്‍ണക്ഷേത്രവും ജപ്പാന്‍ ഇംപീരിയല്‍ പാലസും ഇവിടെയാണ്. ഗെയ്ഷകളെന്ന മനോരഞ്ജിനികളായ കലാദേവതകളുടെ സാന്നിധ്യം കൂടിയാണ് ക്യോട്ടോയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഗെയ്ഷകളെ കാണാനായി ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് സഞ്ചാരികള്‍ ക്യോട്ടോയിലെകത്തുന്നു.
ആരാണ് ഗെയ്ഷകള്‍
ഏറെ തെറ്റിദ്ധരിക്കപ്പെട്ട വിഭാഗമാണ് ഗെയ്ഷകള്‍. അവര്‍ ദേവദാസികളോ കൊട്ടാരം നര്‍ത്തകിമാരോ ലൈംഗിക തൊഴിലാളികളോ അല്ല. ഒരു കലയുടെ പ്രതിനിധികളാണ്. ആതിഥ്യമാണ് ഗെയ്ഷകളുടെ കലാരൂപം. അവരില്ലാതെ കൊട്ടാരങ്ങളിലും മന്ത്രിമന്ദിരങ്ങളിലും അതിഥികളെ സല്‍ക്കരിക്കാന്‍ കഴിയില്ല. സംഭാഷണം, സംഗീതം, നൃത്തം, ആതിഥ്യം, ഉപചാരം തുടങ്ങി എല്ലാ വിഷയങ്ങളിലും കഴിവുതെളിയിച്ച സ്ത്രീക്ക് ഒരു നല്ല ഗെയ്ഷയാവാന്‍ സാധിക്കൂ. ലൈംഗികതയ്ക്ക് ഇവിടെ സ്ഥാനമേയില്ല. അതിഥികളെ ആനന്ദിപ്പിക്കുക എന്നതാണ് ഗെയ്ഷയുടെ കല. വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിലൂടെയാണ് ഒരു സ്ത്രീ ഗെയ്ഷയാകുന്നത്.
അപമാനിച്ചാല്‍ പിടിവീഴും
ഒരു ഡാൻസ് ബാറിൽ പോകുന്ന ലാഘവത്തോടെ ഗെയ്ഷ നൃത്തം കാണാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ഒരു സംസ്‌കാരത്തെ അപമാനിക്കലാണ്. അവരുടെ കലാജീവിതത്തെ ബഹുമാനിക്കാതെ ഫോട്ടോയെടുക്കുന്നതടക്കമുള്ള പ്രവൃത്തികൾ ചെയ്താൽ ഇനി മേലിൽ നോക്കി നിൽക്കില്ലെന്നാണ് ജപ്പാൻ ഭരണകൂടം വ്യക്തമാക്കുന്നത്. ഗെയ്ഷകളുടെ പ്രധാന കേന്ദ്രമായ ഗിയോൺ ജില്ലയിലാണ് കടുത്ത നിയന്ത്രണങ്ങളുള്ളത്. ഇവിടെ വിനോദസഞ്ചാരികളെ പേടിച്ച് ഗെയ്ഷകൾക്ക് തെരുവിലൂടെ നടക്കാൻ പോലും കഴിയാത്ത സാഹചര്യങ്ങളുണ്ടായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഗെയ്ഷകളുടെ ചിത്രങ്ങളെടുത്ത ചില സഞ്ചാരികൾ ഇവരെ ലൈംഗിക തൊഴിലാളികളാക്കി ചിത്രീകരിച്ച് പോസ്റ്റുകളിട്ടതും വലിയ പ്രതിഷേധങ്ങൾക്കിടയാക്കിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കടുത്ത ശിക്ഷാ നടപടികളാണ് കാത്തിരിക്കുന്നതെന്ന് ഓർമ്മിപ്പിക്കുകയാണ് ജപ്പാൻ ഭരണകൂടം.
Content Highlights: japan bans tourists from parts of geisha district
Published: 16 Apr 2024, 09:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented