രാമായണകഥകള്‍ പോലെ ഒരു ദേശം. വഴി നീളെ രാമായണത്തിന്റെ അടയാളങ്ങള്‍. സീതാദേവിയും വനവാസ ജീവിതവും വാത്മീകാശ്രമവും ഭൂമി പിളര്‍ന്ന് സീതാദേവി അന്തര്‍ധാനം ചെയ്ത സ്ഥലങ്ങളുമെല്ലാം വരച്ചിടുന്ന വയനാടന്‍ വഴികള്‍. കറുത്തിരുണ്ട കര്‍ക്കടകത്തിലെ രാത്രിക്ക് രാമായണത്തിന്റെ ഈണങ്ങള്‍ താളം പിടിക്കുന്നു. രാമായണമാസം വയനാടിന്റെ മനസ്സിലും പുണ്യം നിറയ്ക്കുകയാണ്. ആത്മവിശുദ്ധിയുടെ ഗുണപാഠങ്ങളില്‍ രാമായണകഥകള്‍ പോലെ പെയ്തിറങ്ങുന്ന പൈതൃകങ്ങളുടെ പരിക്രമണങ്ങള്‍ ഈ മഴക്കാലത്തിന്റെയും കുട ചൂടുന്നു. പുല്‍പ്പള്ളിയിലെ സീതാലവകുശ ക്ഷേത്രത്തില്‍നിന്നു തുടങ്ങുന്നു വയനാടിന്റെ രാമായണ പുണ്യത്തിന്റെ ആത്മീയ വഴിത്താരകള്‍. പുരാണത്തിലെ രാമായണ കഥകള്‍ ഇതള്‍ വിരിയുന്ന വനവാസക്കാലം. പുകഴ്‌പെറ്റ സംസ്‌കൃതിയുടെ തുടര്‍ച്ചകള്‍ ഈ നാടിന്റെയും അടയാളങ്ങളാണ്. വേട സംസ്‌കൃതിയും ജൈന സംസ്‌കൃതിയുമെല്ലാം പങ്കിട്ടെടുത്ത വയനാടിന്റെ ആത്മീയ മണ്ഡലത്തില്‍ വേറിട്ടതാണ് പുല്‍പ്പള്ളിയിലെയും പരിസരങ്ങളിലെയും പുണ്യ പുരാതന ക്ഷേത്രങ്ങള്‍.

To advertise here,

ചുറ്റമ്പലമില്ലാത്ത ക്ഷേത്രം 

ചുറ്റമ്പലമില്ലാത്ത സീതാലവകുശ ക്ഷേത്രം രാമായണമാസത്തിന്റെ പകരമില്ലാത്ത നിര്‍വൃതിയിലാണ്. ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന വയനാടന്‍ മഴയുടെ വഴികള്‍ കടന്ന് ഈ ക്ഷേത്രദര്‍ശനത്തിന് ആളുകളെത്തുന്നു. ശ്രീകോവിലിലെ കല്‍വിഗ്രഹത്തിന്റെ ചുറ്റുമെരിയുന്ന സന്ധ്യാദീപങ്ങളുടെ പ്രഭയില്‍ രാമയണത്തിന്റെ വരികള്‍ പ്രതിധ്വനിക്കുന്നു. മൂന്നോളം തട്ടുകളായുള്ള ശ്രീകോവിലില്‍ മാലയും പട്ടുകളുമണിഞ്ഞ് ദേവിയുടെ വിഗ്രഹം. കിഴക്കോട്ട് ദര്‍ശനം നല്‍കിയാണ് സീതാദേവിയുടെ ശ്രീകോവില്‍. ശംഖുചക്രമേന്തിയ ദേവിയാണ് പ്രതിഷ്ഠ. ശ്രീകോവിലിന്റെ പടിഞ്ഞാറ് ദര്‍ശനമായി ലവകുശന്‍മാരെയും പ്രതിഷ്ഠിച്ചിരിക്കുന്നു. മുനികുമാരന്‍മാരായ ഇവര്‍ക്ക് മുരിക്കന്‍മാര്‍ എന്ന പേരിലാണ് പൂജാദികള്‍ ചെയ്യുന്നത്. 

