ഇരിങ്ങാലക്കുട : ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിന് പുതിയ കളരി നിലയം നിർമിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി വൈകുന്നു. 3.7 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ് 25 ലക്ഷത്തിന്റെ ആദ്യഗഡു അനുവദിച്ചത്. ഇത് നിർമാണച്ചുമതല ഏറ്റെടുത്തിട്ടുള്ള കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയാ ഡിവലപ്മെന്റ് കോർപറേഷന് കൈമാറി കരാർ നടപടികൾ പൂർത്തിയാക്കി.

To advertise here,

എന്നാൽ പദ്ധതിക്ക് സാങ്കേതിക അനുമതി കിട്ടിയെങ്കിലും ഇതിനായി അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനെത്തുടർന്ന് ഭരണാനുമതി ലഭിച്ചില്ല. യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയശേഷം ഭരണാനുമതി ലഭ്യമായിട്ടില്ല. ഇതിനുള്ള ശ്രമങ്ങൾ നടത്തിവരുകയാണെന്ന് കലാനിലയം സെക്രട്ടറി സതീഷ് വിമലൻ പറഞ്ഞു. 3.7 കോടിയുടെ പദ്ധതിയാണ്. ഭരണാനുമതി കിട്ടിയാൽ മാത്രമേ തുടർനടപടികളെടുക്കാൻ സാധിക്കൂ. ചെറിയ തുക ലഭ്യമാക്കിയതുകൊണ്ട് ഗുണമില്ല. പദ്ധതിക്കാവശ്യമായ പണം ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.

കേരള ശാകുന്തളം എന്ന് കീർത്തികേട്ട നളചരിതം ആട്ടക്കഥയുടെ കർത്താവായ ഉണ്ണായിവാരിയരുടെ ജന്മഗൃഹമുണ്ടായിരുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം തെക്കേനടയിലാണ് 1955-ൽ കലാനിലയം സ്ഥാപിച്ചത്. കഥകളി അഭ്യാസത്തിനായി സർക്കാർ നടത്തുന്ന രണ്ട് പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ് കലാനിലയം.

പരിതാപകരമായ അവസ്ഥയിൽ നിൽക്കുന്ന കലാനിലയം ഓഡിറ്റോറിയം പൊളിച്ച് പുതിയ കളരി നിലയവും ഓഫീസ് കെട്ടിടവും നിർമിക്കാനാണ് ഭരണസമിതി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആറന്മുള വാസ്തുവിദ്യാ ഗുരുകുലമാണ് കേരളീയ മാതൃകയിൽ ഇതിനുള്ള രൂപരേഖ ഒരുക്കിയിരിക്കുന്നത്. മുൻവശത്തെ ജീർണാവസ്ഥയിലുള്ള ഓഡിറ്റോറിയം മാറ്റി ഇപ്പോൾ പിറകിലുള്ള ഓഫീസ് കെട്ടിടം മുന്നിലേക്കു കൊണ്ടുവന്ന് അതിനു പിറകിൽ കളരി എന്ന നിലയിലാണ് പുതിയ കെട്ടിടം ഒരുക്കുക.

4858 ചതുരശ്ര അടി വിസ്തീർണമുള്ള കളരി നിലയത്തിൽ 150 പേർക്ക് ഇരുന്ന് കളി വീക്ഷിക്കാവുന്ന തരത്തിൽ കളരി സജ്ജീകരിക്കുന്നതോടൊപ്പം സ്റ്റേജ്, അണിയറ എന്നിവയും ഉണ്ടാകും.