എരുമപ്പെട്ടി : കുന്നത്തേരി-പതിയാരം പാടശേഖരത്തിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. എരുമപ്പെട്ടി-പതിയാരം പാടശേഖരത്തിനോരത്തെ പാടത്താണ് കഴിഞ്ഞ ദിവസം മനുഷ്യവിസർജ്യം ഉൾപ്പെടെ വലിച്ചെറിഞ്ഞത്. നടീൽ കഴിഞ്ഞ് ഓരോ ദിവസവും നെൽച്ചെടികൾ പരിപാലിക്കുന്ന സമയത്ത് ദുർഗന്ധമുള്ള മാലിന്യം പാടത്ത് കിടക്കുന്നത് കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.

To advertise here,

കൂടാതെ കലുങ്കുകൾക്ക് സമീപം മദ്യക്കുപ്പികളും കാണാം. കുപ്പികൾ വലിച്ചെറിയുമ്പോൾ പാടത്ത് ചിതറിക്കിടക്കുന്നത് കാലിൽ മുറിവേൽക്കുന്നതിനും കാരണമാകുന്നുണ്ട്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ കർഷകരുടെ ജീവനും ഭീഷണിയാകുന്നുണ്ട്. സമീപത്തെ നിരീക്ഷണ ക്യാമറകളിൽനിന്ന്‌ മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിയെ കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ട്. കൂടാതെ എരുമപ്പെട്ടി പഞ്ചായത്തിലും പോലീസിലും പരാതി നൽകുമെന്നും കർഷകർ പറഞ്ഞു.

അടുത്തിടെ കൃഷിക്കായി നിലം ഒരുക്കുമ്പോൾ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ വലിയ അധ്വാനം വേണ്ടി വന്നു. പാടത്തും റോഡരികിലും മാലിന്യം തള്ളുന്ന സമൂഹ വിരുദ്ധർക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നാണ് ആവശ്യം.