കൊച്ചി : ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ നാം ഓരോരുത്തരും വാർഡ് തലത്തിൽ 'തൂഫാൻ വോറിയർ' ആയി പ്രവർത്തിക്കണമെന്ന് ജെബി മേത്തർ എം.പി. ലഹരിവിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത് ആഭ്യന്തരവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ രണ്ടാംഘട്ടമായ 'തൂഫാൻ തദ്ദേശം' കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻതല ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു എം.പി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം വേങ്ങരയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.

To advertise here,

ചടങ്ങിൽ മന്ത്രിമാരായ കെ.എം. ഷാജി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുത്തു.

കൊച്ചി കോർപ്പറേഷന്റെയും കേരള പോലീസിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഏവരുടെയും പിന്തുണ വേണമെന്ന് എം.പി. അഭ്യർഥിച്ചു. സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് പൂർണ പിന്തുണ നൽകുമെന്നും എല്ലാ വാർ‍ഡുകളിലും ജനങ്ങളുമായി സഹകരിച്ച് പ്രവർത്തനം ശക്തമാക്കുമെന്നും അധ്യക്ഷപ്രസംഗത്തിൽ കൊച്ചി മേയർ വി.കെ. മിനിമോൾ ഉറപ്പുനൽകി. കോർപ്പറേഷനിലെ എല്ലാ വാർഡുകളിലും ഉടൻതന്നെ 'തൂഫാൻ വോറിയർ'മാരെ നിയോഗിക്കുമെന്നും മേയർ അറിയിച്ചു.

ചടങ്ങിൽ ജനപ്രതിനിധികൾ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ഗേൾസ് ഹൈസ്കൂളിലെ എസ്.പി.സി. കെഡേറ്റുകൾ എന്നിവർക്ക് ജെബി മേത്തർ എം.പി. തൂഫാൻ വോറിയർ ബാഡ്ജുകൾ വിതരണം ചെയ്തു. സിറ്റി പോലീസ് കമ്മിഷണർ കെ. കാളിരാജ് മഹേഷ് കുമാർ, ഡി.സി.പി. മോഹിത് റാവത്ത്, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ. അഷ്റഫ്, ആന്റണി പൈനുതറ, സീന ടീച്ചർ, അഡ്വ. പി.എം. നസീമ, ഷാകൃത സുരേഷ് ബാബു, കെ.എ. മനാഫ്, ജിസ്മി ജെറാൾഡ്, അസി കമ്മിഷണർമാരായ സിബി ടോം, സുനിൽകുമാർ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി പി.എസ്. ഷിബു എന്നിവർ പങ്കെടുത്തു.