ഞ്ചാരികള്‍ കുമിഞ്ഞ് കൂടുന്ന പതിവ് ടൂറിസം ഡെസ്റ്റിനേഷനുകള്‍ മാറ്റിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന ആളാണോ നിങ്ങള്‍. ആഡംബര യാത്രകള്‍ക്ക് പകരം വ്യത്യസ്തമായ ഭൂപ്രകൃതിയും സംസ്‌കാരവും ജീവിതങ്ങളുമെല്ലാം അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കില്‍ നിങ്ങളുടെ അടുത്ത വിദേശയാത്രയില്‍ ഉള്‍പ്പെടുത്താവുന്ന ഒരു മനോഹര രാജ്യമാണ് ലാവോസ്. ദശലക്ഷം ആനകളുടെ നാടെന്ന വിളിപ്പേരുള്ള ലാവോസ് ചരിത്രപരമായും ഭൂമിശാസ്ത്രപരമായുമെല്ലാം ഒരുപാട് പ്രത്യേകതകള്‍ ഒളിപ്പിച്ചുവെച്ച രാജ്യമാണ്.

To advertise here,

ലോകത്തെ ചുരുക്കം സോഷ്യലിസ്റ്റ് ഭരണകൂടങ്ങളിലൊന്നാണ് ലാവോസ്. ഏറെ സംഘര്‍ഷഭരിതമായ ചരിത്രമുള്ള ലാവോസിന് ലോകത്തിലെ ഏറ്റവും കൂടുതല്‍ ബോംബുകള്‍ പതിച്ച രാജ്യമെന്ന വേദനയുമുണ്ട്. കടല്‍തീരമില്ലാത്ത, നാലുപാടും കരയാല്‍ ചുറ്റപ്പെട്ട മനോഹരമായ രാജ്യമാണിത്. ബീച്ചുകളില്ലെങ്കിലും കാടും പുഴയും കൃഷിസ്ഥലങ്ങളും നഗരങ്ങളുമൊക്കെയായി വ്യത്യസ്തമായ ഒരു യാത്രയ്ക്ക് ചേര്‍ന്ന നാട്. 

ദശലക്ഷം ആനകളുടെ നാട്

ലാന്‍ സങ് രാജവംശമാണ് 1345 മുതല്‍ 1707 വരെ ലാവോസ് ഭരിച്ചിരുന്നത്. ഈ രാജവംശത്തിന്റെ പേരിന്റെ അര്‍ഥം ദശലക്ഷം ആനകളുടെ നാട് എന്നാണ്. രാജ്യത്തിന്റെ വലിയൊരു വിഭാഗവും കാടായിരുന്ന ലാവോസില്‍ ആനകള്‍ ഒരുപാടുണ്ടായിരുന്നു. പണ്ടുകാലത്ത് രാജാക്കന്‍മാരുടെ സഞ്ചാരത്തിനും യുദ്ധ ആവശ്യങ്ങള്‍ക്കും ആനകളെ ധാരാളമായി ഉപയോഗിച്ചിരുന്നു. ഇന്നും ലാവോസില്‍ ആനകള്‍ക്ക് വിശുദ്ധ പദവിയാണ് നല്‍കിപ്പോരുന്നത്. കടല്‍തീരമില്ലാതെ ചുറ്റും കരയാല്‍ ചുറ്റപ്പെട്ട നാടാണ് ലാവോസ്. കാടുകളും പുഴകളും ധാരാളമായുണ്ട്. ജനസംഖ്യയുടെ വലിയ ഭൂരിപക്ഷത്തിനും കൃഷിയോ അനുബന്ധ തൊഴിലുകളോ ആണ്. നെല്ലും കാപ്പിയുമാണ് പ്രധാന വിള. വിയറ്റ്‌നാം, കംബോഡിയ, തായ്‌ലന്‍ഡ്, ചൈന, മ്യാന്‍മര്‍ എന്നിവയാണ് ലാവോസിന്റെ അയല്‍രാജ്യങ്ങള്‍.

സോഷ്യലിസ്റ്റ് ലാവോസ് 

ലാവോ പീപ്പിള്‍സ് ഡൊമോക്രാറ്റിക് റിപ്പബ്ലിക് എന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക പേര്. അരിവാള്‍ ചുറ്റിക പതിപ്പിച്ച ചെങ്കൊടികള്‍ ലാവോസിലുടനീളം കാണാനാവും. 1975 ലാണ് ലാവോ പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി രാജവാഴ്ചയ്ക്കും സാമ്രാജ്യത്വാധിപത്യത്തിനും അന്ത്യം കുറിച്ചുകൊണ്ട് നീണ്ടകാല പോരാട്ടത്തിനൊടുവില്‍ അധികാരം പിടിച്ചെടുക്കുന്നത്. തുടര്‍ന്നിങ്ങോട്ട് സോഷ്യലിസ്റ്റ് ഭരണമാണ് ലാവോസില്‍ നിലനില്‍ക്കുന്നത്. വിയറ്റ്‌നാം യുദ്ധകാലത്ത് കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്ന് അധികാരം പിടിച്ചെടുക്കാനുള്ള സി.ഐ.എയുടെ ശ്രമത്തിന്റെ ഭാഗമായി അമേരിക്കന്‍ ബോംബര്‍മാര്‍ രണ്ട് ദശലക്ഷം ടണ്ണിലധികം ബോംബുകളാണ് ലാവോസിന് മുകളില്‍ വര്‍ഷിച്ചത്. അന്നത്തെ ലാവോസിലെ ആകെ ജനസംഖ്യ 30 ലക്ഷത്തോളമായിരുന്നു. മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് അതില്‍ കൊല്ലപ്പെട്ടത്. ഇപ്പോഴും ലാവോസിന്റെ മണ്ണില്‍ ലക്ഷക്കണക്കിന് ബോംബുകള്‍ പൊട്ടാതെ കിടപ്പുണ്ട്. ഈയടെ ഉദ്ഘാടനം ചെയ്യപ്പെട്ട എക്‌സ്പ്രസ് റെയില്‍വേയുടെ നിര്‍മ്മാണ സമയത്ത് ഏറ്റവും കൂടുതല്‍ ചിലവ് വന്നതും പദ്ധതി പ്രദേശത്ത് നിന്ന് ഈ ബോംബുകള്‍ സുരക്ഷിതമായി നീക്കം ചെയ്യാനായിരുന്നു. യുദ്ധകാലത്തെ ശേഷിപ്പുകളായ ബങ്കറുകളും നിര്‍വീര്യമാക്കിയ ബോംബുകളുമെല്ലാം ഇന്ന് ലാവോസിന് ടൂറിസത്തിലൂടെ വരുമാനം നേടിക്കൊടുക്കുന്നു എന്നതാണ് ചരിത്രത്തിന്റെ വൈരുധ്യം.

ചോറും കാപ്പിയും

കാവോ നിയോ എന്ന് വിളിക്കുന്ന ചോറാണ് ലാവോസിലെ പ്രധാന ഭക്ഷണവിഭവം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് തുടങ്ങിയ ഈ ശീലത്തിന് ഇന്നും മാറ്റമൊന്നുമില്ല. മൂന്ന് നേരവും ഈ അരിയുടെ ചോറ് കഴിക്കുന്നവരാണ് വലിയൊരു വിഭാഗം. അറബിക്ക, റോബസ്റ്റ തുടങ്ങിയ കാപ്പി ഇനങ്ങള്‍ ലാവോസില്‍ ധാരാളമായി വളരുന്നുണ്ട്. അറബിക്ക നാട്ടിലുപയോഗിക്കാനും റോബസ്റ്റ കയറ്റുമതി ചെയ്യാനുമാണ് ഉപയോഗിക്കുന്നത്. കൃഷിക്ക് പുറമെ വിനോദസഞ്ചാരമാണ് പ്രധാന വരുമാന മാര്‍ഗം. വിസ ചട്ടങ്ങളിലെല്ലാം ഇളവ് വരുത്തി കൂടുതല്‍ സഞ്ചാരികളെ രാജ്യത്തെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ലാവോസിപ്പോള്‍. ലാവോസ് സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ല. ആറുമാസം കാലവധിയുള്ള പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 30 ദിവസത്തേക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. 

അതിരില്ലാത്ത കാഴ്ചകള്‍

ലാവോസില്‍ ധാരാളമായുള്ള നദികളും കാടുകളുമായി ബന്ധപ്പെട്ടാണ് ലാവോസിലെ വിനോദസഞ്ചാരവുമുള്ളത്. കാടുകളിലും നദീതീരത്തുമുള്ള ക്യാമ്പിങ്, മീന്‍ പിടുത്തം എന്നിവയെല്ലാം ഏറെ ജനകീയമായ വിനോദങ്ങളാണ്. നിഗൂഢമായ ഗുഹകളും വെളിച്ചം കയറാത്ത മഴക്കാടുകളും അതിമനോഹരമായ വെള്ളച്ചാട്ടങ്ങളും സഞ്ചാരികളെ വേറെ ലോകത്തെത്തിക്കുന്നു. ബീച്ചുകളില്ലെങ്കിലും സിപ്പ്-ലൈനിങ്, കയാക്കിങ്, ഹൈക്കിങ്, ഗുഹ ട്യൂബിങ്, ഹോട്ട് എയര്‍ ബലൂണ്‍ യാത്ര തുടങ്ങിയ സാഹസികതകളും ലാവോസിലുണ്ട്. കമ്മ്യൂണിസ്റ്റ് രാജ്യമാണെങ്കിലും അതിമനോഹരമായ ധാരാളം അമ്പലങ്ങളും ഇവിടുണ്ട്. യാത്രകള്‍ക്ക് ചിലവ് കുറവാണെന്നതാണ് മറ്റൊരു പ്രത്യേകത. രാജ്യത്തിനകത്തുകൂടിയുള്ള യാത്രകള്‍ക്ക് ബൈക്ക് ടാക്‌സികളോ പൊതുഗതാഗത സംവിധാനങ്ങളുമൊക്കെയാണ് സഞ്ചാരികള്‍ പൊതുവെ ഉപയോഗിക്കാറ്.

ലോകത്തിലെ ഏറ്റവും വലിയ ഗുഹാനദി ലാവോസിലാണ്. വെള്ളാരങ്കല്ലുകള്‍ നിറഞ്ഞ നദിയിലൂടെ കയാക്കിങ് നടത്തി വേണം സെബാങ് ഫായ് എന്ന ഗുഹാനദിയിലെത്താന്‍. സെന്‍ട്രല്‍ ലാവോസിലെ ഭീമന്‍ ഗുഹയും സഞ്ചാരികളെ വിസ്മയിപ്പിക്കുന്നതാണ്. കാടിന് നടുവിലെ ഒറ്റയടിപ്പാതയിലൂടെ ബൈക്ക് സവാരി നടത്താം. ലാവോസിന്റെ തലസ്ഥാന നഗരിയായ വിയന്റില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള അഡ്വഞ്ചര്‍ ഡെസ്റ്റിനേഷനായ വാങ് വിങും ഏറെ പ്രശസ്തമാണ്. ഹോട്ട് എയര്‍ ബലൂണില്‍ കയറി കാടുകള്‍ക്കും പുഴകള്‍ക്കും മുകളിലൂടെ പറക്കാന്‍ മാത്രമായി ലാവോസിലെത്തുന്ന യാത്രികരും നിരവധിയാണ്.