രിതമനോഹര മലകളാല്‍ ചുറ്റപ്പെട്ട വശ്യമായ ഒരു തടാകം, തടാകക്കരയില്‍ രമ്യഹര്‍മ്യങ്ങളുള്ള മനംകുളിര്‍പ്പിക്കുന്ന ഗ്രാമങ്ങള്‍. ഇറ്റലിയിലെ 'ലേക്ക് കോമോ' പ്രദേശങ്ങള്‍ റോമന്‍ കാലഘട്ടം മുതല്‍ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും സമ്പന്നരുടെയും അവധിക്കാല വാസസ്ഥലവും സന്ദര്‍ശനകേന്ദ്രവുമായിരുന്നു. ഇന്നും അത് അങ്ങനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 'സ്വര്‍ഗ്ഗത്തിന്റെ കണ്ണാടി' (mirror of the paradise) എന്നറിയപ്പെടുന്ന ഇറ്റലിയിലെ കോമോ തടാകത്തിന്റെ വിശേഷങ്ങളിലേക്ക്. 

To advertise here,

മുന്‍പ് പലതവണ ഇറ്റലിയില്‍ വന്നപ്പോഴും സമയപരിമിതി മൂലം കോമോയിലേക്കുള്ള യാത്ര മാറ്റിവച്ചിരുന്നു. ഇത്തവണ മിലാനിലേക്കുള്ള യാത്ര തീരുമാനിച്ചപ്പോള്‍ തന്നെ കോമോ തടാകക്കരയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കണമെന്നും തടാകത്തിലൂടെ ബോട്ട് യാത്ര നടത്തണമെന്നും മനസ്സില്‍ കുറിച്ചിരുന്നു. ഇന്റര്‍നെറ്റ് വഴിയാണ് ഒരു ദിവസത്തെ കോമോ സന്ദര്‍ശനത്തിനായുള്ള  ടിക്കറ്റ് തരപ്പെടുത്തിയത്. രാവിലെ 7 മണിക്ക് മിലാന്‍ സെന്‍ട്രല്‍ സ്റ്റേഷന് സമീപത്തുനിന്നും ഞങ്ങളുടെ ബസ് യാത്ര ആരംഭിച്ചു. സഹയാത്രികരായി ഇരുപതോളം പേരാണ് ഉണ്ടായിരുന്നത്. മിലാനില്‍ നിന്ന് 30 മൈല്‍ വടക്ക് ലൊമ്പാര്‍ഡി മേഖലയിലുള്ള വലിയൊരു തടാകമാണു കോമോ. ഇംഗ്ലീഷ് അക്ഷരം 'Y'  ആകൃതിയില്‍, ഇറ്റാലിയന്‍ ആല്പ്സ്സിന്റെ ചെരുവില്‍ ദൃശ്യഭംഗിയോടെ കോമോ തടാകം സ്ഥിതിചെയ്യുന്നു. അതിമനോഹരമായ പര്‍വ്വതങ്ങള്‍ അതിരിടുന്ന തീരവും, ബറോക്ക് ശൈലിയിലുള്ള മനോഹരമായ വില്ലകളും ഒരുക്കുന്ന കാഴ്ചകള്‍  ഇവിടുത്തെ ഗ്രാമങ്ങളെ വസന്തകാലത്തും വേനല്‍ക്കാലത്തും ഒരുപോല സുന്ദരമാക്കുന്നു. 

