ഗ്രാമങ്ങള്‍ക്കെല്ലാം തനിമ നഷ്ടപ്പെട്ടു എന്ന പരാതി വേണ്ട. ഇന്നും ഗ്രാമ വിശുദ്ധിയുടെ കഥകള്‍ പറയുന്ന ചില നാട്ടുവഴികള്‍ ഇവിടെയുണ്ട്. തനത് കാര്‍ഷികതാളവും അതിനൊപ്പാം നാടിന്റെ സംസ്‌കൃതിയെയും ഉയര്‍ത്തിപ്പിടിക്കുന്ന ചിലഗ്രാമങ്ങള്‍. ഉത്തരവാദിത്ത ടൂറിസം സ്ട്രീറ്റ് എത്തിനിക്കല്‍ ടൂറിസം എന്ന പേരിലെല്ലാം പദ്ധതികള്‍ വന്നെങ്കിലും വിനോദസഞ്ചാരികളുടെ ശ്രദ്ധ ഒരു പരിധിക്കപ്പുറം ഇതിലേക്ക് പതിഞ്ഞിരുന്നില്ല. ഈ പരിമിതികള്‍ക്കിടയിലും  നിശബ്ദമായി നേട്ടങ്ങളുണ്ടാക്കിയ ചില ഇടങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങിനെയൊന്നാണ് വയനാട്ടിലെ കാവുംമന്ദത്ത് കുനിയമ്മല്‍ കുറിച്യ തറവാടിനോട് ചേര്‍ന്ന് രാധാകൃഷ്ണനും ലക്ഷ്മിയും വികസിപ്പിച്ചെടുത്ത ഒരു കേന്ദ്രം. താമരപൂക്കളുടെ നിറഭംഗിയില്‍ ഈ വേനല്‍ക്കാലം ഇവിടം അതിഥികള്‍ക്കായി വിരുന്നൊരുക്കുന്നു. 

To advertise here,

സാധ്യതകളുടെ ഗ്രാമീണ ടൂറിസം 

Also Read

തനത് ഭക്ഷണ രുചിയുടെയും നാട്ടു സംസ്‌കൃതിയുടെയും കഥകള്‍ ഒരോ നാടിനും പറയാനുണ്ടാകും. പ്രാദേശികമായി നാടിനെ തൊട്ടറിയുകയെന്നതാണ് ഗ്രാമീണ ടൂറിസത്തിന്റെ ലക്ഷ്യവും. ഇത്തരത്തില്‍ വയനാടിന്റെ തനത് സംസ്‌കാരങ്ങളെ അടുത്തറിയാനുളള ടൂറിസം കേന്ദ്രങ്ങള്‍ കുറവാണ്. പലയിടങ്ങളിലായി പലരീതിയില്‍ ഈ ടൂറിസം ലക്ഷ്യങ്ങള്‍ ചിതറിക്കിടക്കുകയാണ്. ഇങ്ങനെയൊരു കേന്ദ്രത്തിലേക്കുള്ള അന്വേഷണം വയനാട്ടിലെ കാവുംമന്ദത്തുള്ള കുനിയമ്മല്‍ കുറിച്യതറവാട്ടിന്റെ മുറ്റത്ത് എത്തിച്ചേരും. പതിയെ ഒരു എത്തിനിക്കല്‍ ടൂറിസം കേന്ദ്രമായി വളരാനുള്ള തയ്യാറെടുപ്പിലാണ് ഇന്ന് ഈ തറവാടും പരിസരങ്ങളും. 

നഗര തിരക്കിന്റെ പാരവശ്യങ്ങളില്‍ നിന്നും അല്‍പ്പനേരം  ചെലവഴിക്കാന്‍ ശാന്തമായൊരു ഇടം തേടുന്നവര്‍ക്ക് കുനിയിമ്മേല്‍ ഇന്ന് ഒരു മാതൃകയാണ്. പഴയ തറവാടും തണല്‍ മുറ്റങ്ങളും താമരക്കുളവുമെല്ലാം ചേര്‍ന്ന് പ്രാദേശിക ഗ്രാമീണ ടൂറിസത്തിന്റെ ചെറുപതിപ്പുകള്‍ ഇവര്‍ ഇവിടെ ഒരുക്കികഴിഞ്ഞു. തറവാടിന്റെ അരികിലായി ഏറുമാടവും അതിന് താഴത്തായി തനിനാടന്‍ വിഭവങ്ങളുടെ അടുക്കളയുമെല്ലാം ഇവര്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ പത്തരമുതല്‍ വൈകീട്ട് മൂന്നരവരെ വിരുന്നുകാരെക്കൊണ്ട് ഇവിടം നിറയുന്നു. വയനാട്ടിലെ റിസോര്‍ട്ടുകളിലെത്തുന്ന സഞ്ചാരികളും ഇവിടേക്കെത്തുന്നു. 

വയനാടന്‍ കാപ്പികുടിക്കാം

കൊളോണിയല്‍ കാലത്താണ് വയനാട്ടില്‍ കാപ്പിയുടെ വേരോട്ടം. മഴയും മഞ്ഞും കൃത്യമായും ഇടവേളകളില്‍ വിരുന്നെത്തിയ വയനാട്ടിലെ ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് കാപ്പികൃഷിക്ക് ഇവിടെ വളരെ പെട്ടന്ന് വേരോട്ടമുണ്ടാക്കിയത്. വൈകാതെ വയനാടന്‍ കാപ്പിയുടെ പെരുമകള്‍ കടല്‍ കടന്നും പോയി. യുറോപ്പില്‍ പോലും ഈ കാപ്പി ഇടം പിടിച്ചതോടെ ലോകത്തിലെ നല്ല കാപ്പികുടിക്കാനുള്ളവരുടെ യാത്രകളെല്ലാം ചുരം കയറി  വയനാടിന് മുകളിലെത്തും. വെല്ലം ചേര്‍ത്ത് അങ്ങിനെയൊരു കട്ടന്‍ കാപ്പി കുടിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ കുനിയമ്മലിലേക്ക് വരാം. ഇവിടെ അതിനായി തന്നെ ഒരു അടുക്കള സദാ പുകയുന്നുണ്ട്. കലര്‍പ്പില്ലാത്ത വയനാടന്‍ കാപ്പിയുടെ നറുമണമുളള ഗ്രാമീണതയുടെ കുലീനതയില്‍ അല്‍പ്പനേരം ചെലവിടാം. കാപ്പി മാത്രമല്ല വയനാടന്‍ കപ്പയും ചമ്മന്തിയും എല്ലാമുള്ള നാടന്‍ വിഭവങ്ങളും ഇവിടെ തയ്യാറാണ്. ഈ തടാകത്തില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. വയനാട്ടിലെ തന്നെ ശുദ്ധജല തടാകത്തില്‍ വളരുന്ന മീന്‍ ഫ്രൈ ചെയ്ത് കഴിക്കാനും ഇവിടെ അടുപ്പ് റെഡിയാണ്. 

അരയേക്കറോളം വിസ്തൃതിയുളള കുളത്തില്‍ നിറയെ താമരകള്‍ വിരിഞ്ഞതോടെ ഈ കാഴ്ചകള്‍ കാണാനും ഇവിടെ ധാരാളം പേരെത്തുന്നു. താമരക്കുളത്തിലൂടെ കളി വഞ്ചിയിലൂടെയും തുഴയാം. പകല്‍ മുഴുവന്‍ വയനാടിന്റെ കുളിര്‍കാറ്റും ആസ്വദിച്ച് ഇവിടെ ഇരിക്കാം. വെറുതെ തുടങ്ങിയ സംരംഭം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നുണ്ടെന്ന് കുനിയമ്മല്‍ തറവാട്ടംഗവും തരിയോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ലക്ഷ്മി രാധാകൃഷ്ണന്‍ പറയുന്നു. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാലുവരെയാണ് ഇപ്പോള്‍ ഇവര്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത്. ഈ സമയങ്ങളില്‍ ഇവിടെ തയ്യാറാക്കിയ ഏറുമാടവും സഞ്ചാരികള്‍ക്ക് ഉപയോഗിക്കാം. ഒരാള്‍ക്ക് നാടന്‍ ഭക്ഷ്യവിഭവങ്ങളടക്കം 500 രൂപയാണ് ഈടാക്കുന്നത്. മിക്ക ദിവസങ്ങളിലും റിസോര്‍ട്ടുകളിലും മറ്റും തങ്ങുന്ന വിനോദ സഞ്ചാരികള്‍ പകല്‍ സമയങ്ങളില്‍ ഇവിടെ സമയം ചെലവിടാനെത്തുന്നു. നേരം പോക്കിന് ആര്‍ച്ചറിയും ഇവിടെയുണ്ട്.  ഇതോടെ ഒട്ടേറെ സഞ്ചാരികളുടെയും പ്രീയ കേന്ദ്രമായി ഇവിടം മാറുകയാണ്. 8943924490 എന്ന ഫോണ്‍ നമ്പറില്‍ മുന്‍കൂട്ടി വിളിച്ച് ബുക്ക് ചെയ്താല്‍ ഇതിനായുളള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും.

കാണാം വലിയ താമരക്കുളം 

താമരയുടെ വയനാട്ടിലെ ഏറ്റവും വലിയ ശേഖരവും കുനിയിലിന് സ്വന്തമാവുകയാണ്. അറുപത് വര്‍ഷത്തോളം പഴക്കമുള്ള ഓടുമേഞ്ഞ താറവാടിന് അഭിമുഖമായുള്ള വലിയ കുളത്തിലാണ് താമരപൂക്കളും ചാരുതയേകുന്നത്. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തറവാട്ട് സ്ഥലത്തുള്ള വലിയ കുളത്തില്‍ താമര വളര്‍ത്തുകയെന്ന ആശയത്തിന് വിത്തിടുന്നത്. രാധാകൃഷ്ണനും ഭാര്യ ലക്ഷ്മിയും ഇതിനെക്കുറിച്ചുള്ള അന്വേഷണമായി. താമര വിത്തുകളെക്കുറിച്ച് ഓണ്‍ലൈനില്‍ തിരയാന്‍ മക്കളും സഹായിച്ചു. ഒടുവില്‍ ഓണ്‍ലൈനായി എട്ടുവിത്തുകള്‍ വരുത്തി. 

വയനാട്ടിലെ കാലാവസ്ഥയില്‍ ഇതെങ്ങിനെ വളരും എന്നതിനെക്കുറിച്ചൊന്നും ആകുലപ്പെട്ടില്ല. പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. ഓണ്‍ലൈനില്‍ ദിവസങ്ങളെടുത്ത് വന്ന, ആശിച്ചു കിട്ടിയ വിത്തില്‍  നാലെണ്ണം മാത്രമാണ് മുളപൊട്ടിയത്. ഇതിനെ കുളത്തിന്റെ ഏറ്റവും നടുവിലായി പ്രത്യേക ഇടമുണ്ടാക്കി നട്ടുപിടിപ്പിച്ചു. ഇവിടെ നിന്നും കൈകള്‍ നീട്ടിയും വേരുകളാഴ്ത്തിയും പിന്നെ താമരയുടെ വളര്‍ച്ചയായിരുന്നു. നാലുവര്‍ഷങ്ങള്‍ കൊണ്ട് ജലാശയം മുഴുവന്‍ താമരയിലകള്‍ കൊണ്ടു നിറഞ്ഞു. അധികം വൈകാതെ ഈ വേനലില്‍ വലിയൊരു താമരപൂക്കാലവും ഇവിടെയെത്തി. ഇടതടവില്ലാതെ താമര വിരിയാന്‍ തുടങ്ങിയതോടെ ഏത് കാലത്തും പൂക്കാലമായി. രണ്ട് കളിവഞ്ചികള്‍ കൂടി ഇതിനിടയിലേക്ക് ഇറക്കിവിട്ടതോടെ ഇപ്പോള്‍ സഞ്ചാരികളും ഇവിടേക്ക് എത്തി തുടങ്ങി. പുറത്തുനിന്നുള്ള വിനോദ സഞ്ചാരികള്‍ മുതല്‍ കല്ല്യാണ സേവ് ദ ഡേറ്റ് സംഘങ്ങള്‍ വരെയും തമാരക്കുളത്തില്‍ ഫോട്ടോഷൂട്ടിനായി ഇപ്പോള്‍ എത്തുന്നുണ്ട്.