തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് പാലക്കാട്. പക്ഷേ, ഇവിടെ നിന്ന് അര മണിക്കൂര്‍ സഞ്ചരിച്ചാല്‍ വെയിലിന്റെ ചൂട് പോലുമില്ല. കൊല്ലങ്കോടെന്ന കേരളത്തിന്റെ പ്രിയ ലൊക്കേഷന്‍. ടൗണ്‍ അല്‍പ്പം കുരുക്കുള്ള ഇടമാണ്. സിഗ്‌നല്‍ പണി മുടക്കിയാല്‍ വാഹനങ്ങള്‍ കാത്ത് നില്‍ക്കണം. അത്ര ചെറിയൊരു കവല.കളേഴ്‌സ് ഓഫ് ഭാരത് എന്ന സാമൂഹിക മാധ്യമപേജ് രാജ്യത്ത് കണ്ടിരിക്കേണ്ട 10 ഗ്രാമങ്ങളെ തിരഞ്ഞെടുത്തപ്പോള്‍ കൊല്ലങ്കോടും ഉള്‍പ്പെട്ടിരുന്നു. ഈ പോസ്റ്റ് ആനന്ദ് മഹീന്ദ്ര പങ്കിട്ടതോടെയാണ് രാജ്യം ചോദിച്ച് തുടങ്ങിയത്. എവിടെയാണ് കൊല്ലങ്കോട്. എന്താണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത.

To advertise here,

പ്രത്യേകത ഒന്നേയൊന്ന്. നമ്മളില്‍ പലരും നഷ്ടപ്പെടുത്തിയ പ്രകൃതിയുടെ തനിമ ഒരു പോറല്‍പോലും ഏല്‍പ്പിക്കാതെ ഈ നാട് കാത്തുവെച്ചിരിക്കുന്നു. നെല്ലിന്‍തണ്ടു മണക്കും വയലുകള്‍. വരമ്പുകളില്‍ പാറിക്കളിക്കുന്ന പൂമ്പാറ്റകള്‍. മാനത്തെ ചുംബിച്ച് നില്‍ക്കും കരിമ്പനകള്‍. കുഞ്ഞാറ്റക്കിളി ഊയലാടുന്ന തെങ്ങോലകള്‍. വയല്‍ക്കാറ്റിന്റെ വിളിയില്‍ കുയിലിന്റെ ശ്രുതിയകമ്പടി. നെല്ലിയാമ്പതി മലകള്‍ അതിരിടുന്ന കളങ്ങള്‍. ഓര്‍മയിലേക്ക് കൊയ്തുകൂട്ടാന്‍ ചിലത് ഇവിടെ ബാക്കിയുണ്ടാകും. തീര്‍ച്ച. പാലക്കാട്ട് നിന്ന് അവിടേയ്ക്കുള്ള യാത്രയില്‍ വിട്ടുകളയാന്‍ പാടില്ലാത്ത ഒന്നുണ്ട്. പാലക്കാട് വിളയന്‍ ചാത്തന്നൂരില്‍ നിന്ന് വിശ്വത്തേക്ക് വളര്‍ന്ന വിജയന്റെ എഴുത്തു ദേശത്തെ. തസ്രാക്കിനെ. അവിടേയ്ക്ക് തിരിക്കുമ്പോള്‍ കാതിലേക്ക് ഈണം പോലെ കാറ്റ് താളാത്മകം. കാറ്റ് പറഞ്ഞ കഥ ഇവിടെ കേട്ടിരുന്ന് പകര്‍ത്തിയതോ. ഖസാക്കിന്റെ ഇതിഹാസം വായിച്ച് വാക്കിലേക്ക് ഭ്രമിച്ച് പോയ പലരും തീര്‍ഥാടനം പോലെ ഇവിടേക്ക് നടന്നുവന്നിരുന്നത് പലരും ഓര്‍മിക്കുന്നു.

കൂമന്‍കാവിലേക്ക് രവി നടന്നു

കൂമന്‍കാവില്‍ രവി ബസിറങ്ങി നടന്നപ്പോള്‍ മലയാള നോവല്‍ അതിന് മുമ്പും ശേഷവുമെന്ന് താള്‍ പകുത്തെടുത്തിരുന്നു. എഴുത്തുപുര അതേപോലെ സൂക്ഷിച്ചിട്ടുണ്ട്. ഉള്ളില്‍ വിജയന്റെ പഴയകാല ചിത്രങ്ങള്‍. മാതൃഭൂമിയില്‍ വന്ന കാര്‍ട്ടൂണുകള്‍. കോട്ടയത്തെ വീട്ടില്‍ ഒ.വി.ഉഷയ്കും ബാലചന്ദ്രന്‍ ചുള്ളിക്കാടിനും വിജയലക്ഷ്മിക്കും ഒപ്പം ഗുരുസാഗരത്തിന്റെ സാന്നിധ്യം പോലെ വിജയന്‍ ഇരിക്കുന്ന ചിത്രം എടുത്തുപറയേണ്ടത് തന്നെ. അന്ന് അദ്ദേഹം സംസാരിച്ചിരുന്നില്ല. സാന്നിധ്യം കൊണ്ട് തന്നെ അദ്ദേഹമൊരു ഇതിഹാസമായിരുന്നു. നോക്കി, എവിടെയെങ്കിലും ചിരിക്കുന്ന വിജയനുണ്ടോ. ഭാഗ്യം. ഒരെണ്ണം കണ്ടു.

പുരയ്ക് പിന്നില്‍ എഴുത്തുകാര്‍ക്ക് വന്ന് താമസിക്കാനുള്ള ഇടം. പിന്നില്‍ വയല്‍. നോവലിലെ കുളം അടുത്തിടെ നവീകരിച്ചിട്ടുണ്ട്. വയല്‍ പകുത്തുപോകുന്ന പാതയില്‍ അന്നൊരിക്കല്‍ തോള്‍സഞ്ചിയണിഞ്ഞ് ഖദര്‍ജൂബ്ബയും ഒറ്റമുണ്ടുമുടുത്ത് വിജയന്‍ നടന്നുപോകവെ കരിമ്പനകള്‍ തണലേകിയോ. വഴിയോരത്ത് എഴുത്തുപനകളുടെ ഓലകള്‍ അക്ഷരമെഴുതാന്‍ നാരായത്തെ പ്രതീക്ഷിച്ചു. തലമുറകളിലേക്ക് പകര്‍ന്ന അക്ഷരങ്ങള്‍ ഒരു തരംഗം പോലെ മലയാളിയുടെ ഉള്ളം ത്രസിപ്പിച്ചത്രെ. അക്ഷരം പിറന്ന കുടിലില്‍ നിന്ന് വയല്‍വരമ്പലെ കുടിലിടത്തിലേക്കാണ് അടുത്ത ലക്ഷ്യം.

കുടിലിടം കൂട്ടുകൂടും

placeholder
കുടിലിടം

പാലക്കാട്-ഗോവിന്ദാപുരം റോഡിലൂടെ പോകുമ്പോള്‍ കുടിലിടം കാണാം. കണ്ണെത്താദൂരത്തോളം നെല്‍തണ്ടുകള്‍ കാറ്റിനൊപ്പം ഒരു തരംഗം പോലെ. റോഡില്‍ നിന്ന് പാടത്തേക്കുള്ള ചെറിയ വഴി തീരുന്നിടത്ത് ഒരു ഓലക്കുടിലുണ്ട്. അതില്‍ നല്ല ഒന്നാന്തരം പാലക്കാടന്‍ മട്ടയരി.കുട്ട, വട്ടി, വിത്തോത്തി തുടങ്ങിയവ. 20 രൂപയുടെ പാസ് എടുത്താന്‍ നമുക്ക് വയലിലേക്ക് കടക്കാം. വരമ്പിനോട് ചേര്‍ന്ന് നല്ലൊരു ഏറുമാടം. കവാടം വൈക്കോല്‍ കൊണ്ട് തീര്‍ത്തത്. തടി കൊണ്ടുള്ള വാതില്‍. തുറന്ന് ചെന്നാല്‍ സ്വാഗതമോതാന്‍ വയലൊരു കടല്‍പോലെ.വരമ്പില്‍ ജമന്തികള്‍ സുഗന്ധികള്‍.പൂവ് പിച്ചരുതെന്ന് അപേക്ഷയുണ്ട്. ചെറിയ തോട്ടില്‍ കൊതുമ്പുവള്ളം കെട്ടിയിട്ടിരിക്കുന്നു. കയറിയിരിക്കാം. നെല്‍മണികള്‍ കാലില്‍ തലോടും. വഴി മുറിച്ച് കടന്ന് തവളക്കൂട്ടം. ജീവിത സമ്മര്‍ദത്തിന്റെ കനലുകളെ തണുപ്പിച്ച് ആളുകള്‍ എവിടെയൊക്കെയോ ഇരുപ്പുണ്ട്. കാലില്‍ ചെളിപുരളട്ടെ. വഴുക്കുന്ന വരമ്പാണ് നടക്കാന്‍ പാഠമായതെന്ന് കവി പറഞ്ഞത് പോലെ. ക്യാമറയ്ക്ക് വിശപ്പ് മാറ്റാന്‍ വേണ്ടുവോളം. നെല്ലിയാമ്പതി മലകളിലേക്ക് നോക്കവെ പാടത്തേക്ക് വിരുന്നുവരുന്ന നീരുറവകള്‍. കരയില്‍ കാളവണ്ടി. കയറിയിരിക്കാം. വേണമെങ്കില്‍ ചാഞ്ഞുകിടന്ന് ആകാശം നോക്കാം. 15 ഏക്കറില്‍ നെന്‍മേനി പാടശേഖരമാണ് ഈ ഷോക്കേസ്. കൃഷിക്കാരുടെ കൂട്ടായ്മയാണ് കുടിലിടത്തിന്റെ സ്വന്തക്കാരെന്ന് ഇതില്‍ അംഗമായ സക്കീര്‍ ഹുസൈന്‍.

