കോതമംഗലം : കൊച്ചി-ധനുഷ്‌കോടി ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നേര്യമംഗലത്ത് നിർമിച്ച പാലം അടുത്തമാസം ഗതാഗതത്തിന് തുറക്കും. 1935-ൽ നിർമിച്ച പഴയ ആർച്ചുപാലത്തിന് സമാന്തരമായാണ് പുതിയ പാലം പണിതിരിക്കുന്നത്. തിരുവിതാംകൂർ രാജഭരണകാലത്ത് നിർമിച്ച ആർച്ച് പാലം 91 വർഷം പിന്നിടുന്നു. സുർഖി മിശ്രിതം ഉപയോഗിച്ചായിരുന്നു നിർമാണം. എറണാകുളം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പഴയ പാലത്തിനോട് ചേർന്നാണ് പുതിയ പാലം.

To advertise here,

കേരളത്തിലെ പ്രഥമ ആർച്ച് പാലമാണ് പഴയതെങ്കിൽ പുതിയത് ആദ്യ ബോ സ്ട്രിങ് സ്റ്റീൽ ആർച്ച് (വില്ല് പോലെ സ്റ്റീൽ റാഡുകളിൽ) പാലമാണ് നിർമിച്ചിരിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 42 മീറ്റർ നീളത്തിൽ അഞ്ച് സ്പാനുകളിലായാണ് നിർമാണം. 214 മീറ്റർ നീളവും 13 മീറ്റർ വീതിയിലുമാണ് പണിതിരിക്കുന്നത്. ഇതിൽ 8 മീറ്റർ വാഹനങ്ങൾ കടന്നുപോകുന്നതിനായുള്ള വീതി. ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ നടപ്പാത ഉണ്ടായിരിക്കും. പഴയ പാലത്തിന് 4 മീറ്റർ വീതിയാണുള്ളത്. പാലത്തിൽ ടാറിങ് തുടങ്ങി. നാലുദിവസത്തിനുള്ളിൽ അപ്രോച്ച് റോഡ് പണി ആരംഭിക്കും. അതോടൊപ്പം വാക്ക്‌വേ പണിയും പൂർത്തീകരിക്കും.

പാലത്തിന്റെ നിർമാണം ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. പാലം ഒക്ടോബർ 15-ന് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ഡീൻ കുര്യാക്കോസ് അറിയിച്ചു. കവളങ്ങാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സൗമ്യ ശശി, പ്രിയങ്ക ടോമി, ഫ്രാങ്കോ കെ. ജെയിംസ്, സുനി അയ്യപ്പൻ തുടങ്ങിയവർ എം.പി.ക്കൊപ്പം ഉണ്ടായിരുന്നു.