മുനീശ്വരമുടിയുടെ നെറുകെയിലേക്ക് മഞ്ഞ് പെയ്തുവീഴുന്നത് ദൂരെനിന്നുകാണാം. തെളിഞ്ഞ ആകാശത്തിനുതാഴെ നരച്ച മുടികെട്ടിയ മുനീശ്വരന്‍ കാലത്തിന്റെ വിസ്മയമാണ്. താഴ്വാരത്തേക്ക് പരന്നുകിടക്കുന്ന നാടെല്ലാം കാലങ്ങള്‍കൊണ്ട് കാഴ്ചകളെ മാറ്റിമാറ്റി വരച്ചപ്പോഴും ഈ ഗിരിപര്‍വതം കാലത്തെ തോല്‍പ്പിച്ചുനില്‍ക്കുന്നു. ഇംഗ്‌ളീഷുകാര്‍ തുടങ്ങിയ തലപ്പുഴയിലെ തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെ മുനീശ്വരമുടിയിലേക്ക് സഞ്ചാരികളുടെ തിരക്കേറിവരുകയാണ്. അധികം പുറംലോകത്തിന് പരിചയമില്ലാത്ത മുനീശ്വരന്‍കുന്നിലേക്ക് വനംവകുപ്പ് സഞ്ചാരികളെ സ്വീകരിക്കാന്‍ തുടങ്ങിയിട്ട് ഏറെയായിട്ടില്ല. തുടക്കത്തിലുള്ള അസൗകര്യങ്ങളെയെല്ലാം മറികടന്ന് മലമുകളിലേക്കുള്ള പാതയടക്കം കോണ്‍ക്രീറ്റ് ചെയ്ത് മുനീശ്വരമുടിയുടെ കവാടത്തിന് മുന്നില്‍ വരെയും സഞ്ചാരികള്‍ക്ക് ഇപ്പോള്‍ വാഹനത്തിലെത്താം.

To advertise here,

ആകാശംതൊടുന്ന കാഴ്ചകള്‍

മഞ്ഞും മഴയും പുണരുന്ന മുനീശ്വരന്‍കുന്നിന് ഓരോ കാലത്തും വിഭിന്നഭാവങ്ങളാണ്. മഴക്കാലത്ത് മുഴുവന്‍ പച്ചപ്പട്ടുപുതച്ചുനില്‍ക്കുന്ന കാഴ്ചകള്‍. കാറ്റില്‍ ഉലയുന്ന തെരുവപ്പുല്ലുകള്‍ വകഞ്ഞുമാറ്റി മലയുടെ നെറുകയില്‍വരെയുമെത്താം. വേനല്‍ക്കാലത്താകട്ടെ, മുനീശ്വരമുടി സ്വര്‍ണവര്‍ണമണിയും. സദാ കാറ്റുവീശുന്ന ഗിരിനിരകളില്‍നിന്ന് താഴ്വാരത്തിലേക്കുള്ള കാഴ്ചകള്‍ പകരംവെക്കാനില്ലാത്ത വയനാടന്‍ കാഴ്ചകളാണ്. വിദൂരത്തേക്ക് വ്യാപിച്ചുകിടക്കുന്ന തേലിയത്തോട്ടങ്ങളുടെയും അങ്ങകലെയായി പടിഞ്ഞാറന്‍ ചെരിവില്‍ പശ്ചമിഘട്ട മലനിരകളും കാണാം. തെക്കുഭാഗത്തായി ബ്രഹ്‌മഗിരി മലനിരകളെയും അടുത്തുകാണാം. മൂന്ന് തട്ടുകളായാണ് മുനീശ്വരമലയുള്ളത്. ആദ്യം കോക്ക്പിറ്റുപോലെയുള്ള മുനമ്പില്‍നിന്ന് താഴ്വാരത്തേക്ക് കണ്ണുകളയക്കാം. ഇവിടെനിന്ന് ഒന്നാം മലയിലേക്കുള്ള കയറ്റം കയറാം. അതിനുമുകളില്‍ യഥേഷ്ടം വിശ്രമിക്കാനുള്ള ഇടങ്ങളുണ്ട്. ഇവിടെനിന്ന് അധികം കുത്തനെയല്ലാതെ രണ്ടാംമലയിലേക്കും തുടര്‍ന്ന് ഏറ്റവും ഉയരത്തിലുള്ള പോയിന്റിലുമെത്താം. പ്രായമുള്ളവര്‍ക്കുപോലും ട്രക്കിങ് നടത്താമെന്നതാണ് മുനീശ്വരമലയുടെ സവിശേഷത.

