മണ്‍സൂണില്‍ മാഥേരാനിലെ ഏറ്റവും വലിയ ആകര്‍ഷണം റിവേഴ്സ് വാട്ടര്ഫാളാണ്

മഴക്കാലമായിരുന്നു. നേരാൽ സ്റ്റേഷനിൽ വണ്ടിയിറങ്ങുമ്പോൾതന്നെ മാഥേരാനിലെ മഴ മാടിവിളിച്ചു. സ്വാഭാവികമായി അതിലെ തുള്ളിയായലിഞ്ഞിറങ്ങി. ഒറ്റ ലക്ഷ്യം- മാഥേരാൻ! ഭഗീരഥൻ ആകാശത്തുനിന്ന് ഗംഗയെ ഭൂമിയിലേക്ക് ഒഴുക്കിയപ്പോൾ ശിവജടയിൽ പതിച്ചെങ്കിൽ മാഥേരനിൽനിന്നും ആകാശത്തേക്കൊഴുകുന്ന പാതാളഗംഗയെ ജടയിൽ ചൂടാം!
മലകളുടെ നെറ്റിയിലെ വനം എന്ന അർത്ഥത്തിൽ മറാഠിഭാഷയിൽ ഉള്ള വാക്കാണ് മാഥേരാൻ. ഇവിടെ നടന്നു മാത്രമെ സഞ്ചരിക്കാൻ കഴിയു. കാരണം മോട്ടോർ വാഹനങ്ങൾ നിരോധിച്ചിട്ടുള്ള ഏഷ്യയിലെ ഏക വിനോദസഞ്ചാരകേന്ദ്രമാണത്. 100 കണക്കിന് വണ്ടികൾ നേരാൽ സ്റ്റേഷന് പുറത്തുണ്ടെങ്കിലും അച്ചടക്കത്തോടെ ക്യൂ നിൽക്കുന്നവർക്കുമാത്രമെ വണ്ടികിട്ടുകയുള്ളു. ചെറിയ സ്റ്റേഷൻ പരിസരത്ത് ജനം പെരുമഴപോലെ ആർത്തലയ്ക്കുന്നു. ചെറിയ ഹോട്ടലുകളിലും തട്ടുകടകളിലും നിന്ന് പ്രഭാതഭക്ഷണം കഴിക്കാനുള്ള തിരക്ക്. പലനിറം മഴക്കോട്ടുകളിൽ മാഥേരാനിൽ മഴവിൽക്കാഴ്ച.
കുന്നിൻ മുകളിലേക്ക് കയറുംതോറും പച്ചയാം വിരിപ്പിട്ട മലനിരകൾ. കിഴുക്കാംതൂക്കായ മലനിരകളെല്ലാംതന്നെ ചാറ്റൽ മഴയിൽ ഇരുണ്ട്തിളങ്ങുന്നു. പാറക്കൂട്ടങ്ങളും പച്ചപ്പുതപ്പണിഞ്ഞ പുൽമേടുകളും വരവേൽക്കാൻ നിൽക്കുന്നു.
നേരാൽ സ്റ്റേഷനിൽനിന്നും മാഥേരനിലേയ്ക്ക് ഏറെപ്പേരും ആശ്രയിക്കുന്നത് ഷെയർ ടാക്സിയാണ്. സി.എൻ.ജി. ഉപയോഗിക്കുന്ന ഈക്കോ വാനുകൾ. ഒരേസമയം എട്ടുപേർക്കുവരെ യാത്രചെയ്യാവുന്ന വണ്ടികൾ. ഇതിൽ അമൻ ലോഡ്ജ് സ്റ്റേഷന് ഒരു കിലോ മീറ്റർ അകലെ ദസ്തൂരിനാക്ക വരെ ചെന്നെത്താം. നേരാൽ സ്റ്റേഷനിൽനിന്ന് മാഥേരാൻ വരെ ഹെറിറ്റേജ് ട്രെയിൻ സർവീസ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുകയാണ്. അമൻ ലോഡ്ജ് മുതൽ മാഥേരാൻ മാർക്കറ്റ് വരെ ഇപ്പോഴും ടോയ് ട്രെയിൻ കിട്ടും.
വളരെ ചെറിയ കൂകിപ്പായും തീവണ്ടി. നൂറിൽത്താഴെ സീറ്റുകൾ മാത്രം. കാടിന്റെ ഇരുണ്ട പച്ചപ്പിനും മഴനൂലുകൾക്കുമിടയിലൂടെ വളഞ്ഞുപുളഞ്ഞുവരുന്ന കാഴ്ച! ദസ്തൂരിനാക്കയിലാണ് മാഥേരാനിലേക്കുള്ള പ്രവേശന കവാടവും ടിക്കറ്റ് കൌണ്ടറും. പ്രവേശനനിരക്ക് 50 രൂപ മാത്രം. കുട്ടികൾക്ക് 25 രൂപ.
ഈക്കോ വാനുകൾ മലമുകളിലേക്ക് പറന്നു കയറുകയാണെന്ന് തോന്നും. അത്രയും വേഗം. വഴിയും അത്ര മോശമല്ല. വഴിയിലിടയ്ക്കിടെ വളഞ്ഞുപുളഞ്ഞു നമ്മളെ കടന്നുപോകുന്ന തീവണ്ടിപ്പാത. നാരോ ഗേജ് ആണ്. ഊട്ടിയിലെപോലെ പാളത്തിനു നടുവിൽ പൽചക്രങ്ങളില്ല ഇവിടെ. ഒടുവിൽ മുകളിലെത്തിയപ്പോൾ ''നാമെത്തിയീ ജന്മശൈലത്തിന്റെ നെറുകയിൽ'' എന്ന വരികൾ മനസ്സിലിരുന്ന് മധുസൂദനൻ നായർ ചൊല്ലുന്നു…
മാഥേരാൻ കുളിരാർന്ന ശൈലഭൂമിയാണ്. മഴയും കോടയും വെയിലും മാറിമാറിവീഴുന്ന കാടകം. ചെങ്കൽപ്പാറകളാണ് ഈ മലയുടെ പ്രത്യേകത. മണ്ണിന് നല്ല ഉറപ്പാണ്. ഉരുൾപ്പൊട്ടലിന്റെയോ മണ്ണിടിച്ചിലിന്റെയോ ലക്ഷണങ്ങളൊന്നുമില്ല. പ്രവേശനകവാടം ജനനിബിഡമാണ്. ചെറിയ ശബ്ദത്തിൽ മറാത്തിയിലും ഹിന്ദിയിലും മാഥേരനെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെപ്പറ്റിയും അനൗൺസ്മെന്റ് കേൾക്കുന്നുണ്ട്. അതിനെക്കാൾ ഉച്ചത്തിലാണ് ജനാരവം.
ഇനി ഒരു കിലോ മീറ്റർ നടന്നാൽ അമൻ ലോഡ്ജ് എന്നു പേരായ ഇടത്തേക്കെത്താം. അവിടെനിന്ന് ഇലക്ട്രിക് ഓട്ടോയിലോ കുതിരപ്പുറത്തോ പോകാം. ഓട്ടോ സ്റ്റാൻഡിൽ ഓട്ടോകൾ നിരനിരയായുണ്ട്.
മഴക്കോട്ടണിഞ്ഞ നൂറുകണക്കിന് കുതിരകളുമുണ്ട്. വഴിയിലെങ്ങും കുതിരച്ചാണകത്തിന്റെ രൂക്ഷഗന്ധം. കുതിരസവാരിയ്ക്ക് നിരക്ക് അൽപ്പം കൂടുതലാണ്. വഴിയിൽ പഴം, പലഹാരക്കടകളുണ്ട്. അമൻ ലോഡ്ജിനടുത്താണ് ഷീറ്റ് മേഞ്ഞ ചെറിയ റെയിൽവേ സ്റ്റേഷൻ. ടിക്കറ്റിനായി ക്യൂനിൽക്കുന്നവരുടെ വലിയനിര ടിക്കറ്റു കിട്ടാൻ സാധ്യത കാണാത്തതിനാൽ നടന്നു കയറാൻ തന്നെ തീരുമാനിച്ചു.
ചെങ്കല്ലിന്റെ ഇഷ്ടിക പാകിയ വഴി. പൊഴിഞ്ഞ ഇലകളും കുതിരച്ചാണകവും മനുഷ്യർ വലിച്ചെറിയുന്ന മാലിന്യവും കലങ്ങിയവെള്ളവും ഒക്കെ കൂടിച്ചേർന്ന് വഴിയാകെ ദുരിതമയമാണ്. സമാന്തരമായിത്തന്നെയാണ് റെയിൽപ്പാളവും. ഇടയ്ക്കിടെ പാളത്തിലൂടെ കടന്നുപോകുന്ന തീവണ്ടിയും കാണാം. മൺസൂണിൽ മാഥേരാനിലെ ഏറ്റവും വലിയ ആകർഷണം റിവേഴ്സ് വാട്ടർഫാളാണ്. മഴക്കാലത്ത് മാത്രം സജീവമാകുന്ന പല അരുവികളും കുത്തനെയുള്ള പാറക്കെട്ടുകളിൽനിന്ന് താഴേയ്ക്ക് പതിക്കുമ്പോൾ ശക്തമായ കാറ്റ് വെള്ളത്തെ മുകളിലേയ്ക്ക് തന്നെ തിരികെ പറത്തുന്ന കാഴ്ച! ബെൽവഡറെ പോയിന്റിലാണ് ഈ കാഴ്ച ഏറെ ആസ്വാദ്യകരം. ഈ അരുവികളാണ് താഴെയെത്തുമ്പോൾ പാതാളഗംഗ എന്ന പേരിൽ ഒഴുകി അറബിക്കടലിൽ പതിക്കുന്നത്.
ലൂയിസ പോയിന്റിൽ നിന്നാൽ അകലെ ഛത്രപതി ശിവാജി മുഗളന്മാരിൽനിന്ന് കൈവശപ്പെടുത്തിയ പ്രബൽഗഡ് കോട്ട കാണാം. ഇവിടേക്കും പ്രബൽഗഡ് കോട്ടയ്ക്കുമിടയിൽ അഗാധമായ കിടങ്ങാണ്. വളരെ താഴെയാണ് പാതാളഗംഗ. അതിന്റെ മറുകരയിൽ 800 മീറ്ററോളം ഉയരത്തിലുള്ള മലമുകളിലാണ് കോട്ട. കോട്ടയ്ക്ക് അഭിമുഖമായി കുത്തനെയുള്ള കലാവന്തി ദുർഗ് എന്ന നിരീക്ഷണകേന്ദ്രവും.
ഇതിലേയ്ക്ക് കയറാനായി പാറയിൽ കുത്തനെയുള്ള പടികൾ കൊത്തിയിട്ടുണ്ട്. എക്കോ പോയിന്റിൽനിന്ന് വെള്ളച്ചാട്ടത്തിന്റെ വ്യത്യസ്തമായ കാഴ്ച കിട്ടും. വിശാലവും കുത്തനെയുള്ളതുമായ കൊടുമുടിയും കാണാം. അലക്സാണ്ടർ പോയിന്റിൽ നിന്നാൽ അഗാധമായ കൊക്കയും മനോഹരമായ താഴ് വരയും കാണാം.
പനോരമ പോയിന്റ്, വൺ ട്രി ഹിൽ പോയിന്റ്, മങ്കി പോയിന്റ് എന്നിവയിൽനിന്നുള്ള കാഴ്ചകളും മനോഹരമാണ്. ഷാർലറ്റ് തടാകം മാഥേരാനിലെ പ്രധാന ശുദ്ധജലസ്രോതസ്സാണ്. ഇതിൽ ചെറിയ ഡാം കെട്ടിയിരിക്കുന്നു. ഡാമിൽനിന്നും കവിഞ്ഞൊഴുകുന്ന തണുത്തവെള്ളത്തിൽ കുളിക്കാനും രസം.
മഹാരാഷ്ട്രയിലെ രായ്ഗഡ് ജില്ലയിൽ പശ്ചിമഘട്ടത്തിൽ ഏകദേശം സമുദ്രനിരപ്പിൽനിന്ന് 800 മീറ്ററിലധികം ഉയരത്തിലാണ് മാഥേരാൻ. 1850-കളിൽ ബോംബെ ഗവർണർ ആയിരുന്ന ലോർഡ് എൽഫിൻസ്റ്റൺ വേനൽക്കാല വിശ്രമകേന്ദ്രമായി വികസിപ്പിച്ചെടുത്തത്. 1905-ൽ മാഥേരാൻ മുനിസിപ്പാലിറ്റി സ്ഥാപിതമായി. തുടർന്ന് 1907-ൽ നിർമ്മിക്കപ്പെട്ട നാരോ ഗേജ് ഹിൽ റെയിൽവേ പൈതൃക നിർമ്മിതിയാണ്. 120-ൽപ്പരം വർഷങ്ങളായി മാഥേരാനിലെ മനുഷ്യർക്ക് ബാഹ്യലോകവുമായുള്ള ബന്ധം ഇതിലൂടെയായിരുന്നു.
കൊളോണിയൽ കാലത്തിന്റെ പ്രൌഢിയുള്ള പഴയ ബ്രിട്ടീഷ്, പാഴ്സി ബംഗ്ലാവുകൾ പലതും ഇന്ന് ഹെറിറ്റേജ് റിസോർട്ടുകളായി മാറിയിരിക്കുന്നു. കാടിനുള്ളിൽ വേറെയും പഴയ കെട്ടിടങ്ങൾ കാണാം. ബ്രിട്ടീഷുകാരുടെ കാലത്ത് പണിതവ. താമസക്കാരില്ലാതെ ഇവയിൽ പലതും ജീർണിച്ച് പ്രകൃതിയിൽ വിലയിയ്ക്കാൻ തുടങ്ങിയിരിക്കുന്നു. മാഥേരാൻ റെയിൽവേസ്റ്റേഷൻ മുതൽ കുറെ ദൂരം മാർക്കറ്റ് വർണ്ണശബളമാണ്. നൂറുകണക്കിന് കടകൾ അതിനിടയിൽ പോസ്റ്റോഫീസും സ്കൂളുമുണ്ട്. മധുരപലഹാരങ്ങളും കളിക്കോപ്പുകളും നിറയെ നിരത്തിയിരിക്കുന്നു. ധാരാളം ഹോട്ടലുകളും റിസോർട്ടുകളുമുണ്ട്.
തിരികെ ഇറങ്ങുമ്പോൾ വനത്തിലാകെ പ്ലാസ്റ്റിക് കൂമ്പാരങ്ങൾ കണ്ടു. പ്രവേശനത്തിന് നിയന്ത്രണങ്ങളില്ലാത്തതിനാൽ ആയിരക്കണക്കിന് മനുഷ്യർ ഒരേസമയം വനം മലിനീകരിക്കുന്നു. മാഥേരാൻ മുനിസിപ്പാലിറ്റി ആണെങ്കിലും തെരുവുകൾ വൃത്തിയാക്കുന്ന ആരെയും കണ്ടില്ല. മാലിന്യം ശേഖരിക്കാൻ സജ്ജീകരണങ്ങളുമില്ല.
Published: 17 Aug 2026, 12:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented