ലബാറിലെ ഏറ്റവും വലിയ മ്യൂസിയം വയനാട് കുങ്കിച്ചിറയില്‍ തുറന്നതോടെ ഇവിടേക്ക് സന്ദര്‍ശകരും എത്തുകയായി. വയനാടിന്റെ ചരിത്രവും ജൈവ-കാര്‍ഷിക പൈതൃകങ്ങളുമെല്ലാം തൊട്ടറിയുന്ന വിധത്തില്‍ സജ്ജീകരിച്ച മ്യൂസിയം വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും സഞ്ചാരികള്‍ക്കും ഒരേപോലെ ഹൃദ്യമാണ്....

To advertise here,

ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ പഴശ്ശി രാജാവ് നാട്ടുസൈന്യങ്ങളെ സജ്ജമാക്കിയ ഭൂമികയിലാണ് മ്യൂസിയം ഉണര്‍ന്നത്. പതിറ്റാണ്ടുകളായള്ള കാത്തിരിപ്പിനൊടുവിലാണ് നാടിന് പ്രതീക്ഷയായി കുങ്കിച്ചിറ മ്യൂസിയം കഴിഞ്ഞ ദിവസം തുറന്നത്. ചരിത്രവും ജൈവ മണ്ഡലങ്ങളും സമ്മേളിക്കുന്ന കുഞ്ഞോം ജീന്‍പൂള്‍ മേഖയുടെ തണലുകളിലാണ് കുങ്കിച്ചിറ മ്യൂസിയം വരുംകാലത്തോട് വയനാടിന്റെ കഥകള്‍ പറയുന്നത്. മൂസിയം തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരത്തിലധികം സന്ദര്‍ശകര്‍ വയനാടിന്റെ സമ്പന്നമായ ചരിത്രം അറിയാനും മ്യൂസിയം കാണാനും ഇവിടെയെത്തി. മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മിയാണ് കുങ്കിച്ചിറയുടെ തീരത്ത് ഇങ്ങനെയൊരു മ്യൂസിയം എന്ന ആശയത്തിന് വിത്തുപാകിയത്. അക്കാലത്ത് തന്നെ തറക്കല്ലിട്ട് നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങുകയും ചെയ്‌തെങ്കിലും പിന്നീട് പലവിധ കാരണങ്ങളാല്‍ മ്യൂസിയം തുറക്കുന്നത് വൈകുകയായിരുന്നു. മ്യൂസിയം പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുന്‍ കൈയ്യെടുത്താണ് ഇപ്പോള്‍ കുങ്കിച്ചിറ മ്യൂസിയം യാഥാര്‍ത്ഥ്യമായത്.

മണ്ണില്‍ ചുട്ടെടുത്ത പൈതൃകം

തൊണ്ണൂറടിയോളം ഉയരത്തില്‍ ടെറാക്കോട്ടയില്‍ രൂപകല്‍പ്പന ചെയ്ത വയനാടന്‍ ഗോത്രജീവിതവും സംസ്‌കൃതിയും അടയാളപ്പെടുത്തുന്ന ത്രിമാന രൂപങ്ങളാണ് മ്യൂസിയത്തിലേക്ക് സഞ്ചാരികളെ വരവേല്‍ക്കുക. ഗോത്രസമൂഹത്തിന്റെ ജനനം മുതല്‍ മരണം വരെയുള്ള വിവിധ ഘട്ടങ്ങളിലൂടെയുള്ള ജീവിതസഞ്ചാരമാണ് ഈ മണ്‍ചുവരുകളിലെ പ്രതിപാദ്യം. കാടുമായി ഇഴുകിച്ചേര്‍ന്ന ആദിമ നിവാസികളും ഇവിടെ ഇതള്‍ വിരിഞ്ഞ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ഈ ചുമരുകളില്‍ മണ്‍ശില്‍പ്പങ്ങളായി ആലേഖനം ചെയ്തിരിക്കുന്നു. വയനാടന്‍ ഗോത്രവിഭാഗങ്ങള്‍ക്കെല്ലാം കൃഷിയുമായി ബന്ധമുള്ള ചരിത്രം കൂടിയാണ് പറയാനുള്ളത്. ജന്മി-അടിയാന്‍ ജീവിതത്തിന്റെ ഏടുകളിലെ കൃഷിയുടെ  വിവിധ ഘട്ടങ്ങളും അടയാളപ്പെടുത്തുന്ന അധ്യായങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിശാലമായ വയല്‍ക്കാഴ്ചകളുടെ ആകാശക്കാഴ്ചകളിലാണ് ഈ ശില്‍പ്പങ്ങളെല്ലാം നിറയുന്നത്. മ്യൂസിയം വകുപ്പിന് വേണ്ടി സുമേഷ് മുതിരേരിയാണ് ഈ ടെറക്കോട്ട ചുമര്‍ശില്‍പ്പങ്ങള്‍ മാസങ്ങളെടുത്ത് നിര്‍മ്മിച്ചത്. ഗോത്രവരകളും ചുമരുകളെ അലങ്കരിക്കുന്നു. 