വയനാടിന്റെ വാഗമണ്‍

വലിയ തയ്യാറെടുപ്പുകളൊന്നുമില്ലാത്ത ട്രക്കിങ് അനുഭവങ്ങളാണ് സഞ്ചാരികളെ മുനീശ്വരമലയിലേക്ക് വരവേല്‍ക്കുന്നത്. വയനാടിന്റെ വാഗമണ്‍ എന്ന് മുനീശ്വരമുടിയെ വിശേഷിപ്പിക്കാം. വാഗമണിന് തുല്യമായ കാഴ്ചാനുഭവങ്ങളാണ് ഇവിടെയും സഞ്ചാരികളെയും കാത്തിരിക്കുന്നത്. ഇവിടെനിന്നുള്ള അസ്തമയക്കാഴ്ചകളാണ് ഏറ്റവും ഹൃദ്യം. ആദ്യത്തെ കാഴ്ചമുനമ്പില്‍ സൂര്യാസ്തമയം കാണാന്‍ മുമ്പില്‍ സ്ഥാനംപിടിച്ചവരുടെ ഒരു സംഘമുണ്ട്. ഗോതമ്പുപാടങ്ങളെപ്പോലെ മുന്നില്‍ സ്വര്‍ണനിറമെഴുതിയ പുല്‍മേടുകളെപ്പോലെ ആവേശം വാനോളം ഏറ്റുവാങ്ങി മലയുടെ മുകളില്‍ എത്തിയപ്പോള്‍ അതൊരു വലിയലോകമായി. അനേകം ശിഖരങ്ങളിലേക്ക് കാഴ്ചകള്‍ കോണായി മുറിഞ്ഞപ്പോള്‍ വയനാടിന്റെ വശ്യതയ്ക്ക് ആകെ ചുവന്നനിറമായി. തൊട്ടുപിറകില്‍ പച്ചയും മഞ്ഞയും പരവതാനി പുതച്ച ബ്രഹ്‌മഗിരിയുടെ സാമീപ്യവും മുനീശ്വരന്റെ വശ്യതയായി. മുനീശ്വരന്റെതായി ഒരു പ്രതിഷ്ഠയും ഇവിടെയുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ഇവിടെ ഉത്സവവും നടക്കാറുണ്ട്.

പ്രകൃതിസൗഹൃദ വിനോദ കേന്ദ്രം
പ്രകൃതിസൗഹൃദ വിനോദസഞ്ചാരത്തിന്റെ മറ്റൊരു കേന്ദ്രം എന്ന ലക്ഷ്യത്തിനായി സഞ്ചാരികള്‍ സഹകരിക്കണമെന്നാണ് വനംവകുപ്പിന്റെയും അഭ്യര്‍ഥന. പ്ലാസ്റ്റിക് ബോട്ടിലുകളും കവറുകളും ഭക്ഷണപ്പൊതികളുമെല്ലാം മലകയറാന്‍ വരുന്നവര്‍ ഒഴിവാക്കണം. പാരിസ്ഥിതിക പ്രാധാന്യമുള്ള മലനിരകളെ സംരക്ഷിക്കുക എന്ന ദൗത്യവും വിനോദസഞ്ചാരത്തോടൊപ്പം നിറവേറ്റപ്പെടണം. ഒരിക്കല്‍ പഴശ്ശിരാജയടക്കം തമ്പടിച്ചുവെന്ന് പറയപ്പെടുന്ന ഈ ഗിരിശൃംഗത്തില്‍നിന്ന് ഉറവയെടുക്കുന്ന നീര്‍ച്ചാലുകളിലൊന്ന് കബനിയുടെയും കൈവഴിയാണ്. കോരിച്ചൊരിയുന്ന മഴയത്തും ഈ മല കരുതിവെക്കുന്ന ജലമാണ് താഴെയുള്ളവരുടെ പാനപാത്രവും. രണ്ടു പ്രളയകാലത്തെയും പിന്നിട്ട് മുനീശ്വരമല ട്രക്കിങ് മുന്നേറുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 45 രൂപയും കുട്ടികള്‍ക്ക് 25 രൂപയും വിദേശസഞ്ചാരികളില്‍നിന്ന് 60 രൂപയുമാണ് പ്രവേശനഫീസ് ഈടാക്കുന്നത്.