സെക്രട്ടറി, അസി. സെക്രട്ടറി, ജൂനിയർ സൂപ്രണ്ട് എല്ലാം ഒരാൾ

To advertise here,

അസി. സെക്രട്ടറി ഒരു മാസമായി അവധിയിൽ

ചുമതലകൾ ജൂനിയർ സൂപ്രണ്ടിന്

മാള : മാള പഞ്ചായത്തിൽ സെക്രട്ടറിയുടെയും അസി. സെക്രട്ടറിയുടെയും ജോലി ഒരാളുടെ തലയിലായപ്പോൾ ഫയലുകൾ തീർപ്പാക്കാനാകാതെ ജനം വലയുന്നു. പഞ്ചായത്തിൽ ആറു മാസമായി സെക്രട്ടറിയുടെയും ഒരു മാസമായി അസി. സെക്രട്ടറിയുടെയും കസേര ഒഴിഞ്ഞുകിടക്കുകയാണ്.

സെക്രട്ടറിയെ നിയമിക്കാതെ ജനങ്ങളെയും ജനപ്രതിനിധികളെയും തദ്ദേശ വകുപ്പ് വട്ടംകറക്കുന്നതിനിടയിലാണ് അസി. സെക്രട്ടറി കൂടി അവധിയിൽ പോയത്. ഇപ്പോൾ സെക്രട്ടറിയുടെയും അസി. സെക്രട്ടറിയുടെയും ചുമതലകൾ വഹിക്കുന്നത് ജൂനിയർ സൂപ്രണ്ടാണ്. ഓഫീസ് ജോലിക്കിടയിൽ സെക്രട്ടറിയും അസി. സെക്രട്ടറിയും പങ്കെടുക്കേണ്ട യോഗങ്ങളും സ്ഥലം സന്ദർശനങ്ങളും ഇപ്പോൾ ജൂനിയർ സൂപ്രണ്ടാണ് നിർവഹിക്കുന്നത്.

അതോടെ പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കുള്ള വിവിധ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലും വിതരണവും വൈകുന്നതായി ആക്ഷേപമുണ്ട്. പഞ്ചായത്ത് സെക്രട്ടറിമാരുടെ സ്ഥലം മാറ്റവും നിയമനവും സംസ്ഥാനതലത്തിൽ അഞ്ച് മാസത്തിനുള്ളിൽ അഞ്ച് തവണ നടന്നെങ്കിലും മാളയിലെ കസേരയിലേക്ക് ആരെയും നിയമിച്ചില്ല.

മാളയിലുള്ള പല സെക്രട്ടറിമാരും ദൂരെയുള്ള മറ്റു ജില്ലകളിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും മാളയിലേക്ക് വരാൻ തയ്യാറാകുന്നില്ലെന്നാണ് ഒരു വിഭാഗം ജീവനക്കാർ പറയുന്നത്. പഞ്ചായത്ത് വാദിയും എതിർകക്ഷിയുമായി നിരവധി കേസുകളാണ് വർഷങ്ങളായി നിലവിലുള്ളത്. തർക്കങ്ങളും വിവാദങ്ങളും തുടർച്ചയായി ഉണ്ടാകുന്നത് ജീവനക്കാരെ മാനസിക സമ്മർദത്തിലാക്കുന്നുണ്ട്.

മാള ഉൾപ്പെടുന്ന മണ്ഡലത്തിലെ എം.എൽ.എ. മന്ത്രിയായിട്ടുപോലും പഞ്ചായത്ത് സെക്രട്ടറിയെ നിയമിക്കാൻ കഴിയാത്തത് കഴിവുകേടാണെന്ന് ബി.ജെ.പി. മാള മണ്ഡലം പ്രസിഡന്റ് സി.എസ്. അനുമോദ് ആരോപിച്ചു.