
പുരാതന കാലം മുതല്‍ക്കെ ലോകത്തിലെതന്നെ പ്രധാനപ്പെട്ട ഒരു വ്യാപാര കേന്ദ്രമായിരുന്നു കൊല്ലം. ക്രിസ്തുവര്‍ഷത്തിന് മുന്‍പും അതിനുശേഷവുമുള്ള നിരവധി ചരിത്ര രേഖകളില്‍ കൊല്ലം തുറമുഖത്തെ സംബന്ധിച്ച സൂചനകള്‍ കാണാം. കൊല്ലത്തിന്റെ വ്യാപാര പ്രാധാന്യം തിരിച്ചറിഞ്ഞ് ചീനന്മാര്‍, ജൂതന്മാര്‍, അറബികള്‍, റോമാക്കാര്‍, ചൈനാക്കാര്‍, ഗ്രീക്കുകാര്‍, ഫിനീഷ്യന്മാര്‍, പേര്‍ഷ്യാക്കാര്‍ തുടങ്ങിയവരും പിന്നീട് പോര്‍ച്ചുഗീസുകാരും, ഡച്ചുകരും, ഇംഗ്ലീഷ്‌കാരും ഇവിടെയെത്തി. 1503 ല്‍ കൊല്ലത്ത് എത്തിയ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചതാണ് തങ്കശ്ശേരി കോട്ട അഥവാ സെന്റ് തോമസ് കോട്ട. സുദീര്‍ഘമായ ചരിത്രമുള്ള ഈ കോട്ട കേരളത്തിലെ കോട്ടകളില്‍ പ്രധാനപെട്ടതാണ്. സുഹൃത്തുക്കളായ മനു, ജോസ്, അജി എന്നിവരൊടോത്ത് തങ്കശ്ശേരിയിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങള്‍.
ഒരു ദിവസം എവിടേക്കെങ്കിലും പോകണമെന്ന് കൂട്ടുകാരുമൊത്ത് ആലോചിച്ചപ്പോള്‍ പെട്ടെന്നാണ് തങ്കശ്ശേരിയിലേക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നത്. കൊല്ലം നഗരത്തിന് സമീപം തങ്കശ്ശേരിയില്‍ അറബിക്കടലിനോട് ചേര്‍ന്നാണ് സെന്റ്. തോമസ് കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടയുടെ ഇടിഞ്ഞു വീഴാറായ ഏതാനും ചുമരുകള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ചരിത്രാന്വേഷികളായ ഒട്ടേറെ ആളുകള്‍ ഈ പ്രദേശത്തേക്ക് ഇപ്പോള്‍ എത്തുന്നുണ്ട്. സമീപമായുള്ള തങ്കശ്ശേരി കടല്‍ത്തീരം നടപ്പാതകളൊക്കെ ഒരുക്കി വൃത്തിയായി പരിപാലിക്കുന്നുണ്ട്. കേന്ദ്ര പുരാവസ്തുവകുപ്പിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ഈ കോട്ട.

കടല്‍ കടന്നും കരയിലൂടെയും എത്തിയ നിരവധി യുദ്ധങ്ങള്‍ക്ക് തങ്കശ്ശേരി കോട്ട സാക്ഷിയായിട്ടുണ്ട്. മറ്റ് കോട്ടകളില്‍ നിന്ന് വ്യത്യസ്തമായി തറ മുതല്‍ മുകളിലേക്ക് വെട്ടുകല്ലും സുര്‍ക്കിയും മാത്രമുപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണം. പോര്‍ച്ചുഗീസുകാരനായ ഹെക്ടര്‍ ഡി. ലാക്കസിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിനു മനുഷ്യര്‍ രണ്ടു വര്‍ഷം കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കിയത്. കോട്ടയുടെ അവശേഷിക്കുന്ന ചുമരിന്റെ ഉയരം 20 അടിയാണ്. എട്ട് കൊത്തളങ്ങളും വിശാലമായ ഇടനാഴിയും ഈ കോട്ടയ്ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ അകത്തേക്ക് പ്രവേശനമില്ല. ഞങ്ങള്‍ മതിലിന്റെ അടുത്തുനിന്ന് ഉള്ളിലേക്ക് നോക്കി, ഫോട്ടോയൊക്കെ എടുത്തു. ഈ തകര്‍ന്ന മതില്‍ കാണാനാണോ ഇവിടെ വന്നത് എന്ന് അജി ആത്മഗതം പറയുന്നുണ്ടായിരുന്നു.

