ഭൂമിയുടെ ഏറ്റവും മുകളിലെ അറ്റത്ത്, ചുറ്റും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വെളുത്ത മഞ്ഞുപാളികൾ. താപനില പൂജ്യത്തിനും താഴെ. അവിടെ, 90° വടക്കൻ അക്ഷാംശത്തിലെ അപൂർവ്വ ഭൂമിശാസ്ത്ര ബിന്ദുവിൽ ആദ്യമായി മലയാളിയുടെ കാൽതൊടൽ! കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) മറൈൻ സയൻസസ് ഡീൻ ഡോ. എസ്. ബിജോയ് നന്ദനാണ് ഈ അപൂർവ്വനേട്ടം കൈവരിച്ചത്.

To advertise here,

റഷ്യയിലെ മുർമാൻസ്‌ക് (Murmansk) തുറമുഖത്തുനിന്നാണ് സാഹസിക ശാസ്ത്രയാത്ര ആരംഭിച്ചത്. റോസാറ്റോം സംഘടിപ്പിച്ച ''ഐസ്‌ബ്രേക്കർ ഓഫ് നോളജ്'' (Icebreaker of Knowledge) എന്ന അന്താരാഷ്ട്ര പര്യവേഷണത്തിന്റെ ഭാഗമായി '50 ലെറ്റ് പോബെഡി' (50 Years of Victory) എന്ന ന്യൂക്ലിയർ ഐസ്‌ബ്രേക്കർ കപ്പലിലായിരുന്നു യാത്ര. കട്ടികൂടിയ മഞ്ഞുപാളികളെ തകർത്തു മുന്നേറാൻ കഴിയുന്നതാണ് ഈ കപ്പൽ. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും ഒപ്പമുണ്ടായിരുന്നു. പര്യവേഷണത്തിലേക്ക് രാജ്യാന്തര വിദഗ്ദ്ധൻ ആയി ക്ഷണം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ഡോ. ബിജോയ് നന്ദൻ.

ധ്രുവപ്രദേശങ്ങളിലെ കാലാവസ്ഥാ വ്യതിയാനം, സമുദ്ര ജൈവവൈവിധ്യം, ബെന്തിക് ജീവിവർഗ്ഗങ്ങൾ, ബ്ലൂ കാർബൺ സാധ്യതകൾ എന്നിവയെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ വിവരങ്ങൾ ഡോ. നന്ദൻ പങ്കുവെച്ചു.