അഗ്രഹാരങ്ങൾ ഉത്സവലഹരിയിലായ സന്ധ്യാവേളയിൽ, ആർപ്പുവിളികളും ആഹ്ലാദവുമായെത്തിയ ആൾക്കടലിനെ സാക്ഷിയാക്കി കല്പാത്തിൽ ദേവരഥങ്ങൾ സംഗമിച്ചു. ദേവതകളുമായെത്തിയ രഥങ്ങൾ തേരുമുട്ടിയിലെത്തിയ പുണ്യനിമിഷംകണ്ട് വിശ്വാസികൾ മനംനിറഞ്ഞ് തൊഴുതു. കർപ്പൂരാരതി ഉഴിഞ്ഞും രഥങ്ങൾ തൊട്ടുനെറുകയിൽവെച്ചും ഒരുനിമിഷം പ്രാർഥിച്ചു. ഭക്തിയും ആനന്ദവും ആരവങ്ങളും നിറഞ്ഞ കല്പാത്തിക്ക്, ഒരാണ്ടിലേക്കുള്ള പുണ്യദർശനമായി ദേവരഥസംഗമം.

To advertise here,

മൂന്നാംതേരുനാളായ തിങ്കളാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു ദേവരഥസംഗമം. തിങ്കളാഴ്ച രാവിലെ പഴയകല്പാത്തിയുടെയും ചാത്തപുരത്തിന്റെയും രഥങ്ങൾ വീഥിയിലെത്തിയിരുന്നു. വൈകീട്ട് രഥപ്രയാണം ആരംഭിച്ചു. അഞ്ചുമണിയോടെ പഴയകല്പാത്തിയുടെ രഥം മന്തക്കര മഹാഗണപതിക്ഷേത്രത്തിലെത്തി തിരികെ പ്രയാണം തുടങ്ങി.

ഇതേസമയം, കഴിഞ്ഞദിവസം വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിനുമുൻപിൽ നിലയ്ക്കുനിർത്തിയിരുന്ന പുതിയകല്പാത്തിയുടെ രഥം തിരികെ പ്രയാണം ആരംഭിച്ചു. ഉത്സവനാഥനായ വിശാലാക്ഷീസമേത വിശ്വനാഥസ്വാമിയുടെയും പരിവാരദേവതകളുടെയും മൂന്ന് രഥങ്ങളും ചാത്തപുരത്തെ രഥവും തേരുമുട്ടിയിലെത്തിയതോടെ രഥസംഗമമായി.

വിശ്വനാഥസ്വാമിയുടെയും പരിവാരദേവതകളുടെയും രഥങ്ങൾ തേരുമുട്ടിയിൽ യഥാസ്ഥാനത്ത് നിർത്തി. മറ്റുക്ഷേത്രങ്ങളിലെ രഥങ്ങൾ പ്രയാണം പൂർത്തിയാക്കി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിയതോടെ തേരോട്ടത്തിന് സമാപനമായി. പുതിയകല്പാത്തിയിലും പഴയകല്പാത്തിയിലും രാത്രി നാദസ്വരക്കച്ചേരിയും പല്ലക്കെഴുന്നള്ളത്തുമുണ്ടായി. ചൊവ്വാഴ്ച രാവിലെ ഗ്രാമക്ഷേത്രങ്ങളിൽ ഉത്സവത്തിന് കൊടിയിറങ്ങും.

ഭക്തിയിലും ആനന്ദത്തിലും ജനങ്ങൾ

ആകാശഗോപുരങ്ങളായി ആറ് രഥങ്ങൾ... വീഥികളിൽ ആർപ്പുവിളിച്ച് ആയിരങ്ങൾ... തേരുമുട്ടിയിൽ ദേവതകൾ ഒരുമിച്ചെത്തിയതോടെ, കല്പാത്തി ആവേശക്കൊടുമുടി കയറി. നാല് ഗ്രാമക്ഷേത്രങ്ങളിലെയും തേരുകൾ തിങ്കളാഴ്ച വീഥിയിലറങ്ങിയത് കാണാൻ രാവിലെ മുതൽ തന്നെ ഉത്സവപ്രേമികളെത്തിയിരുന്നു. അവധി ദിനങ്ങളായിരുന്ന ശനി, ഞായർ ദിവസങ്ങളിൽതന്നെ ആളുകൾ കല്പാത്തിയിലെത്തി മടങ്ങിയെങ്കിലും തിങ്കളാഴ്ച വൈകീട്ടും ആളുകൾ ഒഴുകിയെത്തി.

രാവിലെ ചാത്തപുരത്തെയും പഴയകല്പാത്തിയിലെയും രഥങ്ങൾ വീഥിയിലേക്കിറങ്ങിയതോടെ മൂന്നാം നാളിലെ ആഘോഷക്കാഴ്ചകൾ തുടങ്ങി. വൈകുന്നേരത്തോടെ കല്പാത്തി പൂർണമായും ഉത്സവലഹരിയിലേക്ക് വഴിമാറി. ആറു രഥങ്ങളുടെയും വടംവലിച്ച് ജനക്കൂട്ടം ആഘോഷത്തിലലിഞ്ഞു. കാത്തിരുന്ന രഥസംഗമം തേരുമുട്ടിയിൽ ആരംഭിച്ചതോടെ വിശ്വാസികൾ പ്രാർഥനകളിൽ മുഴുകി. കർപ്പൂരാതിയുഴിഞ്ഞും ദീപങ്ങൾതെളിയിച്ചും അഗ്രഹാരവാസികളും ഭക്തിയിലമർന്നു. ഏഴു മണിക്കുള്ളിൽ സംഗമം പൂർത്തിയായെങ്കിലും വീഥികളിൽ ജനത്തിരക്ക് കുറഞ്ഞില്ല. അർധരാത്രി നടന്ന പല്ലക്ക് കച്ചേരി ഉൾപ്പെടെ കണ്ടാണ് ഉത്സവപ്രേമികൾ കല്പാത്തി വിട്ടത്.