പെരുമ്പാവൂർ : ഓഫ് സീസണിലും പാണിയേലി പോര് വിനോദസഞ്ചാരകേന്ദ്രത്തിൽ സന്ദർശകരുടെ തിരക്ക്. ഒരുകാലത്ത് പുഴയിലുണ്ടാകുന്ന അപകടങ്ങളുടെ പേരിൽ കുപ്രസിദ്ധമായിരുന്ന പോരിൽ വനംവകുപ്പിന്റെയും പോര് വനസംരക്ഷണസമിതിയുടെയും ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ വലിയ മാറ്റമുണ്ടാക്കിയിരിക്കുന്നു. 10 കൊല്ലം മുൻപുവരെ പലപ്പോഴായി 100-ലധികം പേർ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ കുടുംബസമേതം സന്ദർശിക്കാവുന്ന സുരക്ഷിതമായ വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലാണ് സന്ദർശകർ ഇവിടെ എത്തുന്നത്.

To advertise here,

സന്ദർശകരെ നിയന്ത്രിക്കാനും നിർദേശങ്ങൾ നൽകാനുമായി വനസംരക്ഷണസമിതി നിയോഗിച്ചിരിക്കുന്ന 40-ഓളം ഗാർഡുമാരുടെ സേവനം എടുത്തുപറയേണ്ടതാണ്.

ഇടമലയാർ, ഭൂതത്താൻകെട്ട് ഡാമുകൾ തുറന്നാൽ മാത്രമേ പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുളളൂ. ഡാമുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ മുന്നറിയിപ്പുകൾ നൽകുകയും സന്ദർശകരെ നിയന്ത്രിക്കുകയും ചെയ്യും.

കഴിഞ്ഞ ഞായറാഴ്ച ആയിരത്തോളംപേർ പോര് സന്ദർശിച്ചു. സാധാരണ നവംബർ മുതൽ മേയ് വരെയുള്ള വേനൽക്കാലമാണ് പോരിൽ സന്ദർശകർ കൂടുതലായി എത്തുന്നത്. മഴക്കാലമായാൽ പൊതുവേ തിരക്ക് കുറവായിരിക്കും. കാലാവസ്ഥ പ്രതികൂലമാകുന്ന ഘട്ടങ്ങളിൽ പോരിലേക്ക് പ്രവേശനം അനുവദിക്കാറില്ല. മഴക്കാലമായതിനാൽ കർശന നിയന്ത്രണങ്ങളോടെയാണ് പ്രവേശനം. ജലനിരപ്പ് കുറവുള്ളപ്പോൾ മാത്രമേ പുഴയിൽ കുളിക്കാൻ അനുവദിക്കൂ. പെരിയാറിന് മധ്യത്തിലുള്ള പോര് എന്ന വെള്ളച്ചാട്ടത്തിലേക്കും ആരെയും കടത്തിവിടുന്നില്ല. പാറക്കൂട്ടങ്ങളിലൂടെ വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് എത്താനുള്ള താത്കാലിക പാലങ്ങളെല്ലാം നീക്കിയിരിക്കുകയാണ്. വേനൽക്കാലത്ത് ഇവ പുനഃസ്ഥാപിക്കും. കാടിന്റെ സാമീപ്യവും പാറക്കൂട്ടങ്ങളിലൂടെ നുരഞ്ഞൊഴുകുന്ന പെരിയാറും ചെറുവെള്ളച്ചാട്ടങ്ങളുമാണ് ഇവിടെ സന്ദർശകരെ ആകർഷിക്കുന്നത്. പുഴയോര നടപ്പാതകൾ, ഊഞ്ഞാലുകൾ, ഏറുമാടങ്ങൾ എന്നിവയുമുണ്ട്.

അപൂർവമായി പുഴയിൽ നീരാട്ടിനെത്തുന്ന കാട്ടാനക്കൂട്ടത്തെയും കാണാം.മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

വനപാതയിലൂടെ ട്രക്കിങ്ങിന് പദ്ധതി

പാണിയേലിയിൽനിന്ന് വനത്തിലൂടെ കയറ്റുവ, തൊടാക്കയം വഴി പേഴാട് കുത്തിലേക്ക് ട്രക്കിങ്ങിന് വനംവകുപ്പ് പദ്ധതിയിടുന്നു. പേഴാടിൽ കുട്ടവഞ്ചിയും ആവിഷ്കരിക്കും. വനംവകുപ്പിന്റെ പദ്ധതി സുരക്ഷാ കൗൺസിലിന്റെ പരിഗണനയിലാണ്. വിനോദയാത്രികർക്ക് സുരക്ഷിതമായ കാനനയാത്ര ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.