1500കളില്‍ യൂറോപ്യന്മാര്‍ വിഭവങ്ങള്‍ തേടി ലോകം മൊത്തം സഞ്ചരിച്ച് തുടങ്ങിയ കാലമായിരുന്നു. ആ കാലത്ത് തന്നെ കച്ചവടത്തിന് യൂറോപ്യന്മാരെ ക്ഷണിച്ച ഒരു കൊച്ചു രാജ്യം കേരളത്തിലുണ്ടായിരുന്നു, വേണാടിന്റെ തലസ്ഥാനമായ കൊല്ലം!. 1503ല്‍ ആദ്യമായി പോര്‍ച്ചുഗീസുകാര്‍ ആല്‍ബുഖര്‍ക്കിന്റെ നേതൃത്വത്തില്‍ കൊല്ലത്ത് എത്തി വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടു. പിന്നീട് 1516 ല്‍ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ലോപ്പോ ഡോറസും കൊല്ലം റാണിയും തമ്മില്‍ വ്യാപാര കരാര്‍ ഒപ്പിട്ടു. കൊല്ലത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന ഒന്നായി ആ കരാര്‍ മാറി. കൊല്ലം റാണിയുമായുണ്ടാക്കിയ കരാര്‍ പ്രകാരം 1517 ല്‍ പോര്‍ച്ചുഗീസുകാര്‍ തങ്കശ്ശേരിയില്‍ ഒരു പണ്ടികശാലയുടെ നിര്‍മ്മാണം തുടങ്ങുകയും 1519 ല്‍ പണിതീര്‍ക്കുകയും ചെയ്തു. എന്നാല്‍ പാര്‍ച്ചുഗീസുകാരുമായി ഉണ്ടാക്കിയ കരാര്‍ പാലിക്കാന്‍ കൊല്ലം റാണിക്കായില്ല. കൊല്ലത്തെ സെന്റ് തോമസ് പള്ളി പുതുക്കിപ്പണിയാനും മൂന്ന് വാര്‍ഷിക ഗഡുക്കളായി 500 കണ്ടി (പഴയ കാലത്ത് കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന അളവ്) കുരുമുളക് പോര്‍ച്ചുഗീസ് രാജാവിന് നല്‍കാനും ആയിരുന്നു കരാര്‍.
കരാര്‍ പാലിക്കാത്ത റാണി നഷ്ടപരിഹാരം നല്‍കണമെന്ന് പോര്‍ച്ചുഗീസ് ആവശ്യപ്പെട്ടു. നഷ്ടപരിഹാരമായി അവര്‍ ആവശ്യപ്പെട്ടത് പണ്ടികശാല കോട്ടയാക്കി മാറ്റാനുള്ള അനുവാദമായിരുന്നു. കൊല്ലം റാണിക്ക് പോര്‍ച്ചുഗീസുകാരുടെ ആവശ്യം അംഗീകരിക്കേണ്ടി വന്നു. അങ്ങനെ പണ്ടികശാലയെ പോര്‍ച്ചുഗീസുകാര്‍ തങ്കശ്ശേരി കോട്ടയായി രൂപാന്തരപ്പെടുത്തി. സാന്‍ തോം കോട്ടയെന്നായിരുന്നു അവര്‍ കോട്ടയ്ക്ക് നല്‍കിയ പേര്. താമസിക്കാന്‍ സുരക്ഷിതമായ സ്ഥലം എന്നാണ് പോര്‍ച്ചുഗീസ് പ്രതിനിധി റോഡ്രിഗസ് ആവശ്യപ്പട്ടതെങ്കിലും അനുമതി കിട്ടിയപ്പോള്‍ അവര്‍ അതിനെ ഒരു കോട്ടയാക്കി പണിയുകയായിരുന്നു.
