പരീക്ഷാഫലം തടഞ്ഞ് ഹോസ്റ്റൽ ഫീസ് പിരിവ്

To advertise here,

തൃശ്ശൂർ : ഹോസ്റ്റൽഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷാഫലം തടഞ്ഞുവെച്ചതിനെതിരേയും കുത്തനെയുള്ള ഹോസ്റ്റൽഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ വിദ്യാർഥിസമരം ശക്തമാക്കി.

ശനിയാഴ്ച മുതൽ കാമ്പസിൽ വിദ്യാർഥിസംഘടനകൾ നടത്തിവന്ന പ്രതിഷേധം തിങ്കളാഴ്ച കോളേജ് യൂണിയൻ ഏറ്റെടുത്തു. കവാടത്തിനു മുന്നിൽ വിദ്യാർഥികൾ കുടിൽകെട്ടി സമരം തുടങ്ങി. വിഷയത്തിൽ വൈസ് ചാൻസലറടക്കമുള്ള അധികൃതരുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം.

പൂക്കോട്, മണ്ണുത്തി കാമ്പസുകളിലായി ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറി കോഴ്സിന് ഒന്നാംവർഷം പഠിക്കുന്ന 175 വിദ്യാർഥികളുടെ പരീക്ഷാഫലമാണ് ഹോസ്റ്റൽഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ തടഞ്ഞുവെച്ചിരിക്കുന്നത്. ഒക്ടോബർ മൂന്നിനകം പിഴയില്ലാതെ രണ്ടാംവർഷ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതിനാൽ അതിനു മുൻപ് ഫലം പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യം.

വർഷം 3,600 രൂപയായിരുന്ന ഹോസ്റ്റൽഫീസ് ഒറ്റയടിക്ക് 24,000 രൂപയാക്കിയതാണ് പ്രതിഷേധത്തിന് കാരണം. മെസ്സ് ഫീസിന് പുറമേയാണിത്. ഹോസ്റ്റലുകളിൽ മതിയായ സൗകര്യങ്ങളില്ലെന്നും ഫീസ് വർധന താങ്ങാനാകാത്തതാണെന്നും വിദ്യാർഥികൾ പറയുന്നു.

ഫീസ് വർധന സംബന്ധിച്ച തീരുമാനം 2024-ൽ എടുത്തതാണെന്നും വിദ്യാർഥികൾക്ക് സാധ്യമായ ഇളവുകൾ നൽകിയിട്ടുണ്ടെന്നുമാണ് സർവകലാശാലാ അധികൃതരുടെ വാദം. പ്രവേശനസമയത്തുതന്നെ ഹോസ്റ്റൽ വാടക കൂട്ടിയ കാര്യം വിദ്യാർഥികൾക്ക് അറിയാമായിരുന്നുവെന്നും അധികൃതർ പറയുന്നു. എന്നാൽ ഫീസ് തർക്കത്തിന് പരിഹാരം കാണാതെ പരീക്ഷാഫലം തടഞ്ഞുവെക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിദ്യാർഥികളുമായി അടിയന്തരമായി ചർച്ച നടത്തി ഫലം പ്രസിദ്ധീകരിക്കണമെന്നും കോളേജ് യൂണിയൻ ആവശ്യപ്പെട്ടു.