കുഴൂർ : ജനപ്രതിനിധികൾ കൈകോർത്ത് പോളക്കുളത്തിൽ ആരംഭിക്കാനിരുന്ന ബോട്ടിങ് പദ്ധതി വെള്ളത്തിലായി. പദ്ധതിയുടെ ഭാഗമായി വാങ്ങിയ നാല് പെഡൽ ബോട്ടുകൾ കരയിൽ കയറ്റിയിട്ടിരിക്കുകയാണ്. 2025 ജൂലായ് മാസത്തിൽ വാങ്ങിയ ബോട്ടുകൾ ഒരു വർഷത്തിലധികം വെള്ളത്തിൽ കിടക്കുകയായിരുന്നു. ഈ ബോട്ടുകൾ ഒരുമാസം മുൻപാണ് പോളക്കുളത്തിന്റെ സ്റ്റേജിലേക്ക് കയറ്റിവച്ചത്. ഇതിനകത്ത് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്.

To advertise here,

പോളക്കുളവുമായി ബന്ധപ്പെട്ട സൗന്ദര്യവത്കരണവും അടിസ്ഥാന സൗകര്യ വികസനവും എന്ന പദ്ധതിയുടെ ഭാഗമായാണ് ബോട്ടുകൾ വാങ്ങിയത്. രണ്ടുപേർക്ക് യാത്ര ചെയ്യാവുന്ന രണ്ടും, നാലുപേർക്കുള്ള രണ്ടും ബോട്ടുകളാണ് ഇവിടെയുള്ളത്.

 

കുഴൂർ പഞ്ചായത്തിന് ലഭിച്ച കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റിൽനിന്ന് 20 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിച്ചത്. പോളക്കുളവുമായി ബന്ധപ്പെട്ട് സ്റ്റേജ്, നടപ്പാതവികസനം, അടിസ്ഥാന സൗകര്യവികസനം, വിശ്രമകേന്ദ്രവും കഫേയും, ഓപ്പൺ ജിം തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്.

നിർമാണങ്ങൾ ഒരുവർഷം മുൻപ് കഴിഞ്ഞെങ്കിലും പദ്ധതി പൂർണമായി പ്രയോജനപ്പെടുത്തുന്നതിന് കഴിഞ്ഞിട്ടില്ല. നടപ്പാത, ഓപ്പൺ ജിം, കുട്ടികൾക്കുള്ള പാർക്ക് എന്നിവയാണ് പൂർണമായി ഉപയോഗത്തിലുള്ളത്.

പായലും ചണ്ടിയും കുളവാഴയും നിറഞ്ഞ് മൈതാനം പോലെ കിടന്നിരുന്ന ഒരേക്കർ വിസ്തൃതിയിലുള്ള പോളക്കുളത്തെ അന്നത്തെ എം.എൽ.എ. വി.ആർ. സുനിൽകുമാറിന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് 1.05 കോടി രൂപ ചെലവഴിച്ചാണ് മികച്ച ജലാശയമാക്കി വീണ്ടെടുത്തത്.

ലൈസൻസ് ഉള്ളവർ വേണം

ആഴമുള്ള കുളമായതിനാൽ ബോട്ടിങ് ഏറ്റെടുക്കുന്നതിന് അംഗീകൃത ലൈസൻസ് ഉള്ളവരുടെ സേവനം ആവശ്യമാണ്. അത്തരത്തിൽ ലൈസൻസ് ഉള്ളവരെ ലഭ്യമാക്കാൻ കഴിയാത്തതാണ് ബോട്ടിങ് തുടങ്ങാൻ തടസ്സമായുള്ളത്. ലൈസൻസികളെ അന്വേഷിച്ചുവരുകയാണ്.

സിൽവി സേവ്യർ (പ്രസിഡന്റ്, കുഴൂർ പഞ്ചായത്ത്)