placeholder
സീതാലവകുശ ക്ഷേത്രം | ഫോട്ടോ പി. ജയേഷ്​​​​​​

പുല്ലില്‍ പള്ളികൊണ്ട് ലവകുശന്‍മാര്‍ക്ക് ജന്മം നല്‍കിയ സീതാദേവിയാണ് ഈ നാടിന്റെ ഐശ്വര്യമാണെന്നാണ് വിശ്വാസം. അമ്മയായും ദേവിയായും തീര്‍ഥാടകര്‍ ഈ ക്ഷേത്രപ്രതിഷ്ഠയെ ഹൃദയത്തിലേറ്റു വാങ്ങുന്നു. കാട്ടിലുപേക്ഷിക്കപ്പെട്ട സീതയും പുത്രന്‍മാരായ ലവകുശന്‍മാരും കുടിയിരിക്കുന്ന ക്ഷേത്രമെന്ന നിലയില്‍ സീതാ ലവകുശ ക്ഷേത്രത്തിന്റെ ഖ്യാതിയും നാടാകെ പടര്‍ന്നതാണ്. രാമായണ കഥകളിലെ സീതാദേവിയുടെ ജീവിതമുഹൂര്‍ത്തങ്ങളാണ് പുല്‍പ്പള്ളിയിലും പരിസരങ്ങളിലുമായി ചിതറക്കിടക്കുന്നത്. ശ്രീരാമനാല്‍ പരിത്യജിക്കപ്പെട്ട സീതാദേവിയുടെ ജീവിതകാലമാണ് ഈ ക്ഷേത്രങ്ങളെല്ലാം പങ്കുവെക്കുന്നത്. വാത്മീകാശ്രമം, സീതയുടെ കണ്ണീരായ പൊന്‍കുഴി തീര്‍ത്ഥം, കന്നാരംപുഴ, സീതദേവി ഭൂമിയെ പിളര്‍ന്ന് പോയ വനമധ്യത്തിലെ കാവ്, ലവകുശന്‍മാര്‍ കളിച്ചുവളര്‍ന്ന ശിശുമല, വാത്മീകി മഹര്‍ഷി തപസ്സുചെയ്ത മുനിപ്പാറ എന്നിവയെല്ലാം ചേര്‍ന്നതാണ് പുല്‍പ്പള്ളിയിലെ രാമായണത്തിന്റെ വഴിത്താരകള്‍.

ചേടാറ്റിന്‍കാവിലെ സീതായനം 

placeholder
ചേടാറ്റിന്‍കാവ്  | ഫോട്ടോ പി. ജയേഷ്

പുല്‍പ്പളളിയുടെ രാമായണകഥകളുടെ വേരുകള്‍ തുടങ്ങുന്നത് ചേടാറ്റിന്‍ കാവില്‍ നിന്നാണ്. അശ്വമേധയാഗത്തിന്റെ വിജയത്തിനായി ശ്രീരാമന്‍ അയച്ച അശ്വത്തെ ലവകുശന്‍മാര്‍ പിടിച്ചുകെട്ടി. അശ്വത്തെ പിന്തുടര്‍ന്നെത്തിയ ലക്ഷ്മണപുത്രനായ ചന്ദ്രകേതുവിന് അശ്വത്തെ സ്വതന്ത്രമാക്കാന്‍ കഴിഞ്ഞില്ല. ഇതറിഞ്ഞ് അശ്വത്തെ പിടിച്ചുകെട്ടിയത് ആരെന്നറിയാന്‍ എത്തിയ ശ്രീരാമന്‍ തന്റെ പുത്രന്‍മാരായ ലവകുശന്‍മാരാണിതെന്നും തിരിച്ചറിയുന്നു. പിന്നീട് സീതയെയും പുത്രന്മാരെയും അയോധ്യയിലേക്ക് കൊണ്ടുപോകാന്‍ ശ്രീരാമന്‍ തീരുമാനിക്കുകയും ചെയ്യുന്നു.

പൊതുജന മധ്യത്തില്‍ ശുദ്ധയാണെന്ന് ഒരിക്കല്‍ കൂടി സത്യം ചെയ്യാന്‍ ഇഷ്ടമില്ലായിരുന്ന സീതാദേവി ഭൂമി പിളര്‍ന്ന് ഭൂമി മാതാവിലേക്ക് അന്തര്‍ധാനം ചെയ്തു. ഇതുകണ്ട ശ്രീരാമന്‍ സീതാദേവിയുടെ മുടിപിടിക്കുകയും മുടി അറ്റ് കൈയിലാവുകയും ചെയ്തു. ഇങ്ങനെ സീതാദേവിയെ മുടിയറ്റ, ജഡയറ്റ അമ്മയായി ഈ മണ്ണില്‍ പ്രതിഷ്ഠിക്കുകയായിരുന്നുവെന്നാണ് വിശ്വാസം. പില്‍ക്കാലത്ത് ഈ പേരുകള്‍ മൊഴിമാറി ചേടാറ്റിന്‍ കാവായി മാറുകയായിരുന്നു. ശ്രീരാമന്‍, സീതാദേവി, ലവകുശന്‍മാര്‍, ലക്ഷ്മണന്‍, ഭരതശത്രുഘ്‌നന്‍മാര്‍, വാത്മീകി മഹര്‍ഷി, ഹനുമാന്‍, ഉപദേവഗണങ്ങള്‍ ഇവരെല്ലാം ഒത്തുചേര്‍ന്ന ഇടമായും ചേടാറ്റിന്‍കാവിനെ കാണാം. ചേടാറ്റിന്‍ കാവില്‍ ദേവിയെ പ്രതിഷ്ഠിച്ച് ആരാധിച്ച് തുടങ്ങിയതിന് ശേഷമാണ് പുല്‍പ്പള്ളി നഗരത്തോട് ചേര്‍ന്ന് ക്ഷേത്രസമുച്ചയം നിര്‍മിക്കപ്പെടുന്നത്.
 
കഥപറയുന്ന വാത്മീകാശ്രമം

placeholder
വാത്മീകാശ്രമം | ഫോട്ടോ പി. ജയേഷ്

പ്രകൃതിയുടെ മടിത്തട്ടില്‍ വാത്മീകാശ്രമം കാലത്തോട് രാമായണ കഥപ റയുന്നു. ആശ്രമത്തറയും വിളക്കുവെക്കാനുള്ള ഒരിടവുമാണ് ഇവിടെയുളളത്. ഇതിന് സമീപത്താണ് വാത്മീകി തപസ്സനുഷ്ഠിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന മുനിപ്പാറയുമുള്ളത്. ചേടാറ്റിൻ കാവിന് സമീപത്ത് തന്നെയാണ് ഈ രണ്ടിടങ്ങളുമുള്ളത്. രണ്ടു പൂക്കള്‍ മാത്രം വിടരുന്ന മന്ദാരവൃക്ഷവും ലവന്റെയും കുശന്റെയും സാന്നിദ്ധ്യം ഇവിടെ അറിയിക്കുന്നതായി വിശ്വാസികള്‍ പറയുന്നു. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട സീതാദേവി ഈ വാല്മീകി ആശ്രമത്തില്‍ അഭയം തേടിയതായും ഇവിടെ വെച്ചാണ് ലവകുശന്‍മാര്‍ക്ക് ജന്മം നല്‍കിയതെന്നും ഐതിഹ്യമുണ്ട്. ലവകുശന്‍മാര്‍ കളിച്ചുവളര്‍ന്ന ഇടമായി ശിശുമലയും അറിയപ്പെടുന്നു. ആശ്രമക്കൊല്ലിയെന്ന പേരിന് പിന്നിലും രാമായണ കഥകള്‍ അകമ്പടിയേകുന്നു. 

നിറഞ്ഞു കവിയുന്ന കണ്ണീര്‍ത്തടാകം 

സീതാദേവിയെ കാടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട സ്ഥലമാണ് ഇന്നൊരു കണ്ണീര്‍ത്തടാകമായുള്ളത്. ഇവിടെയുള്ള വലിയ ആല്‍മരത്തണലിലാണ് സീതയെ ഉപേക്ഷിച്ചത്. ഇവിടെനിന്നു സീതയുടെ കണ്ണീരൊഴുകി ഇവിടെയൊരു തടാകമായി. മുത്തങ്ങയിലെ പൊന്‍കുഴി ഇങ്ങനെയാണ് രാമായണ കഥകളോട് ചേര്‍ന്ന് നില്‍ക്കുന്നത്. പച്ചപ്പായലുകളുമായി എന്നും നിറഞ്ഞുനില്‍ക്കുന്ന ഈ തടാകം കാട്ടിലുപേക്ഷിക്കപ്പെട്ട സീതയുടെ കണ്ണീരാണെന്ന് കാലം വിശ്വസിക്കുന്നു. ഇതിന് പുറമെ പുല്‍പ്പള്ളിക്കടുത്ത ചെതലയവും ഇരുളവും സീതാദേവിയുമായി ബന്ധമുള്ള രാമായണകഥകളുടെ ഇടങ്ങളാണ്. സീതയക്ക് ആലയം തീര്‍ത്ത സീതാലയം ചെതലയമായി മാറിയതായും, ഇരുളില്‍ സീത സമയം ചെലവിട്ട ഇടം ഇരുളമായി മാറിയതായും പറയപ്പെടുന്നു.

എങ്ങനെയെത്താം

കല്‍പ്പറ്റനിന്നു പുല്‍പ്പള്ളിക്ക് 58 കിലോ മീറ്ററാണ് ദൂരം. മാനന്തവാടിയില്‍നിന്ന് 28 കിലോ മീറ്റര്‍ സഞ്ചരിച്ചാലും പുല്‍പ്പള്ളിയെത്താം. പുല്‍പ്പള്ളി നഗരത്തിനോട് ചേര്‍ന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് ഒന്നര കിലോ മീറ്റര്‍ ചുറ്റളവിലാണ്‌ വാത്മീകാശ്രമവും ചേടാറ്റിന്‍കാവുമെല്ലാം സ്ഥിതി ചെയ്യുന്നത്.