പറവൂർ : പുത്തൻവേലിക്കര പഞ്ചായത്തിലെ ചാലക്കുടിപ്പുഴയ്ക്ക് കുറുകേയുള്ള കണക്കൻകടവ് റെഗുലേറ്റർ-കം-ബ്രിഡ്ജിന്റെ പുനരുദ്ധാരണത്തിനായി ഇറിഗേഷൻ വകുപ്പിൽ നിന്നും 36 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. 2026-27 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയാണിത്.

To advertise here,

പാലത്തിൽ നിലവിലുള്ള ഷട്ടറുകൾ തകരാറിലായതിനെ തുടർന്ന് ഉപ്പുവെള്ളം കയറുകയും കുടിവെള്ള പമ്പിങ് വേനൽക്കാലത്ത് തടസ്സപ്പെടുന്ന അവസ്ഥയുമായിരുന്നു. ഇതിനായി മണൽബണ്ട് എല്ലാവർഷവും 35 ലക്ഷം രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണ് നിലവിലുള്ള പാലത്തിന്റെ പുനരുദ്ധാരണത്തിനായി തുക അനുവദിച്ചത്. പാലത്തിനടിയിലെ സിവിൽ വിഭാഗത്തിന്റെ എല്ലാ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി നിലവിലുള്ള എല്ലാ ഷട്ടറുകളും മാറ്റി പുതിയത് നിർമിക്കും.

ഇതിനായി മെക്കാനിക്കൽ വിഭാഗവും സിവിൽ വിഭാഗവും ഇലക്ട്രിക്കൽ വിഭാഗവും നടത്തേണ്ട എല്ലാ പ്രവൃത്തികൾക്കും ഉൾപ്പെടെയാണ് തുക അനുവദിച്ചിരിക്കുന്നത്. മേജർ ഇറിഗേഷൻ വകുപ്പിനാണ് നിർമാണച്ചുമതല. സാങ്കേതികാനുമതി നൽകി എത്രയുംവേഗം ഈ വേനൽക്കാലത്തു തന്നെ നിർമാണജോലികൾ ആരംഭിക്കുന്നതിന് ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇത് പൂർത്തിയായാൽ എല്ലാ വർഷവും ബണ്ട് നിർമാണത്തിന് ചെലവാകുന്ന തുക ഒഴിവാക്കാനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.