വയനാടന്‍ ഗോത്രവീടുകള്‍

മണ്ണും ചാണകവും മെഴുകിയ ചുമരും തറകളുമുള്ള ഇറ താണ പുല്‍വീടുകള്‍. പോയ കാല വയനാടിന്റെ തനത് കാഴ്ചകളായിരുന്നു ഇതെല്ലാം. പല ഗോത്രവിഭാഗങ്ങളും വീട് നിര്‍മ്മാണത്തിലും വൈവിധ്യങ്ങള്‍ സൂക്ഷിച്ചിരുന്നു. ഈ വീടുകളെ അടുത്തറിയാനും കുങ്കിച്ചിറ മ്യൂസിയം വഴി തുറക്കുന്നു. വയനാട്ടിലെ ആദിവാസി വിഭാഗങ്ങളായ അടിയ, പണിയ, കുറിച്യവിഭാഗങ്ങളിലെ പരമ്പരാഗത വീടുകള്‍ കുങ്കിച്ചിറ മ്യൂസിയത്തിനുള്ളില്‍ ഇതേ മാതൃകയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ രംഗത്തെ വൈവിധ്യങ്ങള്‍ അതേപോലെ  സന്നിവേശിപ്പിക്കാന്‍ ഈ ഗോത്രങ്ങളുടെ മേല്‍നോട്ടത്തിലാണ് വീടുകളും കുടിലുകളും പുനര്‍നിര്‍മ്മിച്ചത്. പാരമ്പര്യത്തനിമയുള്ള പല കാഴ്ചകളും മാഞ്ഞുപോകുന്ന വയനാടന്‍ ഗോത്രഭൂമിയില്‍ ഈ മാതൃകകളെല്ലാം വരും കാലത്തിന് അടയാളമാകും. 