കോമോ തടാകം ഏകദേശം 47 കി.മീ നീളവും 4 കി.മീ വരെ വീതിയുമുള്ളതാണ്, വിസ്തീര്‍ണ്ണം 146 ചതുരശ്ര കിലോമീറ്ററും, പരമാവധി ആഴം 1,358 അടിയുമാണ്. ബെല്ലാജിയോ, കോമോ, വരെന്ന, മെനാജിയോ, ട്രെമെസ്സോ, സെര്‍നോബിയോ, ബ്രിയാനോ, പലാന്‍സോ തുടങ്ങിയവയാണ് തടാകതീരത്തെ പ്രധാന ഗ്രാമങ്ങള്‍. ഏകദേശം ഒരു മണിക്കൂറോളം യാത്ര ചെയ്ത് ഞങ്ങള്‍ ആദ്യ സ്റ്റോപ്പായ കോമോ തടാകതീരത്തുള്ള വരേന്ന എന്ന ഗ്രാമത്തിലെത്തി. കാല്പനിക സൗന്ദര്യമുള്ള ചെറിയൊരു പ്രദേശം. കല്ല് പാകിയ നിരത്തുകള്‍, പൂത്തുലഞ്ഞ് കിടക്കുന്ന കടലാസുചെടികള്‍, നിരവധി റെസ്റ്റോറന്റുകള്‍, കഫേകള്‍, ഐസ്‌ക്രീം ഷോപ്പുകള്‍. വാഹനം പാര്‍ക്ക് ചെയ്ത് വരേന്നയിലെ പഴയ പട്ടണ കേന്ദ്രത്തിലൂടെ ഞങ്ങള്‍ നടന്ന് സാന്‍ ജോര്‍ജിയോ ചര്‍ച്ചിന്റെ മുന്നിലെത്തി. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ പള്ളി ലോംബാര്‍ഡ് വാസ്തുവിദ്യാ ശൈലിയുടെ ഉദാഹരണമാണ്. സമീപമായി ഇലക്ട്രിക് ബാറ്ററി കണ്ടുപിടിച്ച കോമോക്കാരനായ അലസ്സാന്‍ഡ്രോ വോള്‍ട്ടായുടെ പ്രതിമ കണ്ടു. ഓള്‍ഡ് ടൗണ്‍, വാട്ടര്‍ഫ്രണ്ട് ഏരിയ, വെസിയോ കാസില്‍, വില്ല മൊണാസ്റ്റെറോ എന്നിവയാണ് വരെന്നയിലെ മറ്റു പ്രധാന കാഴ്ചകള്‍. ഇവിടെയൊരു Lover's walk ഉണ്ട്. തടാകക്കരയില്‍ കുന്നിന്‍ചെരുവില്‍  ഉയര്‍ത്തിക്കെട്ടി കൈവരികളാല്‍ അതിരുതീര്‍ത്ത വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ഒരു പാത. വളരെ റൊമാന്റിക്കായ സ്ഥലം. തടാകക്കരയിലൂടെ ഇളംകാറ്റേറ്റ്  അലക്ഷ്യമായി കുറച്ചു സമയം നടന്നു. അവിടെയുള്ള ഒരു റസ്റ്റോറന്റില്‍ നിന്നും ബ്രേക്ക്ഫാസ്റ്റ്‌ന് ശേഷം ഞങ്ങള്‍ ബസില്‍ തിരിച്ചെത്തി യാത്ര തുടര്‍ന്നു. 

ഇപ്പോള്‍ പോകുന്നത് തടാകത്തിന്റെ തീരത്ത് കൂടെയുള്ള പാതയിലൂടെയാണ്, കയറ്റിറക്കങ്ങളിലൂടെ ഞങ്ങളുടെ ബസ് സാവധാനം നീങ്ങി. അടുത്തതായി കൊമോ തടാകത്തിലൂടെ ബോട്ട് യാത്രയാണ്. അതിനായി ഞങ്ങള്‍ ലക്കോ എന്ന സ്ഥലത്ത് ബസിറങ്ങി. ബെല്ലാജിയൊ എന്ന തടാകക്കരയിലെ മറ്റൊരു ഗ്രാമത്തിലേക്കാണ് ഞങ്ങളുടെ ബോട്ട് യാത്ര. തടാകത്തിന്റെ മനോഹരമായ ദൃശ്യങ്ങള്‍ ലഭിക്കാന്‍ ബോട്ട് ടൂര്‍ അനിവാര്യമാണ്. തടാകത്തിലൂടെ ഞങ്ങളുടെ ബോട്ട് മെല്ലെ നീങ്ങിത്തുടങ്ങി. നല്ല തണുപ്പ്. ടൂറിസ്സ്റ്റുകളുമായി മറ്റ് ബോട്ടുകളും അവിടെ കാണാം. ഈ തടാകം വളരെ വലുതായതിനാല്‍ നല്ല ഓളങ്ങള്‍ ഉണ്ട്. തടാകത്തിന്റെ ഓരത്ത് പലയിടത്തായി നങ്കൂരമിട്ടിരിക്കുന്ന സമ്പന്നരുടെ യാനങ്ങള്‍ കാണാം. സമീപത്തായി അവരുടെ വസതികളുമുണ്ട്. ഇരുകരകളിലും പച്ചപ്പ് നിറഞ്ഞ കുന്നിന്‍ചെരിവുകള്‍. ദൂരെ ഇരുണ്ട വനങ്ങളുള്ള പര്‍വതങ്ങളുടെ സമൃദ്ധമായ പച്ചപ്പ്. ഞങ്ങളുടെ ഗൈഡ് തീരത്തെ കാഴ്ചകളെല്ലാം വിശദീകരിക്കുന്നുണ്ടായിരുന്നു.

ആല്‍പ്സ് പര്‍വ്വതനിരയുടെ താഴ്വാരത്തില്‍ സ്ഥിതിചെയ്യുന്ന ലേക്ക് കോമോയുടെ ഏറ്റവും വലിയ ആകര്‍ഷണം അവിടത്തെ പ്രകൃതി മനോഹാരിത തന്നെയാണ്. ശാന്തസുന്ദരമായ തീരങ്ങളും ചെറിയ ഗ്രാമങ്ങളും ഈ തടാകത്തെ ഒരു പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കുന്നു. സെലിബ്രിറ്റികള്‍ക്കും ഏറെയിഷ്ടം ഈ ശാന്തതയാണ്. പ്രകൃതിരമണീയമായ സ്ഥലങ്ങളും മനംമയക്കുന്ന തീരങ്ങളും ഉള്ള വടക്കന്‍ ഇറ്റലിയിലെ ഈ പ്രദേശം പല പ്രശസ്തരുടെയും ഇഷ്ട വാസസ്ഥലമാണ്. ജോര്‍ജ് ക്ലൂണി, ജൂലിയ റോബെര്‍ട്‌സ്, ഡേവിഡ് ബെക്കാം, കാതറിന്‍ സീറ്റ-ജോണ്‍സ്, മഡോണ, റിച്ചാര്‍ഡ് ബ്രാന്‍സണ്‍, സില്‍വസ്റ്റര്‍ സ്റ്റാലോണ്‍, ജിയാനി വെര്‍സേസ്, മാറ്റ് ബെല്ലാമി, റൊണാള്‍ഡീഞ്ഞോ തുടങ്ങിയവരുടെ വീടുകള്‍ ലേക്ക് കോമോയിലാണ്. കൂടാതെ ബിസിനസ്സ് കുടുംബങ്ങള്‍ വാങ്ങിയ ഗൂച്ചി ഹൗസ്, പിറല്ലി വില്ല, വെര്‍സാച്ചി വില്ല തുടങ്ങിയവയും മറ്റ് പ്രശസ്തമായ വില്ലകളായ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോ, വില്ല കാര്‍ലോട്ട, വില്ല മൊണാസ്റ്റെറോ, വില്ല സിപ്രെസി, വില്ല മെല്‍സി ഡി എറില്‍, വില്ല സെര്‍ബെല്ലോണി അങ്ങനെ ഓരോന്നും ഗൈഡ് ഞങ്ങള്‍ക്ക് കാട്ടിത്തരുന്നുണ്ടായിരുന്നു. ലേക്ക് കോമോയിലെ ഐതിഹാസികമായ വില്ലകള്‍, പഴയ കാലത്തിലേക്ക് മടങ്ങാനും അവിടെ ജീവിച്ചിരുന്ന സമ്പന്നരായ യൂറോപ്യന്‍ രാജകീയ പ്രഭുകുടുംബങ്ങളുടെ ജീവിതരീതി മനസ്സിലാക്കാനും സഹായിക്കുന്നു.

പ്രശസ്തരായ സാഹിത്യകാരന്മാര്‍, സംഗീതജ്ഞര്‍, കലാകാരന്മാര്‍, ചിത്രകാരന്മാര്‍, അങ്ങനെ എല്ലാവരും ഈ ഇറ്റാലിയന്‍ പറുദീസയുടെ മനോഹാരിതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടു. വില്യം വേര്‍ഡ്സ്വര്‍ത്ത് ഈ വടക്കന്‍ ഇറ്റാലിയന്‍ ബ്യൂട്ടി സ്‌പോട്ടിനെ 'നിധി' എന്ന് വിളിച്ചു. ഷെല്ലി, സ്റ്റെന്തല്‍, ഗുസെപ്പേ വെര്‍ഡി, ലോര്‍ഡ് ബൈരണ്‍, ജോഹാന്‍ വേള്‍ഫ്ഗാങ്, വോണ്‍ ഗൊഥെ, ഏര്‍നെസ്റ്റ് ഹെമിംഗ്വേ, മാര്‍ക്ക് ടൈ്വന്‍, ജിയോച്ചിനോ റോസ്സിനി, അമേരിക്കന്‍  പ്രസിഡന്റുമാരായിരുന്ന റൂസ്വെല്‍റ്റ്, കെന്നഡി തുടങ്ങി പലര്‍ക്കും കോമോ താടാകത്തിന്റെ മനോഹാരിതയെ ചെറുക്കാന്‍ കഴിഞ്ഞില്ല. താടാകത്തിന്റെ തീരത്തായി നിരവധി വില്ലകളും റിസോര്‍ട്ടുകളും ഉണ്ട്. കോമോ വില്ലകളില്‍ സീസണ്‍ സമയത്ത്  ലക്ഷങ്ങളാണ് ഒരു രാത്രിക്കായി നല്‍കേണ്ടി വരുന്നതെന്ന് ഗൈഡ് വിശദീകരിച്ചു. ലേക്ക് കോമോ ഒരു ആകര്‍ഷകമായ വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ കൂടിയായയി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ വിരാട് കൊഹ്ലിയും അനുഷ്‌കയും, രണ്‍വീര്‍ കപൂറും ദീപിക പദുക്കോണും ഹോളിവുഡ് സെലിബ്രിറ്റികളായ ജോര്‍ജ്ജ് ക്ലൂണിയും അമല്‍ അലാമുദ്ദീനും, ജോണ്‍ ലെജന്‍ഡും ക്രിസ്സി ടീഗനും, ജെസീക്ക ബീലും ജസ്റ്റിന്‍ ടിംബര്‍ലെക്കും ഉള്‍പ്പെടെ നിരവധി പേര്‍ വിവാഹിതരായത് ഇവിടെ വച്ചാണ്. ബോട്ട് യാത്രയില്‍ ആ സൗധങ്ങളില്‍ ചിലത് കാണാനിടയായി. നിരവധി ഹോളിവുഡ് ചലച്ചിത്രങ്ങള്‍ക്ക് ലൊക്കേഷന്‍ ആയിട്ടുണ്ട് ഇവിടം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അധികാരഭ്രഷ്ടനാക്കപ്പെട്ട മുസോളിനി ഇവിടെ ഒളിവില്‍ താമസിച്ചപ്പോഴാണ് പിടിക്കപ്പെട്ടത് എന്നുമുള്ള കഥകളൊക്കെ ഗൈഡ് വിവരിക്കുന്നുണ്ടായിരുന്നു.

ഞങ്ങള്‍ ബെല്ലാജിയോയില്‍ എത്തി. ലോംബാര്‍ഡിയിലെയും ഇറ്റലിയിലെയും ഏറ്റവും ആകര്‍ഷകവും റൊമാന്റിക് ഡെസ്റ്റിനേഷനുകളില്‍ ഒന്നുമായ ഈ ചരിത്രകേന്ദ്രം അറിയപ്പെടുന്നത് 'പേള്‍ ഓഫ് ലേക് കോമോ' എന്നാണ്. ബോട്ടില്‍ നിന്നുമിറങ്ങി നടന്നു, വലത് വശത്ത് തടാകക്കരയില്‍ സുന്ദരമായ ഉദ്യാനം. ബെല്ലാജിയോയുടെ മാന്ത്രികത ഹൈഡ്രാഞ്ചിയ പൂക്കളും ജലധാരകളും ഉള്‍പ്പെട്ട മനോഹരമായി പരിപാലിക്കുന്ന പൂന്തോട്ടങ്ങളാണ്. അവിടെ ചിലര്‍ വ്യായമം ചെയ്യുന്നു, ചിലര്‍ വെറുതെ മരബെഞ്ചുകളില്‍ ചാരിയിരുന്ന് ഇളം തണുത്ത കാറ്റേറ്റ് തടാക ഭംഗി ആസ്വദിക്കുന്നു. സുഖകരമായ കാലവസ്ഥ. വാട്ടര്‍ഫ്രണ്ട് പ്രൊമെനേഡിലൂടെ മുന്നോട്ട് നടന്നു. പൂക്കളാലും ചെടികളാലും അലങ്കരിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ ഉള്ള ഭാഗത്തെത്തി. തദ്ദേശ്ശീയ ഭവനങ്ങള്‍, പുരാതന വാസ്തുശൈലിയിലുള്ള നിരവധി കെട്ടിടങ്ങള്‍ എന്നിവ നിറഞ്ഞതാണ് ഈ പ്രദേശം. കല്ലുപാകിയ ഇടുങ്ങിയ വഴികളിലൂടെ നടന്നു. നിരവധി കടകളും ബൂട്ടിക്കുകളും പാതയ്ക്ക് ഇരുവശവും കാണാം. തുകല്‍ ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, സുവനീറുകള്‍ എന്നിവ ഇവിടെ ലഭിക്കും. കൂടാതെ റെസ്റ്റൊറന്റുകള്‍, ഐസ്‌ക്രീം, ജെലാറ്റോ, കോഫി, പേസ്ട്രി ഷോപ്പുകള്‍ തുടങ്ങി എല്ലായിടത്തും സഞ്ചാരികളുടെ തിരക്ക്. 

തടാകത്തിനഭിമുഖമായി കണ്ട ഒരു റസ്റ്റോറന്റില്‍ നിന്ന് രുചികരമായ ഇറ്റാലിയന്‍ പിസ്സ ഭക്ഷിച്ചശേഷം തെരുവിലൂടെ വീണ്ടും നടത്തം തുടര്‍ന്നു. ആകാശത്തേക്ക് പോകുന്ന പോലെയുള്ള പടിക്കെട്ടുകള്‍ ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഏറ്റവും പ്രശസ്തമായ ഇടവഴിയായ സലിത മെല്ലയിലെ നൂറോളം പടികള്‍ താണ്ടി മുകളിലെത്തി. സുന്ദരമായ ഒരു ചെറിയ ചത്വരം. 11-12 നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മ്മിച്ച ഒരു പരമ്പരാഗത റോമനെസ്‌ക് പള്ളിയായ ബസിലിക്ക ഡി സാന്‍ ജിയാക്കോമോ അവിടെ കണ്ടു. പള്ളിക്കുള്ളിലേക്ക് ഒന്ന് കയറി, പുരാതനമായ ബലിപീഠവും മൊസൈക്കുകളും. പുറത്തേക്കിറങ്ങി, കോബ്ലെസ്റ്റോണ്‍ വിരിച്ച തെരുവുകളുടെ ശൃംഖല. തെരുവുകള്‍ അതിരിടുന്നത് പ്രസന്നമായ ടെറാക്കോട്ടകള്‍ കൊണ്ട് അലംകൃതമായ വര്‍ണ്ണാഭമായ വീടുകളാലാണ്. മനോഹരമായ കാഴ്ചകളും ഇറ്റാലിയന്‍ ആതിഥ്യമര്യാദയും ആസ്വദിക്കുന്ന സഞ്ചാരികള്‍. സജീവവും ഊഷ്മളവുമാണ് ഇവിടുത്തെ അന്തരീക്ഷം.  

ഞങ്ങള്‍ക്ക് തിരിച്ചു പോകുവാന്‍ സമയമായിരിക്കുന്നു. മറ്റൊരു പ്രശസ്തമായ പടിക്കെട്ടായ സലിത സെര്‍ബെല്ലോണി വഴി താഴേക്ക് കോമോ തീരത്തേക്ക് ഇറങ്ങി. ഗൈഡ് പറഞ്ഞിരുന്ന സ്ഥലത്ത് സഹയാത്രികര്‍  എല്ലാവരും അപ്പോഴേക്കും എത്തിയിരുന്നു. ഞങ്ങള്‍ വന്ന ബോട്ടില്‍ തന്നെ ബെല്ലാജിയോയില്‍ നിന്ന് തടാകത്തിലൂടെ തിരികെ ബസ് ഇറങ്ങിയ സ്ഥലത്ത് എത്തി. സമയം അപ്പോഴേക്കും സന്ധ്യയോട് അടുത്തിരുന്നു. തിരികെ മിലാനിലേക്കുള്ള യാത്ര.