എരുമപ്പെട്ടിയിലെ വനിതാ ഫിറ്റ്‌നസ് സെന്റർ ഉദ്ഘാടനം കഴിഞ്ഞ് പൂട്ടിയിട്ടിട്ട് 13 മാസം

To advertise here,

എരുമപ്പെട്ടി : എരുമപ്പെട്ടി പഞ്ചായത്തിലെ വനിതാ ഫിറ്റ്‌നസ് സെന്റർ ഉദ്ഘാടനം കഴിഞ്ഞ് 13 മാസം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ല. 2025 ഓഗസ്റ്റ് 27-ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.വി. നഫീസയാണ് സെന്റർ ഉദ്ഘാടനം ചെയ്തത്.

ജില്ലാ പഞ്ചായത്തിന്റേയും എരുമപ്പെട്ടി പഞ്ചായത്തിന്റേയും സംയുക്ത പദ്ധതിക്കായി 10 ലക്ഷം രൂപയാണ് വിനിയോഗിച്ചിരുന്നത്. ഫിറ്റ്‌നസ് നിലനിർത്തുന്നതിനുള്ള വിവിധ ഇലക്ട്രോ‌ണിക്‌സ്, ഇലക്ട്രി‌ക് ഉപകരണങ്ങളും വ്യായാമങ്ങൾക്കുള്ള ഉപകരണങ്ങളുമാണ് ഇവിടെ ഒരുക്കിയിരുന്നത്. ‌

13 മാസമായി അടഞ്ഞു കിടക്കുന്ന മുറിയിലെ ഈ ഉപകരണങ്ങൾ തുരുമ്പെടുത്തു തുടങ്ങിയിട്ടുണ്ടാകും. ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്് ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടന്നാൽ നശിച്ചു പോകാനും ഇടയുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

പഞ്ചായത്തംഗം ഫ്രിജോ വടക്കൂട്ടിന്റെ നേതൃത്വത്തിൽ സെന്റർ തുറക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു.

സമീപവാസികളായ അൻപതിലധികം വനിതകൾ ചേർന്ന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ തുറക്കാനുള്ള നടപടിയൊന്നും ഉണ്ടായിട്ടില്ല. സെന്ററിന്റെ ചുമതല കുടുംബശ്രീയെ ഏൽപ്പിക്കുമെന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ നടന്ന ചർച്ചയിൽ പറഞ്ഞിരുന്നു.

കുടുംബശ്രീക്ക് കൈമാറാനും പരിശീലകയെ നിയമിക്കാനുള്ള നടപടികളും പൂർത്തിയാക്കാൻ ഇനിയും മാസങ്ങളെടുത്തേക്കാം.