അടുത്തറിയാം കാര്‍ഷികജീവിതം

കൃഷിയില്ലാതെ വയനാടിന് ജീവിതമില്ലായിരുന്നു. ജൈവകൃഷിയുടെ താളം ഈ നാടിന്റെ ഓര്‍മ്മകളിലും ചരിത്രത്തിലും നിറയുന്നു. വയനാടിന്റെ പൈതൃകവും കേരളത്തിന്റെ ജൈവ-സാംസ്‌കാരിക പെരുമയും പ്രധാന ആശയമായി രൂപപ്പെടുത്തിയിട്ടുള്ള മ്യൂസിയത്തില്‍ ഈ മേഖലയ്ക്കും പ്രത്യേകം ഇടം നല്‍കിയിട്ടുണ്ട്. നെല്‍വിത്തുകള്‍, നേഞ്ഞില്‍, നുകം, പക്ക തുടങ്ങിയ കാര്‍ഷിക ഉപകരണങ്ങള്‍, മുളയില്‍ മെടഞ്ഞ കൊരമ്പക്കുടകള്‍, കുട്ടകള്‍, ചാടകള്‍, കൊമ്മകള്‍ തുടങ്ങിയ വയനാടിന് പോലും കൈമോശം വന്നികൊണ്ടിരിക്കുന്ന കാര്‍ഷിക പെരുമകള്‍ ഈ മ്യൂസിയത്തില്‍ സംരക്ഷിക്കപ്പെടുന്നു. നെല്ലും ജീവതവും ഇഴപിരിയുന്ന വയനാടിന്റെ സംസ്‌കാരവും കാടും കാട്ടുകിഴങ്ങുകളും സമ്മിശ്രമായ ഭക്ഷണരീതികളും നാട്ടറിവുകളും വംശീയവൈദ്യവുമെല്ലാം ഒരു പാഠ പുസ്തകത്തിലെന്ന പോലെ ഇവിടെനിന്നു വായിച്ചറിയാം. 

മാവേലി നാടിന്റെ കഥകള്‍ 

മാവേലി മണവ തെയ്യത്തിനെ ചതിച്ച് മണ്ണു മോഷ്ടിച്ച ദേവന്‍മാര്‍ ആ മണ്ണ് കൊണ്ട് മനുഷ്യരൂപങ്ങളെ സൃഷ്ടിച്ചെങ്കിലും അവയ്ക്ക് ജീവനുണ്ടായില്ല. ദേവന്‍മാര്‍ ഭീകരരൂപിയായ മാളിയെ കൊണ്ടുവന്ന് അവരെ ഭയപ്പെടുത്താന്‍ നോക്കി. ആ രൗദ്രരൂപത്തെ കണ്ട് ആത്തവ എന്ന് ഭയന്ന് നിലവിളിച്ചോടിയവരാണ് അടിയ ഗോത്രജനതയായത്. ഐതിഹ്യങ്ങളായും വാമൊഴിയായും പറഞ്ഞുപഴകിയ കഥകള്‍ ചേര്‍ത്ത് 'മാവേലി മന്റ'ത്തിന്റെ അധ്യായങ്ങളിലൂടെയുള്ള വയനാടന്‍ യാത്രയും ഇവിടെയുണ്ട്. ഗോത്രജീവിതത്തിന്റെ നിറമുള്ള പല കാഴ്ചകളും കഥകളും ഐതിഹ്യങ്ങളും പാട്ടുകളും വേഷവിധാനങ്ങളും ആഭരണങ്ങളുമെല്ലാം ഈ നാടിന്റെ വേറിട്ട കാഴ്ചകളാണ്. ഇതിനെക്കുറിച്ചെല്ലാമുള്ള വിവരണങ്ങള്‍ വരുകാലത്തിനും പുതുമയുളള അറിവുകളായി മാറും. പരമ്പരാഗത ആയുധങ്ങള്‍ തുടങ്ങി മീന്‍കൂടുകള്‍ വരെയും ഇവിടെ അടുത്തറിയാം. കഞ്ഞിയൂറ്റി മുതല്‍ പഴയകാല വയനാട് ഉപയോഗിച്ചിരുന്ന ഉറികള്‍ വരെയും ഇവിടെ  പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ജൈവവൈവിധ്യങ്ങളുടെ ലോകം

വയനാടിന്റെ ജൈവവൈവിധ്യങ്ങളെയും കുങ്കിച്ചിറ പരിചയപ്പെടുത്തുന്നുണ്ട്. മുക്കുറ്റി മുതല്‍ തുമ്പയും ശാതാവരിയുമുള്ള നാട്ടുവഴികളിലൂടെയുള്ള സഞ്ചാരമാണിത്. ഇവയെല്ലാം ഇവിടെ വേറിട്ട് എക്‌സിബിഷന്‍ സോണില്‍ ക്രമീകരിച്ചിട്ടുണ്ട്. അനേകം സസ്യജാലങ്ങളുടെ കലവറ കൂടിയാണ് കുഞ്ഞോം ജീന്‍ പൂള്‍ മേഖലകള്‍. ഇവിടെനിന്നും കുങ്കിച്ചിറ മ്യൂസിയം തയ്യാറാക്കല്‍ ജോലിക്കിടയില്‍ കണ്ടെത്തിയ ജലസസ്യത്തെയും  പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലാജേനാന്ദ്ര കുങ്കിച്ചിറി മ്യൂസിയാമെന്‍സിസ് എന്ന ശാസ്ത്രനാമമാണ് ഇതിന് ശാസ്ത്രലോകം പേരിട്ടിരിക്കുന്നത്. ചൂരല്‍മലയിലെ അരുവികളില്‍നിന്നാണ് ഈ സസ്യത്തെ കണ്ടെത്തിയത്. ആലപ്പുഴ സനാതന ധര്‍മ്മ കോളേജിലെ സസ്യശാസ്ത്രവിഭാഗം അധ്യാപകനായ ഡോ. ജോസ് മാത്യുവും കല്‍പ്പറ്റ സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ടെക്‌നിക്കല്‍ ഓഫീസര്‍ സലീം പിച്ചന്‍, ഹരിപ്പാട് സ്വദേശി കല്‍പ്പനമോള്‍ എന്നിവരാണ് ഈ സസ്യത്തെ കണ്ടെത്തിയത്. ആദ്യമായാണ് ഒരു മ്യൂസിയത്തിന്റെ പേരും സസ്യത്തിനോട് ചേര്‍ത്ത് വെക്കുന്നത്. ഇതോടെ കുങ്കിച്ചിറ മ്യൂസിയത്തിനും അന്തരാഷ്ട്ര തലത്തില്‍ ശ്രദ്ധ കൈവരികയാണ്. 

മൂന്ന് തലങ്ങളില്‍ വേറിട്ട കാഴ്ചകള്‍

പൈതൃക മ്യൂസിയം എന്ന പതിവു രീതികളില്‍നിന്നു മാറി വയനാടിന്റെ ജൈവൈവിധ്യങ്ങളെ നേരിട്ടറിയാനുള്ള വിധത്തിലാണ് കുങ്കിച്ചിറ മ്യൂസിയത്തെ വേറിട്ടതാക്കുന്നത്. മൂന്ന് സോണുകളിലായി 15 പവലിയനുകളിലായാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. ഒന്നാമത്തെ സോണില്‍ വയനാടിന്റെ ജൈവ-സാംസ്‌കാരിക പെരുമകള്‍ പ്രദര്‍ശിപ്പിക്കുന്നു. മലകളും വനങ്ങളും കാട്ടരുവികളും നിറഞ്ഞ ഭൂപ്രകൃതികളെയും സസ്യജന്തുജാല വൈവിധ്യങ്ങളെയും ഗോത്ര സമൂഹങ്ങളെയും ഇവിടെ നേരിട്ടറിയാം. ഗോത്ര പൈതൃകങ്ങളെ രണ്ടാമത്തെ സോണില്‍ വയനാട്ടിലെ വിവിധ ഗോത്രജനതയുടെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതചര്യകളും ആചാര അനുഷ്ഠാനങ്ങളും വിവിധ മാധ്യമങ്ങളിലൂടെ സന്നിവേശിപ്പിക്കുന്നു. പ്രകൃതിയുടെ താളം എന്ന ഉള്ളടക്കത്തില്‍ തയ്യാറാക്കിയിട്ടുള്ള മൂന്നാമത്തെ സോണില്‍ വയനാട്ടിലെ ഊരുകളും അവയുടെ നിലനില്‍പ്പും ഉപജീവനം വംശീയവൈദ്യം എന്നിവയെല്ലാം വിശദമാക്കുന്നു. 

ഐതിഹ്യങ്ങള്‍ ചരിത്രങ്ങള്‍

കുങ്കിച്ചിറയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ എട്ടു നൂറ്റാണ്ട് പിന്നിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രദേശത്തെ നാടുവാഴിയുടെ മകളായ കൊടുമല കുങ്കിയാണ് ഇവിടെ ഈ കുളം നിര്‍മ്മിച്ചത് എന്നാണ് ഐതിഹ്യം. ഇതിന്റെ തീരത്തായി ഒരു കോട്ടയും കുങ്കി പണികഴിപ്പിരുന്നു. സന്ധ്യാസമയത്ത് ഈ കുളത്തിന് നടുവിലുള്ള ദീപസ്തംഭത്തില്‍ കുങ്കി വിളക്ക് കൊളുത്തുന്നതായും വാമൊഴി പഴക്കത്തിലുണ്ട്. പഴശ്ശി രാജാവ് ഇംഗ്ലീഷ് സൈന്യത്തിനെതിരെ പടനീക്കങ്ങള്‍ ഒരുക്കിയ സ്ഥലവും കുങ്കിച്ചിറയുടെ പരിസരത്താണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ ഇംഗ്ലീഷ് സൈന്യംപോലും മനസ്സിലാക്കിയിരുന്നു. പഴശ്ശി വിപ്ലവങ്ങൾക്കു പടനീക്കങ്ങള്‍ നടന്ന പ്രധാന കേന്ദ്രവും ഇതുതന്നെയാണ്. കുങ്കിച്ചിറയുടെ രണ്ട് മലകൾക്ക്‌ അപ്പുറത്തായി പഴശ്ശിയെ ഇംഗ്ലീഷ് സൈന്യത്തിന് ഒറ്റുകൊടുത്ത 'ഒറ്റുപാറ' ഇന്നും കാടുമൂടി നില്ക്കുന്നു. മലയുടെ മുകളിലുള്ള ഈ പാറയുടെ മുകളില്‍നിന്നുമാണ് പഴശ്ശിയുടെ പടനീക്കങ്ങള്‍ ഒറ്റുകൊടുക്കപ്പെട്ടത്. പഴശ്ശി രാജാവിന്റെ ഉറ്റ തോഴനായ തലയ്ക്കല്‍ ചന്തുവിന്റെ വീട് ഈ ചരിത്രഭൂമിയിലാണ്. കാടിനുള്ളില്‍ 25 ഏക്കര്‍ വിസ്തൃതിയിലുള്ള ചേറ്റുകണ്ടം പ്രകൃതി കനിഞ്ഞരുളിയ വയനാടിന് വിസ്മയമാണ്. ഇതെല്ലാം ചേര്‍ത്തുളള വിനോദ സഞ്ചാര സാധ്യതകളെയും കുങ്കിച്ചിറ സ്വാഗതം ചെയ്യുകയാണ്. 

സന്ദര്‍ശന സമയം

രാവിലെ 10 മുതല്‍ വൈകീട്ട് 4.30 വരെയാണ് പ്രവേശനം. തിങ്കളാഴ്ച ദിവസങ്ങളില്‍ മ്യൂസിയം അവധിയായിരിക്കും. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, തിരുവോണം, മഹാനവമി ദിവസങ്ങളിലും കുങ്കിച്ചിറ മ്യൂസിയം അവധിയായിരിക്കും.

എങ്ങനെ എത്താം

മാനന്തവാടിയില്‍നിന്നു മക്കിയാട് കോറോ നിരവില്‍പ്പുഴ കുഞ്ഞോം റോഡില്‍ 40 കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ കുങ്കിച്ചിറയിലെത്താം. കല്‍പ്പറ്റയില്‍നിന്നു 70 കിലോ മീറ്ററും സുല്‍ത്താന്‍ ബത്തേരിയില്‍നിന്നു 80 കിലോ മീറ്റര്‍ യാത്രചെയ്താലും കുങ്കിച്ചിറയിലെത്താം.