കാഞ്ഞിരമറ്റം : ആമ്പല്ലൂർ പഞ്ചായത്ത് നാലാം വാർഡിൽ 1955 മുതൽ പ്രവർത്തിക്കുന്ന കണയന്നൂർ കൈത്തറി നെയ്ത്ത് സഹകരണസംഘം ഇടിഞ്ഞു വീഴാറായ നിലയിൽ. മുൻപ് നിരവധി തൊഴിലാളികളും ജീവനക്കാരുമുണ്ടായിരുന്ന സംഘത്തിന്റെ കെട്ടിടം ഏറെ സജീവമായിരുന്നു. ഉത്‌പാദനം കുറയുകയും വ്യവസായം തന്നെ നഷ്ടത്തിലാവുകയും ചെയ്തതോടെ ഭൂരിഭാഗം തൊഴിലാളികളും മറ്റു തൊഴിലുകൾ തേടിപ്പോയി. 142 അംഗങ്ങളും 3,66,700 രൂപ സർക്കാർ ഓഹരിയുമുള്ള സംഘത്തെ ആശ്രയിക്കുന്ന കുടുംബങ്ങൾക്ക് ജോലിചെയ്യാൻ കഴിയാത്തതും പ്രതിസന്ധിയാണ്. സംഘം പ്രവർത്തനത്തിന് കേരള ബാങ്ക് മുളന്തുരുത്തി ശാഖയിൽ നിന്നും കാഷ് ക്രെഡിറ്റായി 9,60,000 രൂപ പ്രവർത്തന മൂലധനമായി ഉപയോഗിക്കുന്നതിനും 2,90,480 രൂപ സംഘത്തിന്റെ ആധാരം െവച്ച് കെട്ടിടത്തിന്റെ നവീകരണത്തിനായും എടുത്തിട്ടുണ്ട്. സംഘം പ്രവർത്തനം നഷ്ടത്തിലായതോടെ 2009-നു ശേഷം വായ്പയുടെ പലിശ പോലും അടയ്ക്കാനായിട്ടില്ല. ഇപ്പോൾ ഏതാണ്ട് 67 ലക്ഷം രൂപയാണ് സംഘത്തിന്റെ ബാധ്യത. വായ്പാ തിരിച്ചടവിന് കഴിയാത്ത സംഘം ജപ്തിയുടെ വക്കിലുമാണ്.
എന്നാൽ ഭാരതത്തിന്റെ പാരമ്പര്യ വ്യവസായമായ കൈത്തറിയെ സംരക്ഷിച്ചു നിർത്തുന്ന സർക്കാരിന് ഈ വ്യവസായശാലയുടെ നവീകരണത്തിനും ബാധ്യതയുണ്ട്. വ്യവസായവകുപ്പിന് കീഴിലുള്ള ഈ കൈത്തറി നെയ്ത്ത് സഹകരണസംഘത്തിൽ ഇപ്പോഴും ഉത്‌പാദനം നടക്കുന്നു. യൂണിഫോമും സർക്കാർ നൽകുന്ന ഓർഡറുകളും കൃത്യമായി ഉത്‌പാദിപ്പിക്കുന്ന സംഘം ഇവിടെ പ്രവർത്തിക്കുന്നവർക്കും പരിസരവാസികൾക്കും പേടിസ്വപ്നമാവുന്നത് പഴകി ജീർണിച്ച കെട്ടിടം ഇടിഞ്ഞുവീണുണ്ടാകുന്ന ദുരന്തം മുന്നിൽക്കണ്ടാണ്. മേൽക്കൂരകളും ഭിത്തികളും ജീർണിച്ച് എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാമെന്നതിനാൽ തൊഴിലാളികളിൽ പലരും അക്കാരണംകൊണ്ടുകൂടിയാണ് ഇവിടെ നിന്നും പിൻവാങ്ങിയത്. വർഷങ്ങളായി ജീർണിച്ചതാണെങ്കിലും ഒരാഴ്ചയായി ഇതിന്റെ ഭിത്തികളും തൂണുകളും ഓരോ ദിവസവും കൂടുതൽ കൂടുതൽ ചരിഞ്ഞുവരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സംഘം പ്രവർത്തകർ ഭീതിയിലാണ്.
റോഡിനരികിലുള്ള കെട്ടിടം ഇടിഞ്ഞുവീണാൽ വഴിയാത്രക്കാർക്കുൾപ്പെടെ പരിക്കേൽക്കുമെന്നതാണ് സ്ഥിതി. സമീപത്തെ പൊതു പ്രവർത്തകർ ഒരു സാങ്കേതിക വിദഗ്ധനെ വരുത്തി കെട്ടിടം കാണിച്ചപ്പോൾ കെട്ടിടത്തിനുള്ളിൽ ആരെയും കയറാൻ അനുവദിക്കരുതെന്നും ഒരു ചെറിയ കുടുക്കത്തിൽ പോലും കെട്ടിടമാകെ നിലംപതിക്കാമെന്നുമാണ് അറിയിച്ചത്. ഇതോടെ പരിസരവാസികൾ ജീവനക്കാരെയും തൊഴിലാളികളെയും കെട്ടിടത്തിനകത്തു കയറുന്നതിൽ നിന്നും വിലക്കിയിരിക്കുകയാണ്. രണ്ടുനിലകളുള്ള കെട്ടിടം റോഡിൽ നിന്നും 10 അടിയോളം ഉയരത്തിലാണ്. മനുഷ്യജീവനു ഭീഷണിയായി മാറിയ കെട്ടിടം പുനരുദ്ധരിക്കാനും പുതിയ സംവിധാനങ്ങളൊരുക്കി സംഘത്തെ നവീകരിക്കാനും വ്യവസായ-സഹകരണ വകുപ്പുകളും തദ്ദേശഭരണ വകുപ്പും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 01 Oct 2026, 03:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented