ഭക്ഷണം കഴിക്കുമ്പോൾ സോഷ്യൽമീഡിയയിൽ എന്തേലും കാണണം !! അത് നിർബന്ധാ...! അങ്ങനെയാണ് ഷബിൻ ഷംസുദ്ധീൻ എന്ന മല്ലു ഡ്രോൺ ട്രാവലർ പ്രത്യക്ഷപ്പെടുന്നത്. കേരളത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക്‌ ഒരു കല്യാണം കൂടാൻ പോകുന്ന വീഡിയോ! "ജോണി കാ ഷാദി". 9-6 ഇരുന്ന് ചെയ്യുന്ന ജോലി ഉപേക്ഷിച്ച് പറന്ന് നടക്കുന്ന ജോലി ചെയ്യുന്ന ഷബിനെ നേരിട്ട് കണ്ടപ്പോ ഈ ഷാദി മാത്രമല്ല സംസാരിച്ചത്.

To advertise here,

നാടും വീടും

കോട്ടയം ഇടുക്കി ബോർഡറിലെ മുണ്ടക്കയത്തിനടുത്ത് ചിറ്റടിയിലെ വീട്ടിലിരുന്നു 9-6 ജോബ് ചെയ്യുന്ന ഷബിൻ. "ഞാൻ എന്തൊക്കെ നേടിയെടുത്തിട്ടുണ്ടെലും നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് എന്റെ എടുത്തുചാട്ടം കൊണ്ടാണ്" എന്ന് പറയുമ്പോൾ ഷബിന്റെ മുഖത്തു ഒരു ചിരി ഉണ്ടായിരുന്നു. ഒരു 9-10 മണിക്കൂർ ഇരുന്ന് ജോലി എടുക്കുമ്പോൾ ഉണ്ടാവുന്ന എല്ലാവിധ ബുദ്ധിമുട്ടുകളും ഷബിനുണ്ടായിരുന്നു. ശാരീരിക പ്രശ്നങ്ങൾ കൂടി കൂടി വന്നപ്പോൾ നമുക്കും കൂടിവേണ്ടി കുറച്ച് ജീവിക്കണം എന്ന തോന്നലിൽ തുടങ്ങിയ യാത്രകൾ.

ട്രിപ്പ് പോകാൻ പ്ലാൻ ഇടുന്നു, പോകുന്നു. പിന്നെ ട്രിപ്പുകളായി, ഐടി ജോലി സൈഡായി. ഒരു മാസത്തെ ലോങ്ങ് ലീവ് തരാത്തതും ഇനിയും അവിടെ നിന്നാൽ ചീത്തപേരാവും എന്ന് തോന്നിയതുകൊണ്ടും ഒറ്റ മാസം കൊണ്ട് ഒരു തീരുമാനം എടുത്തു. ഇരുന്നു ചെയ്യുന്ന ജോലി വിട്ടിട്ട് പറന്നു നടക്കുന്ന ഒരു ജോലി!

ചെറുതും വലുതുമായ ഒരുപാട് ട്രിപ്പ് പോയിട്ടുള്ള ഷബിന് സ്വന്തം നാട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം തൊട്ടടുത്തുള്ള കുട്ടിക്കാനമാണ്. "ഒരു ഗ്യാരന്റീഡ്‌ തണുപ്പുണ്ട്. സന്തോഷം വന്നാലും സങ്കടം വന്നാലും എല്ലാരും കൂടി പോകുന്ന ഒരു സ്ഥലമാണ്". ഫാമിലി സപ്പോർട്ടിലാണ് എല്ലാം നടക്കുന്നത്. വൈഫിനും അപ്പനും അമ്മയ്ക്കും ഒക്കെ എന്തൊക്കെയോ എനിക്ക് ചെയ്യാൻ പറ്റും എന്നൊരു വിശ്വാസമുണ്ട്. പക്ഷേ മകന്റെ കണ്ടെന്റ് ക്രീയേഷൻ സൂപ്പറാണ് എന്ന്, നാട്ടിലെ അപ്പന്റെ കടയായ "ഷബിൻസ്‌ കൂൾബാറിൽ ഇരുന്ന് നാട്ടുകാർ പറയുമ്പോഴാണ് അപ്പന് കൂടുതൽ വിശ്വാസം.

 

യാത്രയും കണ്ടന്റും !

കണ്ടെന്റ് ഉണ്ടാക്കാൻ പറ്റും എന്നൊരു വിശ്വാസം പണ്ട് മുതലേ ഉണ്ടായിരുന്നു. ജോലി വിടാനുള്ള കോൺഫിഡൻസും അതായിരുന്നു. 2016-ൽ ഫ്രണ്ടിന്റെ വീട്ടിലിരിക്കുമ്പോഴാണ് ഡ്രോണിന്റെ എൻട്രി. യാത്രയിൽ ഡ്രോണും കൂടെ കൂട്ടാമെന്ന് തീരുമാനിച്ച് കൂട്ടുകാരുടെ കയ്യിൽ നിന്ന് കടം വാങ്ങി ഡ്രോൺ സ്വന്തമാക്കി. ആദ്യം ഭാര്യവീട്ടിലെ സോഫയൊക്കെ ഒന്ന് ഇടിച്ചു പരീക്ഷിച്ചു. പിന്നെ വെഡിങ് വർക്സ് എടുത്തു തുടങ്ങി. ഇടയ്ക്ക് 2017-ൽ കൊച്ചിയിലെ കടമകുടിയുടെ ഒരു വീഡിയോ യൂട്യൂബിൽ അത്യാവശ്യം വൈറലായി. ഇപ്പോ ഡ്രോൺ എല്ലാരുടേം കയ്യിൽ ഉണ്ട്. അതിനായി കോഴ്സ് ലൈസെൻസ് ഉണ്ട്.

2020-ലാണ് ഇപ്പോൾ നമ്മൾ കാണുന്ന ഈ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നത്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ അറിഞ്ഞത് മഹാരാഷ്ട്രയിലെ പുണയിലെ "ജോണി കാ ഷാദി". ട്രിപ്പാണ് "കേക്കുന്നവർ തള്ളാണ് എന്ന് പറയും. പക്ഷേ ശരിക്കും 38,000 രൂപേടെ ക്രെഡിറ്റ് കാർഡിൽ തുടങ്ങിയ യാത്രയാണ് അത്". ബിബിലിനോടാണ് ആദ്യം ചോദിക്കുന്നത്. ക്രെഡിറ്റ് കാർഡ് കൂടാതെ, ഒരു 2500 രൂപ കൂടി ഉണ്ടായിരുന്നു. പിന്നെ സോജോ, അജിത് കൂടെ കൂടി. ആ പോക്ക് ഗുജറാത്ത്, രാജസ്ഥാൻ, ഹിമാചൽ, സ്പിതി വാലി ചെന്നിത്തി 62-ാം ദിവസമാണ് തിരിച്ചു വന്നത്.

യാത്ര പ്ലാൻ ചെയ്യാറില്ലെങ്കിലും കണ്ടെന്റ് പ്ലാൻ ചെയ്യാറുണ്ട്. ഒരു വീഡിയോ എങ്ങനെ വരണം എന്നുള്ളത് ആ യാത്ര തുടങ്ങുമ്പോൾ തന്നെ മനസ്സിൽ ഓടുന്നുണ്ടാവും. എല്ലാം പ്ലാൻ ചെയ്ത് യാത്ര പോയി കണ്ടെന്റ് ആക്കുന്നത് ഒരു സ്‌ട്രെസ്സാണ് എന്നാണ് ഷബിൻ പറയുന്നത്. ചെറിയ ഒരു ഐഡിയ, പിന്നെ എല്ലാം വരുന്നത് പോലെ. "ബഡ്ജറ്റിനെ പറ്റി ചിന്തിക്കാൻ തന്നെ പേടിയാണ്. എല്ലാം പോകുന്ന വഴിക്ക് മറിച്ചും തിരിച്ചും നടക്കും", ഇങ്ങനൊക്കെ നടക്കുവോ എന്നോർത്തിരിക്കുവാണോ? എന്നാൽ പോയ എല്ലാ യാത്രകളും ഇങ്ങനെ നടത്തിയ ഒരാളാണ് ഷബിൻ.

യാത്ര ഒരു ജോലിയാക്കി അതിലെ വരുമാനം കൊണ്ട് കടം വീട്ടുന്ന ഷബിനോട് അതിനെ പറ്റി ചോദിച്ചാൽ ടെൻഷനാവും. കടം വീട്ടിയിരുന്നു ഇപ്പോൾ പക്ഷേ കടം കൂടുന്നേ ഉള്ളു എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. തുടക്കത്തിൽ നല്ല ബുദ്ധിമുട്ടായിരുന്നു. യാത്ര പോകുന്നു, ക്യാമറ മാറ്റുന്നു അങ്ങനെ എല്ലാം കയ്യിൽ നിന്ന് പോകുന്നു. ഒന്നും കിട്ടുന്നില്ല. പിന്നെ ആദ്യത്തെ കൊളാബ്രേഷൻ സാംസങ്ങുമായിട്ടായിരുന്നു. ഫോൺ അവർ തരും, നമ്മൾ യാത്ര പോയി ഷൂട്ട് ചെയ്തു വീഡിയോ ആക്കണം.

പിന്നെ പതുക്കെ കണ്ടെന്റ് ക്രിയേറ്റേഴ്സിന്റെ കമ്മ്യൂണിറ്റി വന്നു. ഒരുപാട് പേരോട് സംസാരിച്ചു, അങ്ങനെ പതുക്കെ ചെറിയ പേയ്മെന്റ്സിന് വർക്ക് എടുത്തു തുടങ്ങി. 2024 ആയപ്പോഴാണ് ശരിക്കും ഇതിന്റെ പൊട്ടൻഷ്യൽ അറിഞ്ഞത്. അന്ന് മറ്റ് ക്രിയേറ്റേഴ്സിനോട് സംസാരിച്ചപ്പോഴാണ് നമ്മുടെ പേയ്‌മെന്റ് കുറവാണു എന്ന് മനസിലായത്. പിന്നെ ഒരുപാട് അറിഞ്ഞു, പഠിച്ചു. ഇപ്പൊൾ ഷബിന്റെ പ്രൊഫൈൽ നോക്കുന്നത് ഒരു ഏജൻസിയാണ്. ഒരുപാട് ബ്രാൻഡ് കൊളാബ്രേഷൻസ് വരുന്നുണ്ട്.

ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതും

മഴ വിട്ടൊരു ട്രിപ്പ് പറ്റില്ല എന്നാണ് ഷബിൻ പറയുന്നത്. മഴയും മഞ്ഞും എന്നും പ്രിയപ്പെട്ടതാണ്. എന്നാൽ കേരളം, ഇന്ത്യ, ഔട്ട് സൈഡ് ഇന്ത്യ ഒക്കെ പോയിട്ടുണ്ടെലും ഹിമാചൽ പ്രദേശിലെ സ്പിതി വാലിയാണ് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം. ഇന്ത്യയുടെ മുകളിലോട്ട് പോയാൽ, കാശ്മീർ, ലഡാക്ക്, സിക്കിം പോലുള്ള സ്ഥലങ്ങളിൽ പോകുമ്പോ അവിടെ കുറച്ചുനാൾ നിന്ന് അവരുടെ കൾച്ചർ ഒക്കെ അറിയണം എന്ന് തോന്നാറുണ്ട്.

ഷിംലയിൽ എത്തുമ്പോൾ തന്നെ ആൾക്കാരുടെ നേച്ചർ മാറും അന്തരീക്ഷം മാറും. വിശ്വാസം, സേഫ്റ്റി, ഒരു ഹോംലി ഫീൽ ഒക്കെ തോന്നി തുടങ്ങും. യാത്ര പോയിട്ട് ഇഷ്ടപ്പെടാത്ത ഒരിടം ഡൽഹിയാണ്. ആംബുലൻസ് വന്നാൽ പോലും മാറികൊടുക്കാത്ത, ഭയങ്കര ബിസിയായ, കെയർലെസ്സായ ഒരു സ്ഥലമാണ് എന്നാണ് ഷബിൻ പറയുന്നത് . "അവിടെ പോയാലേ പല സ്ഥലങ്ങളിലും പോകാൻ പറ്റു, അതുകൊണ്ട് പോകുന്നതാ". ഇതിൽ കൂടുതൽ ഡൽഹിയെ പറ്റി പറയാൻ ഷബിൻ റെഡി അല്ല.

 

മസായി മാര! 

കിഴക്കൻ ആഫ്രിക്കയിലെ കെനിയയിൽ ആണ് മസായി മാര നാഷണൽ റിസേർവ്. കാശ് കൂടുതൽ ആയതുകൊണ്ട് ഒരുപാട് പ്രാവശ്യം മാറ്റി വച്ചൊരു യാത്രയായിരുന്നു അത്. മൂന്ന് ദിവസത്തെ സഫാരി. രാവിലെ 5.30-ക്ക് ലാൻഡ് ക്രൂസറിൽ കേറും കാട്ടിൽ പോകും വൈകിട്ട് 7 മണിക്കേ തിരിച്ചു വരൂ. ആദ്യത്തെ ദിവസം സിംഹം ആയിരുന്നു ഞങ്ങളുടെ കണ്ണിൽ മുഴുവൻ. പിന്നെ തപ്പി നടന്നപ്പോഴാണ് ഒരു പല്ല് ഇല്ലാത്ത ചീറ്റയെ കാണുന്നത്.

ഫുഡ് കഴിക്കാത്തതുകൊണ്ട് കുറച്ച അധികം നേരം പുറകെ പോയി. അതിന്റെ ഇടയിൽ ഒരു മാനിനെ ഓടിച്ചിട്ട് നോക്കി കിട്ടിയില്ല. "ചീറ്റ ചീറ്റി പോയി, ചമ്മി പോയ്" എന്നാണ് ഷബിൻ പറഞ്ഞത്. ഏറ്റവും വേഗത്തിൽ ഓടുന്നതാണെങ്കിലും കുറച്ചു നേരത്തേക്കേ ചീറ്റ ഓടുള്ളൂ. കിട്ടിയില്ലെങ്കിൽ വിട്ടുകളയും. അങ്ങനെ മാൻ പോയപ്പോൾ വേറെ ഇരയെ തേടാൻവേണ്ടി ഒരു കല്ലിന്റെ മേളിൽ ഇരിക്കുന്ന ഫോട്ടോയാണ് അത്.

ചിച്ചാം ബ്രിഡ്‌ജും സ്‌മൈൽസ് ഓഫ് ഹിമാചലും!

ഹിമാചൽ പ്രദേശിലെ സ്പിതി വാലിയിലെ ചിച്ചാം ബ്രിഡ്ജ് ഒരു ഇമോഷനാണു എന്നാണ് ഷബിൻ പറയുന്നത്. ഏഷ്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തൂക്കുപാലമാണ് ചിച്ചാം ബ്രിഡ്ജ്. കേരളത്തിൽ നിന്ന് വണ്ടി ഓടിച്ച് അവിടെ എത്തുക എന്നത് ഷബിനെ സംബന്ധിച്ചു വലിയൊരു അച്ചീവേമെന്റാണ്. സമുദ്രനിരപ്പിൽ നിന്ന് 4600 മീറ്ററോളം ഉയരത്തിൽ അതായത് കേരളത്തിൽ നിന്ന് 4.5 കിലോമീറ്റർ നേരെ മുകളിലോട്ട് ചെന്നാൽ ചിച്ചാം ബ്രിഡ്ജ്. എങ്ങനെയാണ് ഇതൊരു ഇമോഷൻ ആവുന്നത് എന്ന ചോദ്യത്തിന് ഷബിന്റെ ഉത്തരം "ഡൽഹി പോയാൽ ഇന്ത്യ ഗേറ്റ്, ആഗ്ര പോയാൽ താജ് മഹാൽ അതുപോലെയാണ് സ്പിതി വാലിയിൽ ചെന്നാൽ ഈ ബ്രിഡ്ജ് അതുകൊണ്ടാണ് ഇതൊരു അച്ചീവേമെന്റായത്".

