കോതമംഗലം : മാർത്തോമ്മ ചെറിയപള്ളിയിൽ പരിശുദ്ധ ബാവയുടെ 341-ാമത് ഓർമ്മപ്പെരുന്നാളിന്റെ പ്രധാന പെരുന്നാൾ ഒക്ടോബർ 2, 3 തീയതികളിൽ നടക്കും. ഈ ദിവസങ്ങൾ കോതമംഗലം ഫെസ്റ്റിവൽ ഏരിയയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

To advertise here,

പെരുന്നാൾ ദിവസങ്ങളിലെ നേർച്ചസദ്യയ്ക്കുള്ള ഉത്പന്നം ശേഖരിച്ചുള്ള 'കലവറ നിറയ്ക്കൽ' ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. ഷിബു തെക്കുംപുറം എം.എൽ.എ., നഗരസഭാ ചെയർപേഴ്‌സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, മുൻ എം.എൽ.എ. ആന്റണി ജോൺ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ബുധനാഴ്ച രാവിലെ നടന്ന അഞ്ചിന്മേൽ കുർബാനയ്ക്ക് മർക്കോസ് മാർ ക്രിസോസ്റ്റമോസ് പ്രധാന കാർമികത്വം വഹിച്ചു. വ്യാഴാഴ്ച രാവിലെ അഞ്ചിന്മേൽ കുർബാനയ്ക്ക് മലേക്കുരിശ് ദയറാധിപൻ കുര്യാക്കോസ് മാർ ദിയസ്‌കോറോസ് പ്രധാന കാർമികത്വം വഹിക്കും. വൈകീട്ട് 6-ന് സന്ധ്യാ നമസ്‌കാരവും ഉണ്ടായിരിക്കും.ഒക്ടോബർ 2-ന് രാവിലെ 7.15-ന് മൂന്നിന്മേൽ കുർബാനയ്ക്ക് ഡോ. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത പ്രധാന കാർമികനാകും. വൈകീട്ട് 3-ന് മേമ്പൂട്ടിൽനിന്ന് പള്ളി ഉപകരണങ്ങൾ ആഘോഷമായി പള്ളിയകത്തേക്കാനയിക്കും. 5-ന് ഹൈറേഞ്ച്, പടിഞ്ഞാറ്, വടക്ക്, പോത്താനിക്കാട് എന്നീ മേഖലകളിൽനിന്നും കാൽനടയായി എത്തുന്ന തീർഥാടക സംഘങ്ങളെ വൈദികരും പള്ളി ഭരണസമിതിയും ചേർന്ന് സ്വീകരിക്കും. 6-ന് സന്ധ്യാ നമസ്‌കാരത്തിന് ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മാർ ബസേലിയോസ് ജോസഫ് ബാവ പ്രധാനകാർമികത്വവും മറ്റു മെത്രാപ്പോലീത്തമാർ സഹകാർമികത്വവും വഹിക്കും.

രാത്രി 10-ന് നഗരം ചുറ്റി പ്രദക്ഷിണം നടക്കും. വാദ്യോപകരണ ഘോഷത്തോടെ 151 പൊൻ-വെള്ളി കുരിശുകളുടെ അകമ്പടിയോടെയാണ് പ്രദക്ഷിണം. രാവിലെ 9 മുതൽ രാത്രി 10 വരെ പള്ളിയിൽ എത്തുന്ന മുഴുവൻ തീർഥാടകർക്കും നേർച്ചക്കഞ്ഞി വിതരണം ചെയ്യുന്നതിന് പള്ളിയുടെ പടിഞ്ഞാറുവശത്ത് പ്രത്യേകം പന്തൽ തയ്യാറാക്കിയിട്ടുണ്ട്. പെരുന്നാൾ ദിവസങ്ങളിൽ നടത്തുന്ന അഞ്ചിന്മേൽ കുർബാനയ്ക്കും മൂന്നിൻമേൽ കുർബാനയ്ക്കും അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കാൻ അയൽ സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നുമായി പതിനായിരങ്ങൾ എത്തിച്ചേരും.

പെരുന്നാൾ പ്രമാണിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസുകളും സ്‌പെഷ്യൽ സർവീസ് ക്രമീകരിച്ചിട്ടുണ്ട്. മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ്, വികാരി ഫാ. സാജു കുരിക്കപിള്ളിൽ, സഹവികാരിമാരായ ഫാ. സിബി ഇടപ്പുളവൻ, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. നോബി വെട്ടിച്ചിറ, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, വർക്കിങ് കമ്മിറ്റിയംഗങ്ങളായ കെ.കെ. ജോസഫ്, ബേബി ആഞ്ഞിലിവേലി, സലിം ചെറിയാൻ, ഡോ. റോയ് എം. ജോർജ്, എബി ചേലാട്ട്, ഏലിയാസ് വർഗീസ്, മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകിവരുന്നു.