അങ്കമാലി : കൊച്ചി വിമാനത്താവളത്തിലേക്കുള്ള രണ്ട് റോഡുകൾ കുഴികളുടെ താവളം. മറ്റൂർ-കരിയാട്, വേങ്ങൂർ-എയർപോർട്ട് റോഡുകളാണ് കുഴികൾ നിറഞ്ഞ് അപകടക്കെണിയായി മാറിയിരിക്കുന്നത്.
രണ്ട് റോഡുകളിലും വിവിധ ഇടങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. അതിനാൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. ഇരുറോഡുകളും മൂന്നുകോടി രൂപ വീതം ചെലവിട്ട് ബി.എം.ബി.സി. നിലവാരത്തിൽ ടാറിങ് നടത്തുന്നതിനുള്ള നടപടികൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂർത്തിയായതാണ്.
ഇതിന്റെ ഭാഗമായി വേങ്ങൂർ-എയർപോർട്ട് റോഡിൽ ആദ്യഘട്ട നിർമാണം ഭാഗികമായി പൂർത്തീകരിച്ചെങ്കിലും രണ്ട് കലുങ്ക് പുതുക്കി പണിതിടത്ത് നാല് മാസം പിന്നിട്ടിട്ടും ടാറിങ് പൂർത്തീകരിച്ചിട്ടില്ല. ഇതുമൂലം ഇവിടം അപകടകേന്ദ്രമായി മാറി.
മറ്റൂർ-കരിയാട് റോഡിൽ ചെത്തിക്കോട് മുതൽ എയർപോർട്ട് കവാടം വരെയും പലയിടത്തും കുഴികളാണ്.
ഇരുചക്രവാഹനങ്ങിൽ യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരന്തരം കുഴിയിൽ വീണ് ചികിത്സതേടേണ്ടി വരുകയാണ്. കാറുകൾ ഉൾപ്പെടെ കുഴിയിൽ ചാടി അടിഭാഗം അടർന്നുപോകുന്നതും നിത്യസംഭവമാണ്.
എയർപോർട്ടിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ടതും വളരെ തിരക്കേറിയതുമായ റോഡാണിത്. റോഡിലെ അപകടാവസ്ഥ ബന്ധപെട്ട അധികൃതരുടെ ശ്രദ്ധയിൽ പലവട്ടം പെടുത്തിയിട്ടും പരിഹാരം കാണാത്തതിനെ തുടർന്ന് പ്രദേശത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ സംഘടിപ്പിച്ചു. എന്നിട്ടും അധികാരികൾ ഇതൊന്നും കണ്ടമട്ടില്ല.
ഉടൻ റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് റോഡ് ഉപരോധമുൾപ്പടെ ശക്തമായ സമരമാർഗം സ്വീകരിക്കുമെന്ന് എയർപോർട്ട് വാർഡ് കൗൺസിലറും നഗരസഭാ പ്രതിപക്ഷ നേതാവുമായ ടി.വൈ. ഏലിയാസ് അറിയിച്ചു.
Published: 29 Sept 2026, 03:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented