വള്ളിയൂര്‍ക്കാവിലെ മഹോത്സവമാണ് വയനാടിന്റെയും ദേശീയ ഉത്സവം. കാലത്തെയും കാഴ്ചകളെയും ഇണക്കിചേര്‍ത്ത് കാവ് ജനഹൃദയങ്ങളിലലിയുന്നു...

To advertise here,

ചുട്ടുപൊള്ളുന്ന  വേനലിന്റെ ദാഹം തീര്‍ത്ത് പെയ്യുന്ന പുതുമഴയുടെ താളം പിടിച്ചാണ് പണ്ടൊക്കെ കാവിലെ ആറാട്ടുത്സവവും നടക്കുകയെന്നാണ് പഴമക്കാര്‍ പറയുക. വരണ്ടുകിടക്കുന്ന കൃഷിയിടത്തിലേക്ക് നനവെത്തുന്ന ഈ കാലം വള്ളിയൂര്‍ക്കാവിന്റെ കലണ്ടറിലും അലിഖതമായൊരു കൂട്ടിചേര്‍ക്കലാണ്. വളളിയൂര്‍ക്കാവ് അങ്ങിനെ വയനാടിന്റെ  കാര്‍ഷിക ഭൂപടത്തിലും ഒരു കാലത്തെ എഴുതി ചേര്‍ക്കുന്നു. കാളകള്‍ കലപ്പകളുമായി ഉഴുതുമറിച്ച വയലുകള്‍ കടന്ന് കാല്‍നടയായും വയല്‍നാടുകളില്‍ നിന്നും കാവിലേക്കുള്ള വഴികള്‍ നീണ്ടുപോയിരുന്നു. നെല്ലും കാപ്പിയും  കുരുമുളകുമെല്ലാമായി സമൃദ്ധമായൊരു വിളവെടുപ്പ് കാലവും കഴിഞ്ഞാണ് കര്‍ഷകനാടിന്റെ കുടുംബത്തോടെയുള്ള കാവിലേക്കുള്ള പോക്ക്. കാവിലെ ഉത്സവത്തിനായി ഒരു ചെറുസമ്പാദ്യവും മുന്നേ കരുതുന്നായിരുന്നു ശീലം. ഇതിനായി വീടിന്റെ മുളയുത്തരത്തിലും ദ്വാരമിട്ട് നാണയങ്ങള്‍ കരുതിവെക്കുമായിരുന്നു. കാവിലെത്തിയാല്‍ കുളിച്ചുതൊഴണം. താഴെക്കാവിന് മുന്നിലെ കബനിയില്‍ മുങ്ങി നിവര്‍ന്ന് അമ്മായത്തില്‍ മത്സ്യഊട്ടും നടത്തിയാണ് പാതി ഈറനായി മേലെക്കാവിലെ ഭഗവതിക്ക് മുന്നിലെത്തുക. പിന്നെ കാവിലെ കഞ്ഞിയും കഴിഞ്ഞായിരിക്കും മടക്കം. മടങ്ങുമ്പോള്‍ താഴെക്കാവില്‍ പരന്നുകിടക്കുന്ന ഉത്സവ ചന്തയിലും പോകണം. പുല്‍പ്പായ മുതല്‍ കഞ്ഞിവെക്കാനുള്ള കലങ്ങള്‍ വരെയും നിരത്തി കാവിലെ ചന്തയും നിറമണിഞ്ഞ് നില്‍ക്കും. പണിയായുധങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, മല്ല് തുണികള്‍ എന്നിങ്ങനെ ചന്തയില്‍ എല്ലാമുണ്ടാകും. അടുത്ത വര്‍ഷം കാവില്‍ ഉത്സവം വരുന്നത് വരെയും ഈ വാങ്ങുന്നതെല്ലാം കൊണ്ടാണ് കഴിയേണ്ടിയും വരിക. രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ആറാട്ട് മഹോത്സവത്തില്‍ ഒരിക്കല്‍ മാത്രമല്ല. രണ്ട് മൂന്ന് തവണയെങ്കിലും പോകണം എന്നാലേ മനസ്സ് നിറയു. 

ആറാട്ടുത്സവത്തിനായി കാവിലെത്തിയാല്‍ എഴുന്നെള്ളത്തെല്ലാം കണ്ട് പുലര്‍ച്ചെയുള്ള വെടിക്കെട്ടിനും സാക്ഷ്യം വഹിച്ചായിരുക്കും ആയിരങ്ങളുടെ വീട്ടിലേക്കുള്ള മടക്കയാത്രകള്‍. പിറ്റേന്ന് രാവിലെ താഴെക്കാവില്‍ നടക്കുന്ന കോലകൊറ ചടങ്ങുകള്‍ക്കും സാക്ഷ്യം വഹിക്കുകയെന്നതും നിഷ്ഠകളായിരുന്നു. പ്രകൃതിയും അനുഷ്ഠാനങ്ങളും ഇടകലര്‍ന്ന ജീവിത ചിന്തകളില്‍ നിന്നുമായിരുന്നു വള്ളിയൂര്‍ക്കാവും ഇങ്ങനെയൊക്കെ  ഈ നാടിന്റെ ചിരപ്രതിഷ്ഠകളായി മാറിയത്. ജന്മികള്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, ആദിവാസികള്‍ എന്നിങ്ങനെ കാലം വിഭജിച്ചെടുത്ത പുരാവൃത്തങ്ങളില്‍ എല്ലാവരും കാവിലെ ഉത്സവത്തിന് ഒരുമിക്കുന്നതായിരുന്നു കാഴ്ചകള്‍. കൊടിയേറ്റം നടത്താന്‍, ഉത്സവം നടത്താന്‍ അങ്ങിനെ എല്ലാവരും വേണ്ടിയിരുന്ന കാവ് എല്ലാവരുടേതുമായി മാറുകയായിരുന്നു.

കബനിയുടെ തീരത്തൊരു കാവ്

പാട്ടുപുരയും നാഗങ്ങളിഴയുന്ന മണിപുറ്റും അമ്മായത്തിലെ മത്സ്യങ്ങളുമെല്ലാം വള്ളിയൂര്‍ക്കാവിന്റെ വിശ്വാസങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നു. കബനിയുടെ കൈവഴിയിലെ അമ്മായത്തില്‍ മത്സ്യങ്ങളെ ഊട്ടി താഴെക്കാവിലെ പാട്ടുപുരയുടെ മുന്നിലുള്ള മണിപുറ്റിനെ വലംവെച്ച് മേലെ കാവിലെ വള്ളിയൂരമ്മ സന്നിധിയിലെത്തുന്നതാണ് പഴമക്കാരുടെയും ശീലം. ഏതുവേനലിലും അമ്മായത്തില്‍ വെള്ളം നിറഞ്ഞു നിന്ന കാലം. ഉത്സവത്തിനായാലും അല്ലെങ്കിലും കുളിച്ചുതൊഴല്‍ പതിവാക്കിയവര്‍ ഈ കാവിന്റെ പുണ്യമായിരുന്നു. വയനാടിന്റെ ദേശീയ ഉത്സവമെന്നതിലുപരി ആറാട്ട് ഉത്സവത്തിന് അന്യദേശത്തുനിന്നും ധാരാളം പേര്‍ മുടങ്ങാതെ എത്തുന്നതിനു പിന്നിലും ഈ അനുഭവങ്ങളുടെ കുളിരുണ്ട്. തലമുറകളിലേക്ക് സന്നിവേശിക്കപ്പെട്ട ആത്മീയഭാവമാണിത്. കോട്ടയം രാജവംശവുമായി ബന്ധപ്പെട്ടതാണ് വള്ളിയൂര്‍ക്കാവിന്റെ ചരിത്രം. വള്ളിയില്‍ തൂങ്ങിക്കിടക്കുന്ന വാളുമായി ബന്ധപ്പെട്ടതാണ് ഐതീഹ്യം. ജലദുര്‍ഗ്ഗയായും വനദുര്‍ഗ്ഗയായും വളളിയൂരമ്മ കുടികൊള്ളുന്നു.

 കൊടുങ്ങല്ലൂരമ്മയുടെ കോമരമായ വടക്കേള നമ്പ്യാരും സഹയാത്രികനും ഭരണി തൊഴാനായി പോകുന്ന വഴി വയനാടിന്റെ വനാന്തര്‍ഭാഗത്തുള്ള ഗ്രാമങ്ങളില്‍ നിന്നും വഴിപാടുകള്‍ സ്വീകരിച്ചിരുന്നു. യാത്ര മധ്യേ ക്ഷീണിതരായ ഇവര്‍ കബനീ തീരത്തുള്ള വനത്തില്‍ വിശ്രമിച്ചു. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ തിരുവായുധമായ വാള്‍ മരച്ചുവട്ടില്‍ വെച്ച ശേഷം കബനിയില്‍ കുളിച്ച് ഭക്ഷണം പാകം ചെയ്ത് കഴിച്ചശേഷം ഇവര്‍ അല്‍പ്പമൊന്നുമയങ്ങി പോയി. ഉണര്‍ന്നതും വാള്‍ കാണാനില്ല. വടക്കേള നമ്പ്യാരും സഹയാത്രികനും ഇതോടെ പരിഭ്രമത്തിലായി. ആദിവാസിയായ കാലിനോട്ടക്കാരനെയും കൂട്ടി ഇവര്‍ വാള്‍ തിരഞ്ഞിറങ്ങി. ഈ സമയം തൊട്ടടുത്ത മരത്തില്‍ പടര്‍ന്ന് കയറിയ വള്ളിയില്‍ വാള്‍ തൂങ്ങി കിടക്കുന്നതായി ഇവര്‍ കണ്ടെത്തി. ഊരിയെടുക്കാന്‍ വേണ്ടി ഇവര്‍ വാളില്‍ സ്പര്‍ശിച്ചപ്പോള്‍ ഇടിമുഴക്കവും മേഘാവൃതവുമായി പ്രകൃതി സംഹാര രുദ്രയായി. ഇതിനിടയില്‍ ഒരു അശിരീരി മുഴങ്ങി. 'ഭക്താ ഞാന്‍ ഇവിടെ കുടികൊള്ളാന്‍ ആഗ്രഹിക്കുന്നു. നീ കുളിച്ച പുഴയില്‍ ജല ദുര്‍ഗ്ഗയായും വാളിരിക്കുന്നിടത്ത് ശ്രീമൂല സ്ഥാനമായും വടക്ക് കുന്നിന്‍ മുകളില്‍ സ്വയം ഭൂ ശിലാസ്ഥാനത്ത് ഭദ്രകാളിയായും ഞാനുണ്ടാകും.!' അന്നു മുതലാണ് വയനാടിന്റെ പൈതൃകം വള്ളിയൂരമ്മയുടെ അനുഗ്രഹം തേടി ഈ കാവില്‍ എത്തിതുടങ്ങിയത്. മഴ നനയുന്ന ശ്രീകോവിലും പച്ചപ്പിന്റെ കൂടാരങ്ങളും കാവിന്റെ വിശുദ്ധിയായി.

മഴക്കാലമായാല്‍ താഴെ കാവിലെ പാട്ടുപുരയും മണിപുറ്റുമെല്ലാം വെള്ളത്തില്‍ മുങ്ങും. ജല ദുര്‍ഗ്ഗയുടെ ആശ്ലേഷണമായി ഇതിനെ കാണുന്നവരുണ്ട്. ഒരിക്കല്‍ ഒരു മഴക്കാലത്ത് പാട്ടുപുരയില്‍ വെള്ളം കയറിയിറങ്ങിയപ്പോള്‍ ഇതിനുള്ളില്‍ ഒരു മത്സ്യവും അകപ്പെട്ടുപോയി. ഈ മത്സ്യ ദേവതയെ കമ്മലണിയിച്ചാണ് അന്ന് യാത്രയാക്കിയത്. പ്രകൃതി ഭാവങ്ങളുമായി അത്രയധികം ഇഴയടുപ്പമുള്ള കാവിന് ഇത്തരത്തില്‍ എത്രയോ വിസ്മയങ്ങളുണ്ട്. കാലം മാറി സംസ്‌കൃതിയുടെ ഇന്നലെകള്‍ ഈ ഓര്‍മ്മകളെയെല്ലാം പുരാണത്തിലേക്ക് കുടിയിരുത്തി. പുതു തലമുറയിലെ പലര്‍ക്കും ഈ പൗരാണികതയുടെ വിസ്മയങ്ങള്‍ ആശ്ചര്യമായേക്കാം. ഇതിനടയിലും മാറ്റത്തിനെ പിന്തള്ളി കാവ് വയനാടിന് കുട ചൂടി തന്നെ നില്‍ക്കുന്നു.

മാറിയ കാവ്.. മാറുന്ന കാലം 

കാലത്തിന്റെ മാറ്റം കാവിനും വന്നു. അനുഷ്ഠാനങ്ങളെല്ലാം അതിന്റെ ധന്യതയോടെ തന്നെ മുന്നേറുമ്പോഴും കാവ് ഇന്ന് മാറിയ കാലത്തിന്റെ ഉത്സവ നിറവിലാണ്. ഉത്സവനഗരിയും വിപണിയുമെല്ലാം വര്‍ഷം തോറും പുതുമകളെ പുണരുന്നു. കാര്‍ഷിക നാടെന്ന വിലാസം പതിയെ പതിയെ എപ്പോഴോ കൈവിട്ടുപോയ വയനാടിന്റെ നെല്ലറകളെല്ലാം ശൂന്യമാകുന്ന കാലത്ത് ഈ ഉത്സവങ്ങള്‍ക്കൊന്നും അതിന്റെ നിറമില്ലെന്ന് പഴമക്കാര്‍ പറയും. കലപ്പയും നുകവും കാര്‍ഷിക ഉപകരണങ്ങളുമെല്ലാം വില്‍ക്കുന്ന ചന്തകള്‍ക്കും പ്രസക്തിയില്ലാതായി. അടിമുടി മാറിയ ഉത്സവ ചന്തയില്‍ ഇവയുടെയെല്ലാം സ്ഥാനം മറ്റുള്ളവര്‍ അപഹരിച്ചു. മണ്‍കലങ്ങളും ചട്ടികളും കത്തിയുമെല്ലാം ചൂടപ്പം പോലെ വിറ്റുപോയ ചന്തകളില്‍ ഇവയൊന്നും തിരഞ്ഞുവരാനും ആളുകളില്ലാതായി. കാവിലെ ഉത്സവപറമ്പുകളിലേക്ക് മാത്രമായി ചുരം കയറി വന്ന പാണ്ടിക്കലം കച്ചവടക്കാരെയും കാണാതായി. മുളയും ഓടയും ചേര്‍ത്ത് കുട്ടയും വട്ടിയുമെല്ലാം മെടഞ്ഞ് വിറ്റ് ഒരു തുക സമ്പാദിച്ചവരെയും കാണാനേയില്ല. കല്ലുമാലയും കമ്മലും മുറുക്കാന്‍ സഞ്ചിയുമെല്ലാം തൂക്കിയിട്ട ചന്തയുടെ പെരുമകള്‍ ഇന്ന് പഴയ തലമുറയുടെ കാവ് ഓര്‍മ്മകളുടെ അറകളിലേക്ക് മാത്രം ചുരുങ്ങി. ഇന്ന് കാവിലെ ഉത്സവ ചന്തയ്ക്ക് രുചിഭേദങ്ങളുടെയും ആഘോഷത്തിന്റെയും വിഭിന്നഭാവങ്ങളുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരു പോലെ ആസ്വദിക്കാനുള്ള അമ്യൂസ്‌മെന്റുകളുടെയും ലോകമാണിത്. അതിനൊപ്പം ചന്തകളും മാറി. പ്രദര്‍ശന വിപണന സ്റ്റാളുകളുടെയും വേലിയേറ്റത്തില്‍ തുടിയും വാദ്യങ്ങളുമൊന്നുമില്ലാതെ ഇരിക്കാനും നില്‍ക്കാനും ഇടമില്ലാതെ ഒറ്റപ്പെട്ടുപോയവരുടെ കൂട്ടത്തിലാണ് ആദിവാസി കൂടുംബങ്ങളുടെയും കാവ് കാഴ്ചകള്‍. എങ്കിലും കാവിലെ ഉത്സവത്തിന് നിറം പകരാന്‍ എല്ലാവരുമെത്തും. കാവ് തുടങ്ങിയാല്‍ പതിനാല് ദിവസവും കുടുംബത്തോടെ കാവിലമ്മയുടെ സന്നിധിയിലെത്തുകയെന്നതാണ് ഇവരുടെയും ഇഷ്ടം. ആറാട്ടുത്സവത്തിന്റെ പിറ്റേന്ന് കാവില്‍ നിന്നുള്ള കൂട്ടത്തോടെയുളള മടക്കവും ചരിത്രത്തില്‍ ഇടം തേടിയതാണ്. 

വയനാടിന്റെ ചരിത്രത്തിലും അഭ്രപാളികളിലുമെല്ലാം പണ്ട് കാലം മുതലെ അടയാളപ്പെടുത്തിയതാണ് വള്ളിയൂര്‍ക്കാവും അതിനോട് ചേര്‍ന്ന പരിസരങ്ങളും. അധികമൊന്നും ഉത്സവങ്ങളുടെ നിറമില്ലാതിരുന്ന വയനാട്ടില്‍ കാവ് കാണാക്കാഴ്ചകളുടേതുമായിരുന്നു. ചവിട്ടികറക്കുന്ന മര ഊഞ്ഞാലുകള്‍, മരണക്കിണറുകള്‍, ഒട്ടകവും ആനയും സിംഹവുമെല്ലാമുള്ള സര്‍ക്കസ് കൂടാരങ്ങള്‍ എന്നതെല്ലാം കാണണമെങ്കില്‍ കാവിലെ ചന്തയില്‍ തന്നെ വരണമെന്നതായിരുന്നു ഒരു കാലം. അതില്‍ നിന്നെല്ലാം കാവ് കൊല്ലം തോറും കാഴ്ചകളെ മാറ്റിയെഴുതിക്കൊണ്ടിരുന്നു. കാവിന്റെ മാറ്റങ്ങള്‍ വയനാടിന്റെ മുന്നേറ്റത്തിന്റെയും നേര്‍ക്കാഴ്ചകളായി മാറുകയായിരുന്നു. മര ഊഞ്ഞാലുകള്‍ കൂറ്റന്‍ യന്ത്ര ഊഞ്ഞാലുകളായി മാറി. ഉത്സവചന്തയെല്ലാം ഹൈടെക് യുഗത്തില്‍ വര്‍ണ്ണലോകമായി. അതിവേഗം പായുന്ന റീല്‍സുകള്‍ക്കൊപ്പം കാവിന്റെ കാഴ്ചകളും ഇന്ന് അത്രയും സ്മാര്‍ട്ടായി മാറി. അപ്പോഴും ഉയര്‍ന്നുകേള്‍ക്കാം കാവിന്റെ കാല്‍പ്പനികതകളുമായി പഴയ പാട്ടുകള്‍. വള നല്ല കുപ്പിവള വാങ്ങിത്തരാന്‍ ഞാന്‍.. മാല നല്ല കല്ലുമാല വാങ്ങിത്തരാന്‍ ഞാന്‍.... കിളികള്‍ വളകിലുക്കുന്ന വളളിയൂര്‍ക്കാവ് എന്നിങ്ങനെയുള്ള ഈരടികളെല്ലാം കാവിന്റെ കാഴ്ചകളുമായി ചേര്‍ന്നതാണ്. പി.വത്സലയുടെ നെല്ല് നോവലിലും വള്ളിയൂര്‍ക്കാവിന് ദേശാന്തര പ്രശസ്തി കൈവന്നു. അക്കാലം മുതലെല്ലാം താഴെ നാടുകളില്‍ നിന്നെല്ലാം തുടര്‍ച്ചയായി ഉത്സവത്തിന് കാവിന്റെ സന്നിധിയിലെത്താന്‍ ആളുകളും കൂടി വന്നു. അങ്ങിനെ അങ്ങിനെ വയനാടിന്റെ ദേശീയോത്സവത്തിനും കേരളത്തിന്റെ ഉത്സവങ്ങളുടെ കലണ്ടറുകളില്‍ ഒരിടമായി. 

അതിരുകളില്ലാത്ത ദേശങ്ങളുടെ സംഗമം

ആനയും അടിയറകളുമായി ദേശങ്ങള്‍ സംഗമിക്കുന്നതാണ് വള്ളിയൂര്‍ക്കാവിലെ ആറാട്ട് മഹോത്സവം. ജാതിയുടെയും മതങ്ങളുടെയും അതിരുകളില്ലാതെ വയനാടിന്റെ മനസ്സ് മുഴുവന്‍ ആറാട്ടുത്സവത്തില്‍ ലയിച്ചുചേരും. വിവിധ ദേശങ്ങളില്‍ നിന്നും കാലങ്ങളായി കാവിലേക്ക് എത്തുന്ന അടിയറകളെല്ലാം ഇതിനുള്ള സാക്ഷ്യമാണ്. കാവില്‍ ഉത്സവം കൊടിയേറിയാല്‍ ഓരോ ദേശങ്ങളും ഒരുങ്ങി തുടങ്ങും. തലപ്പുഴ ചിറക്കര ജെസ്സി തേറ്റമല തുടങ്ങി ഉപ ക്ഷേത്രങ്ങളും വളളിയൂര്‍ക്കാവിന്റെ ശ്രേഷ്ഠമായ ഉത്സവത്തിനായി തയ്യാറെടുക്കും. പതിനാല് ദിവസം നീണ്ടുനില്‍ക്കുന്ന അന്നദാനം മുതല്‍ കാവ് സമാനതകളില്ലാത്ത അനുഭമായി മാറും.

ഒരേ സമയം വള്ളിയൂര്‍ക്കാവിന്റെ ഉത്സവത്തിന്റെ തുടര്‍ച്ചകളാണ് വയനാട്ടുകാര്‍ക്ക് വാരാമ്പറ്റ പള്ളിയിലെ നേര്‍ച്ചയും. ജാതിമത ഭേദമന്യേ പങ്കെടുക്കുന്ന നേര്‍ച്ചയ്ക്ക് ശേഷം വള്ളിയൂര്‍ക്കാവിലെ ആറാട്ടിനായി പോകുന്ന ജനതയും മാനവികതയുടെ പുണ്യങ്ങളാണ്. പള്ളിക്കുന്ന് പള്ളിയിലെ നേര്‍ച്ചയും ഇതിന് സമാനമായ മൈത്രിയുടെ സന്ദേശമാണ് വിതറുന്നത്. വള്ളിയൂര്‍ക്കാവിലെ ആറാട്ട് മഹോത്സവം കൊടിയിറങ്ങുന്നതോടെ വയനാടിന്റെ ഉത്സവങ്ങളും തീരുകയായി. പിന്നെ കൃഷിയിടത്തില്‍ മഴ കഴിയുന്നത് വരെയും ഇടവേളകളില്ലാത്ത അധ്വാനത്തിന്റെ നിര്‍വൃതിയിലാരിക്കും വയനാടന്‍ ജനത. ഓണം കഴിഞ്ഞ് നേരം പുലരുന്നതോടെ വീണ്ടും ഈ നാട്ടില്‍ ഉത്സവങ്ങള്‍ തുടങ്ങുകയായി. പിന്നെ വരുന്ന കാവിലെ ഉത്സവത്തിനായി വയനാടും കാത്തിരിക്കുന്നു.