സ്പിതി വാലി എത്തുന്നതിനു മുൻപ് കിന്നൗർ ജില്ലയിൽ ഇൻഡോ-ടിബറ്റൻ അതിർത്തിയോട് അടുത്ത് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,662 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് നാക്കോ. ഏറ്റവും നല്ല ആപ്പിൾ കിട്ടുന്ന സ്ഥലമാണ് എന്നാണ് ഷബിൻ പറയുന്നത്. ആദ്യമായി ഷബിൻ പോകുന്ന സമയത്തു നാക്കോ ഗ്രാമത്തിലെ, ആത്മീയ ഗുരു എന്നർഥം വരുന്ന "റിൻപോച്ചെ" യെ സ്വീകരിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു. രണ്ട് ദിവസത്തെ ഒരു ഉത്സവമാണ് അത്. പിന്നീട് 4 വർഷത്തിനുശേഷം അവിടെ പോയപ്പോൾ വീണ്ടും ഈ ചടങ്ങ് കാണാനുള്ള ഭാഗ്യം കിട്ടി. അവിടെ വച്ചെടുത്ത ഫോട്ടോയാണ് "സ്‌മൈൽസ് ഓഫ് ഹിമാചൽ"

തെയ്യം!! 

2022-ൽ സുരാഗ് എന്ന കൂട്ടുകാരന്റെ തറവാട്ടിലാണ് ആദ്യമായി തെയ്യം കാണാൻ പോകുന്നത്. ക്യാമറ ഒക്കെയായിട്ടാണ് പോയതെങ്കിലും പേടി കാരണം ഒന്നും ഷൂട്ട് ചെയ്യാൻ പറ്റിയില്ല. സാധാരണ പോലെ എന്തോ ആണ് തെയ്യം എന്നാണ് ഷബിൻ വിചാരിച്ചത്. പക്ഷേ അവിടെ പോയപ്പോഴാണ് തെയ്യത്തിന്റെ ഇന്റെൻസിറ്റിയും ആത്മീയതയും മനസിലായത്. ഒന്നും അറിയാതെ വന്നു തെയ്യത്തിനോട് പോസ് ചെയ്യാൻ പറയുന്നവരെ അന്ന് കണ്ടു. ഒരു ഐഡിയ ഇല്ലാതെ പോയതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അന്ന് നേരിടേണ്ടിവന്നു.

അതുകൊണ്ട്

തന്നെ നന്നായി പഠിച്ചിട്ട് രണ്ടാമത് പോയി. അപ്പോൾ എന്ത് ചെയ്യണം, ചെയ്യരുത്, എവിടെ നിൽക്കണം എന്നൊക്കെ അറിയാമായിരുന്നു. അന്ന് ഷൂട്ട് ചെയ്യാൻ പറ്റി. അതൊരു ഡോക്യുമെന്ററിയാക്കി. ആ വീഡിയോക്ക് നല്ല സ്വീകരണമായിരുന്നു. ഷബിന്റെ ഉമ്മയ്ക്ക് നല്ല പേടിയായിരുന്നു. മതപരമായ ഒരു ആചാരത്തിൽ അന്യമതത്തിൽ നിന്നുള്ള ആൾ, പിന്നെ കേട്ടുകേൾവി മാത്രമുള്ള കണ്ണൂർ, മൊത്തത്തിലുള്ള രാഷ്ട്രീയ സാഹചര്യം അങ്ങനെ എല്ലാംകൊണ്ടുള്ള ടെൻഷൻ. പക്ഷേ ഡോക്യുമെന്ററി കണ്ടതോടെ ഇതെല്ലാം മാറി. പിന്നെ ഷബിൻ കണ്ടതും കേട്ടതും പറഞ്ഞതോടെ പുതിയൊരു കണ്ണൂർ ഉണ്ടായി ഉമ്മാടെ മനസ്സിൽ.

 

വിയറ്റ്നാം ഫെസ്റ്റിവൽ !

"ഞാനും ഫെസ്റ്റിവൽ ഫോട്ടോഗ്രാഫറായ ഗോകുൽ ദാസും കൂടിയാണ് വിയറ്റ്നാം പോയത്" എയർ ഏഷ്യടെ ഒരു കൊളാബ് വർക്കിന്റെ ഭാഗമായിട്ട് മൂന്ന് രാജ്യങ്ങൾ പോകാം. അങ്ങനെ വിയറ്റ്നാമിൽ 22 ദിവസവും തായ്‌ലൻഡിൽ 8 ദിവസത്തേക്കും പോയി. വിയറ്റ്നാമിന്റെ ക്യാപിറ്റൽ സിറ്റിയായ ഹനോയി തുടങ്ങി നോർത്ത് ഫുൾ കറങ്ങി. അതിന്റെ ഇടയിലാണ് സോയ സോസ് ഉണ്ടാക്കുന്ന ഗ്രാമം കാണുന്നത്. ഫോട്ടോയിൽ കാണുന്നത് പോലെയല്ല വളരെ ചെറിയൊരു ഏരിയയാണ്. അതുപോലെ വിയറ്റ്നാമിൽ പോകുന്ന ഫോട്ടോഗ്രാഫേഴ്സ്ന്റെ മെയിൻ സ്ഥലമാണ് ചന്ദന തിരി ഉണ്ടാക്കുന്ന ഗ്രാമം. അതുപോലെ കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലമാണ് പാമ്പുകളുടെ വൈൻ ഉണ്ടാക്കുന്നിടം.

ഇനി !!

ഒരുപാട് യാത്ര പോയിട്ടുണ്ടെങ്കിലും നോർത്ത് ഈസ്റ്റ് പോയിട്ടില്ല. മേഘാലയ, അരുണാചൽ, നേപ്പാൾ ഒക്കെ പോകണം എന്നാണ് ആഗ്രഹം. ഇന്റർനാഷണൽ ആണേൽ യൂറോപ്പാണ് ലക്ഷ്യം. സമയത്തെ പറ്റി നമ്മൾ ചിന്തിക്കണം. 24-25 വയസിൽ ഒരു സ്ഥലത്തു പോകുന്നതുപോലെ അല്ല ഒരു 10 വർഷം കഴിഞ്ഞു പോകുമ്പോൾ. മാനസിക അവസ്ഥയും ശാരീരിക അവസ്ഥയും വേറെയാണ്. അത്രയും ചിന്തിക്കുമ്പോൾ തന്നെ യാത്ര ചെയ്യാൻ തോന്നും.

സമയംമാത്രം മതിയോ? കാശും കൂടി വേണ്ടേ എന്ന ചോദ്യത്തിന് ഷബിൻ ചിരിച്ചുകൊണ്ടാണ് ഉത്തരം പറഞ്ഞത്. കാശ് ഉണ്ടായിട്ട് ട്രിപ്പ് പോകാം എന്നോർത്താൽ നടക്കൂല. ഞാൻ കടം വാങ്ങി യാത്ര ചെയ്യുന്ന ഒരാളാണ്. "എങ്ങനെയെങ്കിലുമൊക്കെ തിരിച്ച് അടക്കും. അതിനെ പറ്റി ആലോചിക്കുമ്പോൾ ടെൻഷൻ ആവും. അപ്പോൾ തെയ്യത്തിന്റെയും പോയ വീഡിയോസ് ഒക്കെ എടുത്ത് കാണും. അപ്പോൾ ഓക്കേ ആവും". ഒന്നും കാണാതെ ഒരാൾക്ക് ഇങ്ങനെ ഒക്കെ പറയാൻ സാധിക്കുമോ എന്ന് എനിക്ക് സംശയമാണ്.