രോ യാത്രയും ഓരോ അനുഭവങ്ങളാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ തകര്‍ന്നു തരിപ്പണമായിരുന്ന ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് പട്ടണം, ഇന്ന് ജര്‍മ്മനിയിലെ ഒരു സുപ്രധാന വാണിജ്യ കേന്ദ്രമാണ്. ജര്‍മ്മന്‍ സാമ്പത്തിക തലസ്ഥാനം എന്ന വിശേഷിപ്പിക്കാവുന്ന മഹാനഗരം യൂറോപ്പിലെ പ്രധാന സാമ്പത്തിക കേന്ദ്രവും ഗതാഗത കവാടങ്ങളില്‍ ഒന്നുമാണ്. ഇവിടുത്തെ വിപുലമായ എയര്‍പോര്‍ട്ട് വിവിധ യൂറോപ്യന്‍ എയര്‍ലൈനുകളുടെ ഹബ്ബാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ആസ്ഥാനവും നിരവധി പ്രമുഖ കമ്പനികളുടെ ആസ്ഥാനവുമായതിനാല്‍, ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമാണ്. ജര്‍മ്മന്‍ അംബരചുംബികളില്‍ മൂന്നിലൊന്നും ഫ്രാങ്ക്ഫര്‍ട്ടിലാണ്. വിപുലമായ എക്‌സിബിഷന്‍ ആന്‍ഡ് ട്രേഡ് ഫെയര്‍ സെന്ററുകളും മികച്ച ഇന്‍ഫ്രാസ്ട്രക്ചറും ഉള്ള നഗരം,  അങ്ങനെ എല്ലാം ചേര്‍ന്ന മനോഹരമായ ഒരു ലോകനഗരമാണ് ഫ്രാങ്ക്ഫര്‍ട്ട്. ഫ്രാങ്ക്ഫര്‍ട്ടിലേക്ക് നടത്തിയ യാത്രയില്‍ അവിടുത്തെ റോമര്‍ബര്‍ഗ് സ്‌ക്വയര്‍, മെയിന്‍ നദിക്ക് കുറുകെയുള്ള ഐസര്‍നര്‍ സ്റ്റെഗ് പാലം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതിന്റെ വിശേഷങ്ങള്‍ നോക്കാം. 

To advertise here,

താമസിച്ചിരുന്ന ഹോളിഡേ ഇന്‍ ഹോട്ടലില്‍ നിന്നും സമീപത്തുള്ള മെട്രോ സ്റ്റേഷനില്‍ എത്തി, അവിടെ നിന്ന് സെന്‍ട്രല്‍ സ്റ്റേഷനിലേക്ക്. കോണ്ടിനെന്റല്‍ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് മടുത്തതിനാല്‍ നേരെ അവിടെയുള്ള ശരവണഭവന്‍ റെസ്റ്റോറെന്റിലേക്കാണ് പോയത്. ഒരു മസാലദോശയും വടയും ചായയും കഴിച്ചതിന് ശേഷം സമീപത്തുള്ള സിറ്റി സൈറ്റ് സീയിങ്ങ് ബസ് വരുന്ന സ്റ്റോപ്പിലേക്ക് നടന്നു. ഫ്രാങ്ക്ഫര്‍ട്ട് നഗരം ഒന്ന് കാണുകയാണ് ഇന്നത്തെ ലക്ഷ്യം. 'ഫ്രാങ്ക്ഫര്‍ട്ട് സൈറ്റ് സീയിങ്ങ്' എന്ന കമ്പനിയുടെ ബസില്‍ നഗരം ഒന്ന് ചുറ്റാന്‍ ആണ് ഇന്നത്തെ എന്റെ തീരുമാനം. ഒരു ദിവസത്തെക്കുള്ള  ടിക്കറ്റ് ആണ് എടുത്തിരിക്കുന്നത്. എല്ലാ 30 മിനിറ്റിലും ഒരേ റൂട്ടില്‍ ബസ് ഉള്ളതിനാല്‍ നമ്മള്‍ക്ക്  താല്പര്യമുള്ള സ്ഥലത്തു ഇറങ്ങുകയും അവിടുത്തെ കാഴ്ചകള്‍ കണ്ടതിനു ശേഷം പുറകെ വരുന്ന ബസില്‍ യാത്ര തുടരുകയും ചെയ്യാം. സൈറ്റ് സീയിങ്ങ് ബസ് സര്‍വ്വീസുകള്‍ ലോകത്തിലെ പ്രധാന നഗരങ്ങളിലെല്ലാം കാണാന്‍ സാധിക്കും. ഇത് നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയുമായിരിക്കും പോകുന്നത്. ഓരോ പ്രധാന സ്ഥലത്ത് എത്തുമ്പോഴും അവിടുത്തെ പറ്റിയുള്ള വിവരങ്ങള്‍ നമ്മള്‍ക്ക് ഹെഡ്‌ഫോണ്‍ വഴി കേള്‍ക്കാന്‍ സാധിക്കും.

ബസിന്റെ മുകളിലത്തെ തുറന്ന ഡെക്കില്‍ ഇരിപ്പുറപ്പിച്ചു. സുന്ദരമായ ഫ്രാങ്ക്ഫര്‍ട്ടിലെ നിരത്തിലൂടെ ബസ് മുന്നോട്ടു നീങ്ങി. അസഹനീയമായ തണുപ്പുണ്ടായിരുന്നുവെങ്കിലും കാഴ്ച്ചകളുടെ സൗന്ദര്യം കാരണം അതൊന്നും കാര്യമാക്കിയില്ല. റോമര്‍ബര്‍ഗ് സന്ദര്‍ശിക്കാതെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നു ഒരു സഞ്ചാരിക്ക് പോകാന്‍ കഴിയില്ല, അതുകൊണ്ട് തന്നെ റോമര്‍ബര്‍ഗ് സ്‌ക്വയറിന്റെ അടുത്തുള്ള സ്റ്റോപ്പില്‍ ഞാന്‍ ഇറങ്ങി.  അതിമനോഹരമായ മധ്യകാല കെട്ടിടങ്ങള്‍ മുതല്‍ ചരിത്രപരമായ വിപണികള്‍ വരെ ഈ ഐക്കണിക് സ്‌ക്വയറില്‍ ഉണ്ട്. സ്‌ക്വയറില്‍ നില്‍ക്കുമ്പോള്‍ ഒരു സിനിമ സെറ്റില്‍ ആണോ നമ്മള്‍ എത്തിയത് എന്ന  തോന്നല്‍ ഉളവാക്കും. ഇവിടുത്തെ സൗന്ദര്യം പോസ്റ്റ്കാര്‍ഡുകളിലും പെയിന്റിംഗ്കളിലുമൊക്കെ ലോകമെങ്ങും പരിചിതമായ ദൃശ്യമാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത് ബോംബാക്രമണത്തില്‍ ഈ പ്രദേശത്തിന് വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടും, റോമര്‍ബര്‍ഗിന്റെ അതുല്യമായ വാസ്തുവിദ്യ വളരെ ശ്രമകരമായി പുനഃസ്ഥാപിക്കപ്പെട്ടു. 

placeholder
റോമര്‍ബര്‍ഗ്

ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ റോമന്‍ വാസസ്ഥലവും സൈനിക താവളവുമായിരുന്ന ഇവിടെ വച്ചായിരുന്നു റോമന്‍ ഭരണാധികാരികളെ വാഴിച്ചിരുന്നത്. സ്‌ക്വയറിന്റെ പടിഞ്ഞാറ് ഭാഗത്ത് റോമര്‍ സിറ്റി ഹാള്‍ കാണാം. ഈ ഐതിഹാസിക കെട്ടിടം 600 വര്‍ഷത്തിലേറെയായി സിറ്റി ഹാളായി പ്രവര്‍ത്തിക്കുന്നു. റോമറിന്റെ മൂന്ന് സ്റ്റെപ്പ് മുന്‍ഭാഗങ്ങളാണ് ചത്വരത്തെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നത്. റോമറിന് മുന്നിലുള്ള ചത്വരത്തിന്റെ മധ്യഭാഗത്ത് നില്‍ക്കുന്ന 'ഗെരെക്റ്റിഗ്കീറ്റ്സ് ബ്രൂണന്‍' (നീതിയുടെ നീരുറവ) എന്ന വെങ്കല ശില്‍പം 1543-ല്‍ പണികഴിപ്പിച്ചതാണ്. റോമന്‍ നീതിയുടെ ദേവതയായ ജസ്റ്റിറ്റിയയെയും വാളും തുലാസും ചിത്രീകരിക്കുന്നു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അവിടുത്തെ ഫൗണ്ടന്‍ അന്ന് പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. റോമര്‍ബര്‍ഗിന്റെ കിഴക്കുഭാഗത്ത്, മരങ്ങള്‍കൊണ്ട് നിര്‍മ്മിച്ച ചരിത്ര പ്രാധാന്യമുള്ള സുന്ദരമായ ആ ആറ് വീടുകളുടെ നിര. കുത്തനെയുള്ള മേല്‍ക്കൂരയുള്ള ഇവ  ഫെയറിടെയില്‍ ടവറുകള്‍ പോലെ ഒതുങ്ങി നില്‍ക്കുന്ന കാഴ്ച സുന്ദരമാണ്.

placeholder

11-ാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ഈ സ്‌ക്വയര്‍ ഒരു വാണിജ്യ കേന്ദ്രമാണ്. ലോകപ്രശസ്തമായ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള ഇവിടെയാണ്  നടക്കുന്നത്. മധ്യകാലഘട്ടം മുതല്‍ റോമര്‍ബര്‍ഗില്‍ വ്യാപാരമേളകളും വിപണികളും നടന്നുവരുന്നു. ജര്‍മ്മനിയിലെ ഏറ്റവും പഴക്കമേറിയതും വലിയതുമായ ഇവിടുത്തെ ക്രിസ്മസ് മാര്‍ക്കറ്റ് പ്രസിദ്ധമാണ്. നിരവധി കഫെകള്‍, ബാറുകള്‍, റെസ്റ്റോറന്റ്കള്‍, സുവനീര്‍ ഷോപ്പുകള്‍,... ചത്വരത്തില്‍ തെരുവുകലാകാരന്‍മാര്‍ പ്രകടനങ്ങള്‍ നടത്തുന്നു, എവിടെയും നല്ല ജനത്തിരക്ക്, ഉത്സവാന്തരീക്ഷം. കുറച്ച് സമയം തണുത്ത കാറ്റേറ്റ് അവിടെ നിന്നതിനു ശേഷം നടന്നെത്തിയത് സമീപത്തുള്ള ഒരു മ്യൂസിയത്തിലേക്കാണ് പോയത്. അവിടം ഒന്ന് ഓടിച്ചു സന്ദര്‍ശിച്ചതിനു ശേഷം 15-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച സെന്റ് നിക്കോളാസ് ദേവാലയത്തിലേക്കാണ് പോയത്. ലൂഥറന്‍ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇവിടം ലോകമഹായുദ്ധ സമയത്തെ ബോംബുകളില്‍ നിന്ന് പൂര്‍ണ്ണമായും രക്ഷപെട്ട സ്‌ക്വയറിലെ ഒരേയൊരു കെട്ടിടമാണ് എന്ന സവിശേഷതയുണ്ട്.

placeholder
സെന്റ് നിക്കോളാസ് ദേവാലയം

അവിടെ നിന്ന് നോക്കിയാല്‍ മെയിന്‍ നദി കുറച്ചകലെ കാണാന്‍ സാധിക്കും. നദീതീരത്തെക്ക് നടന്നു. ഐസര്‍നര്‍ സ്റ്റെഗ് അഥവാ 'ലവ്-ലോക്ക്' ബ്രിഡ്ജ് അവിടെയാണ്. ഫ്രാങ്ക്ഫര്‍ട്ടിന്റെ  മെയിന്‍ നദിക്ക് കുറുകെയുള്ള നിരവധി പാലങ്ങളില്‍ ഒന്നായ ഇത് ഒരു കാല്‍നട പാലമാണ്. ഫ്രാങ്ക്ഫര്‍ട്ടിന്റെ സ്‌കൈലൈനിന്റെ മികച്ച കാഴ്ചക്കുള്ള ഏറ്റവും മികച്ച സ്‌പോട്ടുകളില്‍ ഒന്നാണ് ഇവിടം. എല്ലാ ദിവസവും 10,000-ത്തിലധികം കാല്‍നടയാത്രക്കാര്‍ കടന്നുപോകുന്ന ഈ പ്രശസ്തമായ ഇരുമ്പ്  നടപ്പാലം, നഗര കേന്ദ്രമായ റോമര്‍ബര്‍ഗിനെ മയിന്‍ നദിയുടെ തെക്കന്‍ തീരത്തുള്ള സാക്സെന്‍ഹൗസണുമായി ബന്ധിപ്പിക്കുന്നു. 1869-ല്‍ ആണ് നിയോ-ഗോതിക് ശൈലിയിലുള്ള ഈ പാലം നിര്‍മ്മിച്ചത്. പാലത്തിന്റെ മുകളിലേക്ക് കയറി. നിരവധി ടൂറിസ്റ്റുകള്‍ അവിടെ ഉലാത്തുന്നു. അതിശയകരമായ ഒരു കാഴ്ച അവിടെയുണ്ട്, ആയിരക്കണക്കിന് പാഡ് ലോക്കുകള്‍ പാലത്തിന്റെ കൈവരിയില്‍ എല്ലാം ഇട്ടു പൂട്ടിയിട്ടിരിക്കുന്നു. അതുകൊണ്ടാണ് ഈ പാലത്തിനു 'ലവ്-ലോക്ക്' ബ്രിഡ്ജ് എന്നൊരു അപരനാമം ഉള്ളത്. 'ലവ്-ലോക്ക്' ബ്രിഡ്ജുകള്‍ ഇന്ന് ലോകത്തിന്റെ പല ഭാഗത്തും കാണാന്‍ സാധിക്കും. അത് വാത്സല്യത്തിന്റെ രസകരമായ പ്രകടനവും നിത്യസ്‌നേഹത്തിന്റെ മധുര പ്രതീകവുമാണ്. ദമ്പതികള്‍ ഒരു പാലത്തിലോ വേലിയിലോ അവരുടെ അഭേദ്യമായ ബന്ധത്തിന്റെ സ്മരണയ്ക്കായി സ്ഥാപിക്കുന്ന പാഡ് ലോക്ക് ആണ് 'ലവ്-ലോക്ക്' എന്നറിയപ്പെടുന്നത്. പാഡ് ലോക്കുകളില്‍ പേരുകളും പൂട്ടുന്ന തീയതിയും എഴുതി വയ്ക്കും, പ്രണയത്തെ ഒരു ചുംബനത്തിലൂടെ മുദ്രകുത്തിയതിന് ശേഷം താക്കോല്‍ വെള്ളത്തിലേക്ക് വലിച്ചെറിയുകയാണ് പതിവ്.

placeholder

'ലവ്-ലോക്ക്' പാരമ്പര്യം എന്താണ് എവിടെയാണ് ആരംഭിച്ചത് എന്നൊന്നറിയാന്‍ ഇന്റര്‍നെറ്റില്‍ ഒന്ന് പരതി നോക്കി. അപ്പോഴാണ് മനസ്സിലായത് ലോകമഹായുദ്ധകാലത്തെ ഒരു സെര്‍ബിയന്‍ പ്രണയകഥയില്‍ നിന്നാണ് ഇതിന്റെ ചരിത്രം ആരംഭിക്കുന്നത് എന്ന്. സമീപ വര്‍ഷങ്ങളിലെ അതിന്റെ ജനപ്രീതി ഏറാന്‍ കാരണം 2006-ല്‍ ലെ ബെസ്റ്റ് സെല്ലെര്‍  ആയിരുന്ന ഫെഡറിക്കോ മോക്കിയയുടെ ഇറ്റാലിയന്‍ നോവലായ  'ഹോ വോഗ്ലിയ ഡി ടെ' ('എനിക്ക് നിങ്ങളെ വേണം'), അതിന്റെ ചലിച്ചിത്രാവിഷ്‌ക്കാരമായ 'ഐ വാണ്ട് യു' ഉം ആണ്. ഇതിലെ ദമ്പതികള്‍ തങ്ങളുടെ പ്രണയം തകര്‍ക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിക്കാന്‍ റോമിലെ പോണ്ടെ മില്‍വിയോ പാലത്തില്‍ ഒരു ലവ് ലോക്ക് ഘടിപ്പിക്കുന്നു. അതിനുശേഷമാണ് ലോകമെമ്പാടുമിത് ജനപ്രീയമായത്. പാരീസ്, റോം, ആംസ്റ്റര്‍ഡാം, സോള്‍, മോസ്‌കോ, ദുബായ്, മിലാന്‍ എന്നുവേണ്ട ലോകം മുഴവന്‍ ഇന്നിത് കാണാന്‍ സാധിക്കും. (ലോക്കുകളുടെ ആധിക്യം മൂലം പല സ്ഥലങ്ങളിലും ഇതു ഇപ്പോള്‍ നിരോധിക്കപ്പെട്ടിട്ടുമുണ്ട്). പാലത്തിലൂടെ നടന്നപ്പോള്‍ ഒരു ചൈനീസ് ദമ്പതികള്‍ പാലത്തിന്റെ കൈവരിയില്‍ ഇങ്ങനെ ചെയ്യുന്നത് തെല്ലൊരു അതിശയത്തോടെ നോക്കി നിന്നു. 

താഴെ മെയിന്‍ നദി ശാന്തമായി ഒഴുകുന്നു. ഫ്രാങ്ക്ഫര്‍ട്ട്‌നെ ഇത്ര സുന്ദരമാക്കുന്നതില്‍ മെയിന്‍ നദിയുടെ പങ്ക് വലിയതാണ്. ഫ്രാങ്ക്ഫര്‍ട്ടിന്റെ നദീതീരത്തെ സജീവമായ രംഗം ആസ്വദിച്ചുനിന്നു, പുല്‍മേടുകള്‍ നിറഞ്ഞ ഈ പ്രദേശങ്ങള്‍ നഗരത്തിലെ ഏറ്റവും മനോഹരമായ ഭാഗങ്ങളില്‍ ഒന്നാണ്.  ഇനിയും നിരവധി കാഴചകള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ ബാക്കിയുണ്ട്. സവിശേഷമായ ജര്‍മ്മന്‍ നാഗരികതയുടെയും പൗരാണികതയുടെയും സുന്ദരകാഴ്ചകള്‍ മനസില്‍ തങ്ങി നില്‍ക്കുന്നതാണ്. തണുപ്പകറ്റാന്‍ അവിടെ കണ്ട കഫെയില്‍ നിന്ന് ഒരു കാപുച്ചിനോ കോഫി വാങ്ങി, അത് കുടിച്ചുകൊണ്ട് ബസിന്റെ വരവ് കാത്തു നിന്നപ്പോള്‍ ജര്‍മ്മന്‍ ജനതയുടെ പ്രായോഗികതയും കണിശതയും ഇച്ഛാശക്തിയുമെല്ലാം മനസ്സിലൂടെ കടന്നുപോയി.

placeholder
placeholder
placeholder
placeholder
placeholder
+6