കോടശ്ശേരി : കോടശ്ശേരി പഞ്ചായത്തിലെ കോട്ടാമലയിലെ മുനിയറകളും ചൂളക്കടവിലെ നാട്ടുകല്ലും ഭാവി തലമുറയ്ക്കായി സംരക്ഷിക്കപ്പെടണമെന്നാവശ്യം. എറണാകുളം മഹാരാജാസ് കോളേജിലെ പുരാവസ്തു വിഭാഗത്തിലെ അസി. പ്രൊഫസർമാർ പഠനത്തിന്റെ ഭാഗമായി സ്ഥലം സന്ദർശിച്ചു.
രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള കേരളത്തിന്റെ ഇരുമ്പുയുഗ കാലഘട്ടവുമായി ബന്ധപ്പെട്ട മുനിയറകളാണ് ഇവിടെയുള്ളത്. സമീപത്ത് പാറമട വന്നതോടെ പരിസരത്തെ മറ്റ് മുനിയറകൾ നശിപ്പിക്കപ്പെട്ടു. ഒരു മുനിയറ മാത്രമാണ് പൂർണമായ നിലയിൽ കണ്ടെത്താനായത്.
ജില്ലയുടെ വിവിധ മേഖലകളിൽ കണ്ടുവരുന്ന മഹാശിലയുഗ സംസ്‌കാരത്തിലുള്ള കുടക്കല്ല്, തൊപ്പിക്കല്ല്, നന്നങ്ങാടി തുടങ്ങിയവ സംരക്ഷിക്കേണ്ടതാണെങ്കിലും നശിപ്പിക്കപ്പെടുകയാണ്. ഇൗ സാഹചര്യം കണക്കിലെടുത്ത് ഭാവിതലമുറയ്ക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന വിധം പുനർസംരക്ഷണം ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, തിരുവനന്തപുരത്തെ സംസ്ഥാന പുരാവസ്തു വകുപ്പിനും വിശദമായി റിപ്പോർട്ട് നൽകുമെന്ന് അധ്യാപകർ പറഞ്ഞു.
മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലിന്റെ നിർദേശപ്രകാരമാണ് വിശദമായ പഠനത്തിനായി അസി. പ്രൊഫസർമാരായ എസ്. കുമ്പോദരൻ, ആർ. രാഹുൽ, ആർ. ബിമൽ രാജ്, എൻ.ആർ. അതുല്യ എന്നിവരടങ്ങുന്ന സംഘം എത്തിയത്. മോതിരക്കണ്ണി സ്വദേശികളായ വൈൽഡ് ഫോട്ടോഗ്രാഫർ പി.വി. ജോസും സുഹൃത്ത് അനീഷ് വൈദ്യരും മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനോട് സ്ഥലം സന്ദർശിക്കാനും സംരക്ഷിക്കാനും ആവശ്യപ്പെട്ടതിനെ തുടർന്നാണ് അധ്യാപക സംഘം പഠനത്തിനെത്തിയത്.
Published: 28 Sept 2026, 01:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented