ഇന്ന് പഞ്ചായത്തിൽ ജാഗ്രതാ സമിതി

To advertise here,

കോടാലി : മറ്റത്തൂർ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടത്ത് റബ്ബർ തോട്ടത്തിൽ രണ്ട് പുലികളെ കണ്ടെന്ന് റബ്ബർവെട്ട് തൊഴിലാളികൾ. ഒമ്പതുങ്ങൽ സ്വദേശി ജോർജിന്റെ തോട്ടത്തിലെ റബ്ബർ വെട്ടാൻ പോയ മാങ്കുറ്റിപ്പാടം മുരിയൻകേരിയിൽ മോനച്ചൻ, ഭാര്യ കൊച്ചുമോൾ, മകൻ ജിബിൻ എന്നിവരാണ് തിങ്കളാഴ്ച പുലർച്ചെ 4.45-ഓടെ പുലിയെ കണ്ടത്. സമീപത്തെ കാപ്പിയും റബ്ബർ മരങ്ങളുമുള്ള തോട്ടത്തിൽനിന്നാണ് ഇറങ്ങി വന്നത്. കഷ്ടിച്ച് അമ്പത് അടി അകലെ മുന്നിലും പിന്നിലുമായി പതുക്കെ നടന്നുപോകുന്നത് റബ്ബർ വെട്ടാൻ ഉപയോഗിക്കുന്ന ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ടുവെന്നാണ് പറയുന്നത്. മൂന്നുപേരുടേയും ഹെഡ് ലൈറ്റ് തെളിച്ച് പുലിയാണെന്ന് ഉറപ്പുവരുത്തി. വെളിച്ചം കണ്ടെങ്കിലും പുലി രക്ഷപ്പെടാനോ ആക്രമിക്കാനോ ശ്രമിച്ചില്ലെന്നും പറയുന്നു.

ഇതിനിടെ ഒരെണ്ണം റബ്ബർമരത്തിന്റെ പത്ത് അടി ഉയരമുള്ള കൊമ്പിലേക്ക് ചാടിക്കയറി. പുലിയെ കണ്ട് പേടിച്ച ഭാര്യ ഓടി രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റു. സമീപത്തെ ചായക്കടയിലുള്ളവരോട് പുലിയെ കണ്ടെന്നും ആ പരിസരത്തേക്ക് ആരും പോകരുതെന്നും തൊഴിലാളികൾ മുന്നറിയിപ്പും നൽകി.

ഇക്കഴിഞ്ഞ 16-ന് മാങ്കുറ്റിപ്പാടത്ത് കുറ്റിയാൻ പൗലോസിന്റെ വളർത്തുനായയെ പിടിച്ച ഭാഗത്തേക്കാണ് പുലി നടന്ന് നീങ്ങിയതെന്നാണിവർ പറയുന്നത്. രണ്ട് തോട്ടങ്ങളും തമ്മിൽ കഷ്ടിച്ച് 300 മീറ്റർ അകലമാണുള്ളതെന്നും മോനച്ചൻ പറഞ്ഞു. വളർത്തുനായയെ പിടിച്ച പരിസരത്ത് വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

ചെമ്പൂച്ചിറയിൽ ഉൾപ്പെടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പലതവണ പുലിയെ കണ്ടത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ടെന്നും കൂടുവെച്ച് പുലിയെ പിടിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

പഞ്ചായത്ത് അംഗങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് മറ്റത്തൂർ പഞ്ചായത്തിൽ ജന ജാഗ്രതാ സമിതി ചേർന്ന് തുടർ നടപടികൾ സ്വീകരിക്കുമെന്നും കൂടുവെക്കാൻ വനംവകുപ്പിനോട് ആവശ്യപ്പെടുമെന്നും മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ചൊക്കന, മാങ്കുറ്റിപ്പാടം എന്നിവിടങ്ങളിൽ സ്ഥാപിച്ച ക്യാമറയിലെ മെമ്മറി കാർഡ് പരിശോധിച്ചെങ്കിലും പുലിയുടെ ദൃശ്യങ്ങൾ ഇല്ലെന്ന് വെള്ളിക്കുളങ്ങര റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എസ്. ഷിനോജ് പറഞ്ഞു.