അരൂർ : ദേശീയപാതയിൽ കുത്തിയതോട് പാലത്തിൽവെച്ച് കാറിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. ഓട്ടോഡ്രൈവർ ചന്തിരൂർ കണ്ടത്തിപ്പറമ്പ് ജീവൻ പി. രവി (38) ക്കും ഓട്ടോയിലെ യാത്രക്കാരായ രണ്ടുപേർക്കും പരിക്കേറ്റു.

To advertise here,

തിങ്കളാഴ്ച രാവിലെ 10.30-ഓടെയായിരുന്നു അപകടം. യാത്രക്കാർ തുറവൂർ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഇവരുടെ പരിക്ക് നിസ്സാരമാണ്. എന്നാൽ ഇരുകൈകൾക്കും ഗുരുതരമായി പരിക്കേറ്റ ജീവനെ എറണാകുളം ലേക്‌ഷോർ ആശുപത്രിയിലേക്ക് മാറ്റി. കൈപ്പത്തിക്കുള്ളിലെ മാംസം അടക്കം നഷ്ടപ്പെട്ട ഇയാൾക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞതായി അടുത്ത ബന്ധുക്കൾ അറിയിച്ചു.

ഓട്ടോ പാലത്തിന്റെ മധ്യഭാഗത്തെത്തിയപ്പോഴാണ് പിന്നാലെ വന്ന തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച കാർ ഓട്ടോയിലിടിച്ചത്. ഇതോടെ മുന്നിലെ ഇറക്കത്തിലേക്ക് നിയന്ത്രണം വിട്ട ഓട്ടോ റോഡരികിൽ സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡിലിടിച്ച് മറിഞ്ഞു. തൊട്ടുപിന്നാലെ വാഹനങ്ങളില്ലാതിരുന്നതിനാൽ മറ്റപകടം ഒഴിവായി. ഓടിക്കൂടിയവരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പാലത്തിന്റെ തൊട്ടടുത്തുള്ള കുത്തിയതോട് പോലീസ് സ്‌റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും അപകടം അറിഞ്ഞെത്തി.

ഉയരപ്പാതയുടെ ജോലികൾ അവസാനഘട്ടത്തിലായപ്പോഴേക്കും അരൂർ മുതൽ തുറവൂർവരെ ദേശീയപാതയിലും ടാറിങ്ങടക്കം ചെയ്തിട്ടുണ്ട്. ഇതേ തുടർന്ന് ഇവിടെ വാഹനങ്ങൾ അമിതവേഗത്തിലാണ് കടന്നുപോകുന്നത്. കുത്തിയതോടിൽ അപകടം ഉണ്ടാക്കിയ കാറും അതിവേഗത്തിലായിരുന്നു.

ഞായറാഴ്ച രാത്രി എരമല്ലൂരിന് സമീപം ഇരുചക്രവാഹനവും അപകടത്തിൽ പെട്ടു. മറ്റൊരു ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന കുടുംബത്തെ രക്ഷിക്കാനായി ബൈക്ക് വെട്ടിച്ചതോടെ ഭക്ഷണവിതരണത്തിനായി പോയ ചന്തിരൂർ സ്വദേശി ഷംനാസ് സഞ്ചരിച്ച ബൈക്കാണ് മീഡിയനിൽ ഇടിച്ചുതകർന്നത്. ഷംനാസിന് പരിക്കുകളൊന്നുമില്ല.