മുതലമടയിലേക്ക്

ഒരു റെയില്‍വേ സ്റ്റേഷനില് എന്താണ് കാണാന്‍ എന്ന് ചോദിച്ചേക്കാം. പക്ഷേ, ഇങ്ങനെ ഒരു സ്റ്റേഷന്‍ മുതലമടയിലേ കാണൂ. രണ്ട് പ്ലാറ്റ്‌ഫോമിലും നിറയെ ആല്‍മരങ്ങള്‍. അവയില്‍ നിന്ന് വേരിന്‍കൂട്ടങ്ങള്‍ പടര്‍ന്ന് കാറ്റില്‍ ഊയലാടുന്നു. ഈ ആല്‍മരങ്ങളും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. വെട്ടം, ആടുജീവിതം, ഹൃദയം തുടങ്ങിയ സിനിമകള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. സ്റ്റേഷനില്‍ എത്തിയപ്പോള്‍ ശുചീകരണത്തൊഴിലാളിലാളിയായ അന്നമ്മ ഓടിവന്നു.: ''ചിത്രീകരണമാണോ സാറേ''. അന്നമ്മയ്ക്ക്  സംശയം. അല്ലെന്ന് പറഞ്ഞപ്പോള്‍ പിന്നെ സിനിമാവിശേഷങ്ങള്‍ ഒന്നൊന്നായി പറഞ്ഞു. ആടുജീവിതം ഷൂട്ടിങ്ങിന് വന്നപ്പോള്‍ പൃഥ്വിരാജുമായി സൗഹൃദം സ്ഥാപിച്ചത്. വിനീത് ശ്രീനിവാസനുമായി ചേര്‍ന്നുനിന്ന് ഫോട്ടം പിടിച്ചത്. മഹേഷ് ബാബുവിന്റെ സിനിമ 15 ദിവസം ഷൂട്ട് ചെയ്തപ്പോള്‍ സ്വന്തം പട്ടികളെയും കഥാപാത്രങ്ങളാക്കിയത്. വെള്ളന്‍ എന്ന നായ അന്നമ്മയ്ക് ഒപ്പമുണ്ട്. ദിവസം രണ്ട് തീവണ്ടി മാത്രം കടന്നുപോകുന്ന സ്റ്റേഷനാണിത്. സഞ്ചാരികള്‍ പാളത്തിലും ഇറങ്ങിനിന്ന് റീല്‍സ് എടുത്ത് തുടങ്ങിയതോടെ റെയില്‍വേ വിലക്ക് ഏര്‍പ്പെടുത്തി. സുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ല. സ്റ്റേഷന്‍ കാണാം. നിയമം പാലിക്കണം. ഉദ്യോഗസ്ഥര്‍ ഓര്‍മപ്പെടുത്തുന്നു. മുതലമടയ്ക്ക് മറ്റൊരു വിശേഷം കൂടിയുണ്ട്. മാന്തോപ്പുകളുെട നാടാണിത്. അധികം ഉയരം വെക്കാതെ മാവുകള്‍ മനോഹരമായി വെട്ടിയൊതുക്കിനിര്‍ത്തിയിരിക്കുന്നു.ബോയ് കട്ട് ചെയ്ത തലകള്‍ പോലെ എല്ലാം ഒരു ലവല്‍.മാങ്ങ പാകമാകുന്ന കാലത്ത് ഇവിടേക്ക് ലോറികള്‍ ഒന്നൊന്നായി വരും.കേരളത്തിന്റെ മാങ്കോസിറ്റിയിലേക്ക്.

placeholder
മുതലമട റെയിൽവെ സ്റ്റേഷൻ. ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി

ചെല്ലന്‍ ചേട്ടന്റെ ചായക്കട

വേലിപ്പരുത്തിയും ഒട്ടേറെ മുള്‍ച്ചെടുകളും പാതയ്ക് അതിരിടുന്ന ഗ്രാമപാതകള്‍ കടന്ന് തേക്കിന്‍ചിറ ഭാഗത്തേക്ക് കടക്കുമ്പോള്‍ വഴി രണ്ടായി പിരിയും. ഇവിടെയാണ് ചെല്ലന്‍ചേട്ടന്റെ ചായക്കട.നമുക്കൊരു ചൂട് ചായ കുടിക്കാം. പഴയ സിനിമകളില്‍ കാണുന്ന അതേ ദൃശ്യം. ഓലമേഞ്ഞ മേല്‍ക്കൂര. ഒറ്റക്കട്ട കെട്ടിയ ചെറിയൊരു കുടില്‍. ഇവിടെ നിന്ന്  ഒരു വഴി കളത്തിലേക്കാണ്. മറ്റൊന്ന് പ്രകൃതിക്ഷേത്രമായ ചിങ്ങന്‍ചിറയിലേക്കും. കട്ടന്‍ചായയും പലഹാരങ്ങളും ഇവിടെ കിട്ടും. കൊല്ലങ്കോട് പ്രശസ്തമായതോടെ ഇവിടെ ആള്‍ വരുന്നത് കൂടിയിട്ടുണ്ടെന്ന് പരിസരവാസികള്‍. പക്ഷേ ഇവിടെ ശുചിയായി സൂക്ഷിക്കണേ. അത് മാത്രമേ അവര്‍ക്ക് അപേക്ഷിക്കാനുള്ളൂ.

ചിങ്ങന്‍ചിറ പ്രകൃതിക്ഷേത്രം

placeholder
പ്രകൃതിക്ഷേത്രം

സൂര്യരശ്മി അത്ര കാര്യമായി നേരിട്ട് പതിക്കാത്ത ഇടം. അതാണ് ചിങ്ങന്‍ചിറ. ആല്‍മരങ്ങളുടെ കൂട്ടമാണ് വലിയ കുടകള്‍  പോലെ തണല്‍പരത്തിനില്‍ക്കുന്നത്. ആല്‍മരങ്ങളുടെ വേരുകള്‍ താഴേക്ക് വന്ന് താങ്ങായി പിന്നെയും ശാഖകള്‍ മുന്നോട്ട്.ഈ ആല്‍മരങ്ങളും തറയും എവിടെയോ കണ്ടത് പോലെ. ശരിയാണ്. ജയരാജിന്റെ കളിയാട്ടം സിനിമയിലെ 'വേളിക്ക് വെളുപ്പാന്‍ കാലം.....' എന്ന പാട്ടില്‍ ശ്രദ്ധിച്ച് നോക്കൂ. ഈ ആല്‍മരങ്ങള്‍ കാണാം. സുന്ദരിയേ വാ.. എന്ന ആല്‍ബം കാണൂ. അതിലുമുണ്ട്. കറുപ്പു സ്വാമിയുടെ ക്ഷേത്രം ഒരു ആല്‍മരച്ചുവട്ടില്‍. നമുക്ക്  അടുത്ത് ചെല്ലാം, പ്രാര്‍ഥിക്കാം. വിളക്ക് കൊളുത്താം. ഇതിന് സമീപമാണ് ചിറ. 1996-ല്‍ കളിയാട്ടത്തിന് ഈ ലൊക്കേഷന്‍ എങ്ങനെ കണ്ടെടുത്തു എന്നത് ഒരു അത്ഭുതമാണ്. ജയരാജ് ഇവിടെ എങ്ങനെ എത്തി. ഗ്രാമം തപ്പി പാലക്കാടന്‍ മണ്ണിലൂടെ പോയിപ്പോയി അവിടെ എത്തി. അതാണ് ജയരാജിന് പറയാനുള്ളത്. പക്ഷേ, ഈ യാത്രയില്‍ വഴികാട്ടിയായത് തത്തകളായിരുന്നു. വഴിനീളെ ധാരാളം തത്തകളെ കണ്ടു. പിന്തുടര്‍ന്നു. ഒടുവില്‍ അത് ചിങ്ങന്‍ചിറയില്‍ എത്തി. ഒരു സന്ധ്യയ്കായിരുന്നു ആ കൂടണയല്‍.-അദ്ദേഹം ഓര്‍ക്കുന്നു.

ഇവിടെ  ഇപ്പോള്‍ ചെന്നാല്‍ തിരക്കുണ്ട്. ഭക്ഷണം തയ്യാറാക്കി കഴിക്കുന്നവരെ കാണാം. ശാന്തമായി മനുഷ്യര്‍ക്കിടയിലൂടെ നായ്കളും പോകുന്നു. പേരറിയാത്ത പക്ഷികളും. അല്‍പ്പം പിന്നിലേക്ക് നടന്നാല്‍ നെല്ലിയാമ്പതി മലനിരയ്ക് കുറേക്കൂടി അടുത്തേക്ക് എത്താം. പാറക്കൂട്ടത്തിന് നടുവില്‍ ചെറിയൊരു തടാകം. അതില്‍ താറാവുകള്‍ നീന്തിത്തുടിക്കുന്നു.പിന്നെയും മുന്നോട്ട്,  അരുവികള്‍ താഴേക്ക് വീഴുന്നത് കാണാം.പാറകളില്‍ എറിഞ്ഞ് പിടിപ്പിച്ചത് പോലെ മരങ്ങളും ചെടികളും. ഇടയ്ക് മഞ്ഞുമൂടിപ്പോകുന്നുണ്ട്. മറയ്ക്കാന്‍ എന്നവണ്ണം. ഇപ്പോള്‍ നില്‍ക്കുന്ന പാറയില്‍ പേരറിയാത്ത ചെടികള്‍. പിങ്ക് നിറമുള്ള പുല്‍ച്ചെടികള്‍ മനോഹരം.ഒന്നിച്ച് പൂത്ത് നില്‍ക്കുന്നത് കാറ്റടിക്കുമ്പോള്‍ ഒരു നിറവിശറിപോലെ.
സീതാര്‍കുണ്ട്

ഇവിടെ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് സീതാര്‍കുണ്ട്. രാമായണകഥയുമായി ബന്ധമുള്ള ഇടം. സീതാദേവി സ്‌നാനത്തിന് എത്തിയിരുന്ന ഇടം എന്ന വിശ്വാസം. മഴക്കാലത്ത് വെള്ളച്ചാട്ടത്തിന് പ്രത്യേക സൗന്ദര്യം ഉണ്ട്. വെള്ളച്ചാട്ടത്തില്‍ കുളിക്കാം. പക്ഷേ, കാല്‍വഴുക്കാതെ നോക്കണം. നെല്ല് സംഭരിക്കാനും ഉണങ്ങാനുമുള്ള ഇടമാണ് കളം. ഈ കളത്തില്‍ നിന്നാല്‍ നമ്മെ തഴുകി കാറ്റ് കടന്നുപോകും. തലമുറകളായി ഉപയോഗിച്ച് വന്നിരുന്ന കളം, നെല്ല് എന്താണെന്ന് അറിയാത്ത പുതുതലമുറയ്ക്ക് പാഠശാലയാണ്. കൊല്ലങ്കോട് വാമല മുരുകന്‍ ക്ഷേത്രം സിനിമകളിലൂടെ പ്രശസ്തമാണ്. ഹൃദയം സിനിമയിലും ദീപസ്തംഭം മഹാശ്ചര്യം, കുഞ്ഞിരാമായണം തുടങ്ങിയവയിലും ഇവിടമുണ്ട്. പ്രഭാതത്തില്‍ എത്തിയാല്‍ സൂര്യന്‍ ഒരു പൂവിതള്‍ അടര്‍ന്നുവീഴുംപോലെ ക്ഷേത്രത്തിന് മീതേയ്ക്ക് പതിക്കുന്ന അനുഭൂതിയുണ്ടാകും. മനസ് അതിശാന്തമാകാന്‍ അല്‍പ്പനേരം നിന്നാല്‍ മതി.

യാത്രക്കുള്ള ക്രമം: പാലക്കാട് നിന്ന് തസ്രാക്ക്, കുടിലിടം, മുതലമട, ചെല്ലന്‍ചേട്ടന്റെ കട, പ്രകൃതി ക്ഷേത്രം, പെരിങ്ങോട്ടുശേരി കളം, സീതാര്‍കുണ്ട്, വാമല.