കടലില്‍ നിന്നുള്ള അക്രമണത്തെ പ്രതിരോധിക്കുന്നതിനേക്കാള്‍ കരയില്‍ നിന്നുള്ള അക്രമണം തടയുംവിധമാണ് തങ്കശ്ശേരി കോട്ട നിര്‍മ്മിച്ചത്. പക്ഷേ, കോട്ടയുടെ പണിയാരംഭിച്ചപ്പോള്‍ തദ്ദേശീയമായ എതിര്‍പ്പുകളുയര്‍ന്നു. ആയുധത്തില്‍ മുന്‍തൂക്കമുണ്ടായിരുന്ന പറങ്കികള്‍ എതിര്‍പ്പുകളെ അതിജീവിച്ചു. കോട്ട ഉയര്‍ന്നതോടെ കൊല്ലം റാണിയുമായി പോര്‍ച്ചുഗീസുകാര്‍ വിലപേശാന്‍ തുടങ്ങി. ഇതിനിടെ ആര്യങ്കാവ് വഴി കൊല്ലത്തേക്ക് കൊണ്ടുവരികയായിരുന്ന കുരുമുളക് പോര്‍ച്ചുഗീസുകാര്‍ തട്ടിയെടുത്തു. സ്വാഭാവികമായും നാട്ടുകാര്‍ പ്രതിഷേധിച്ചു. അവര്‍ സംഘടിക്കുകയും കോട്ട അക്രമിക്കുകയും ചെയ്തു. അപ്രതീക്ഷിത അക്രമണത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റിയില്ല എന്നത് ചരിത്രം. കോട്ട കീഴടക്കിയ നാട്ടുകാര്‍ കോട്ടയിലെ താമസക്കാരെ തടവുകാരാക്കി. കുറേയേറെ പോര്‍ച്ചുഗീസുകാര്‍ അവിടെ മരിച്ചുവീണു. കോട്ട നഷ്ടമായ വിവരം കൊച്ചിയിലെ പോര്‍ച്ചുഗീസ് ആസ്ഥാനത്തെത്തി. ഇതോടെ കൊച്ചിയിലെ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ കൊല്ലത്തേക്ക് പറങ്കി സൈന്യത്തെ അയച്ചു. നീണ്ട പോരാട്ടത്തിനൊടുവില്‍ 1520 ല്‍ പോര്‍ച്ചുഗീസുകാര്‍ കോട്ട തിരിച്ച് പിടിച്ചു. ഇതോടെ കൊല്ലം റാണി പോര്‍ച്ചുഗീസുകാരുമായി പുതിയ കാരാര്‍ ഒപ്പിടാന്‍ നിര്‍ബന്ധിതയായി. ഒരു നൂറ്റാണ്ടോളം പോര്‍ച്ചുഗീസുകാര്‍ കോട്ട കാത്തു. 1658 ല്‍ ഡച്ച് സൈന്യം കൊല്ലത്തെത്തിയതോടെ പോര്‍ച്ചുഗീസുകാരുടെ പതനം ആരംഭിച്ചു. വാന്‍ ഗോയെന്‍സിന്റെ നേതൃത്വത്തിലുള്ള ഡച്ച് നാവികപ്പട 1658 ഡിസംബര്‍ 28 ന് തങ്കശ്ശേരി കോട്ട കീഴടക്കി.

എന്നാല്‍ 1659ല്‍ തദ്ദേശീയരായ സൈനികരുടെ സഹായത്തോടെ പോര്‍ച്ചുഗീസുകാര്‍ പ്രത്യാക്രമണം നടത്തി. ആ ആക്രമണം രണ്ട് വര്‍ഷത്തോളം നീണ്ടുനിന്നു. ഈ ആക്രമണത്തിനിടെ കോട്ട ഏതാണ്ട് തകര്‍ന്നു. യുദ്ധം ജയിച്ച ഡച്ചുകാര്‍ പിന്നീട് കോട്ട പുതുക്കിപ്പണിതു. ഇതോടെ കോട്ടയും കൊല്ലത്തിന്റെ ഭരണവും ഡച്ച് അധീനതയിലായി. ഏതാണ്ട് ഒരു നൂറ്റാണ്ടോളം ഈ അവസ്ഥ തുടര്‍ന്നു. അതിനിടെ തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മ ശക്തിപ്രാപിക്കുകയായിരുന്നു. 1741ല്‍ വേണാട് പിടിച്ചെടുക്കാനായി മാര്‍ത്താണ്ഡവര്‍മ്മ കുളച്ചലില്‍ ഡച്ചുകാരുമായി ഏറ്റുമുട്ടി. ഡച്ച് സേനയ്ക്ക് പരാജയം സമ്മതിക്കേണ്ടിവന്നു.
പിന്നീട് 1795-ല്‍ തങ്കശ്ശേരി കോട്ട ബ്രിട്ടീഷ് അധീനതയിലായി. നിരവധി യുദ്ധങ്ങള്‍ക്ക് കാരണമായ കോട്ട അപ്പോഴേക്കും ഏതാണ്ട് തകര്‍ച്ചയുടെ വക്കിലായിരുന്നു. കോട്ടയുടെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് അവശേഷിച്ചിരുന്നത്. പിന്നീട് കൊല്ലംകാരനായ വേലുത്തമ്പി ദളവ, കൊല്ലം നഗരം സൃഷ്ടിച്ചെങ്കിലും കോട്ട പുതുക്കിപണിയുന്നതില്‍ അദ്ദേഹം താല്‍പര്യമെടുത്തില്ല. പിന്നീട് ബ്രിട്ടീഷുകാരുടെ അധീനതയിലായി തങ്കശ്ശേരി. 1939 ല്‍ ബ്രിട്ടീഷുകാര്‍ തങ്കശ്ശേരി കമാനം പണിതു. തങ്കശ്ശേരിക്ക് പുറത്തുള്ള പ്രദേശം തിരുവിതാംകൂറിന്റെയും തങ്കശ്ശേരി ബ്രിട്ടീഷുകാരുടെ അധീനതയിലും എന്നതായിരുന്നു കരാര്‍. കോട്ടയോട് ചേര്‍ന്ന് 1902ല്‍ ബ്രട്ടീഷുകാര്‍ പണികഴിപ്പിച്ച വിളക്കുമാടം ഇപ്പൊഴുമുണ്ട്. സമീപമായി തന്നെയാണ് ഇപ്പോള്‍ പുലിമുട്ടും നിര്‍മ്മിച്ചിരിക്കുന്നത്. അവിടേക്കാണ് ഇനി ഞങ്ങളുടെ യാത്ര.

യാത്രകള്‍ പലപ്പോഴും വിശാലമായ അറിവിന്റെ വാതായനങ്ങള്‍ തുറന്നു നല്‍കുന്നു. ഓരോ യാത്രകള്‍ക്കും മുന്‍പോ ശേഷമോ ആ പ്രദേശത്തെ പറ്റി കൂടുതല്‍ വായനക്കും പഠനത്തിനും പലപ്പോഴും കാരണമാകുകയും ചെയ്യുന്നു. ഈ പ്രദേശത്തെ കുറിച്ച് വായിച്ചു മനസ്സിലാക്കിയിരുന്നെങ്കിലും യാത്രയ്ക്ക് ശേഷമാണ് അതിന്റെ ചരിത്രപരമായ സവിശേഷതകളെപറ്റി കൂടുതല്‍ പഠിച്ചത്. ഈയടുത്തസമയത്ത് പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണ്‍ സന്ദര്‍ശിച്ചപ്പോള്‍ വാസ്‌കോഡഗാമ കേരളത്തില്‍ എത്തിയതിന്റെ ചരിത്രം കൂടുതല്‍ മനസ്സിലാക്കാന്‍ ഇടയായി. പോര്‍ച്ചുഗീസുകാര്‍ കൊല്ലത്ത് വന്ന കാര്യം ഒക്കെ വായിച്ചത് മനസ്സില്‍ തെളിഞ്ഞു വന്നു.
ദീര്‍ഘകാലമായുള്ള ആഗ്രഹമായിരുന്നു കൊല്ലത്തെ ചരിത്രപ്രാധാന്യമുള്ള ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണം എന്നുള്ളത്. 500ല്‍ പരം വര്‍ഷത്തെ ചരിത്രവും പേറി നില്‍ക്കുന്ന തങ്കശ്ശേരി കോട്ട എന്ന് മനസ്സില്‍ ഉണ്ടായിരുന്നത് കുറച്ച് കൂടെ വിശാലമായ ഒന്നായിരുന്നു. പക്ഷെ വളരെ ചെറിയ ബാഹ്യ കാഴ്ച മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. അവിടെ വെച്ചിരിക്കുന്ന സൂചനാ ഫലകം പോലും വായിക്കാന്‍ കഴിയാത്ത വിധം നശിച്ചിരിക്കുന്നു. ഇനിയും സമീപം എന്തെങ്കിലും കാണാന്‍ ഉണ്ടോ എന്ന് അവിടെ കണ്ടവരോട് മനുവും ജോസേട്ടനും ചോദിച്ചിട്ട് ആര്‍ക്കും ഉത്തരം ഇല്ലായിരുന്നു. നശിച്ചുപോയ ഈ പ്രദേശം ചരിത്രവസ്തുക്കള്‍ പുനര്‍നിര്‍മ്മിച്ച് ഒരു മ്യൂസിയമാക്കി ഈ ചരിത്രസ്മാരകം മാറ്റിയിരുന്നെങ്കില്‍ ചരിത്രകുതുകികള്‍ക്ക് പ്രയോജനകരമായി മാറിയേനെ.
Content Highlights: thangassery fort st thomas fort history kollam
Published: 04 Mar 2024, 08:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented