പാവറട്ടി : പെരിങ്ങാട് പുഴയിലെ കണ്ടൽ പ്രദേശങ്ങൾ അളന്ന് തിട്ടപ്പെടുത്തി ജി.പി.എസ്. സ്കെച്ച് തയ്യാറാക്കുന്നതിനുള്ള നിർദേശത്തിനെതിരേ പാവറട്ടി പഞ്ചായത്ത് ഭരണസമിതി രംഗത്ത്. അഞ്ച് പഞ്ചായത്തുകളിലെ സെക്രട്ടറിമാർക്ക് കളക്ടറുടെ കത്ത് ലഭിച്ചതിനെ തുടർന്ന് ചേർന്ന അടിയന്തര ഭരണസമിതി യോഗത്തിലാണ് നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.

To advertise here,

സംസ്ഥാന സർക്കാർ റിസർവ് ഫോറസ്റ്റ് നോട്ടിഫിക്കേഷൻ പിൻവലിക്കാൻ തീരുമാനിച്ച സാഹചര്യത്തിലും,റിസർവ് ഫോറസ്റ്റിനെതിരേ പഞ്ചായത്ത് ഭരണസമിതി ഹൈക്കോടതിയിൽ പ്രമേയവും സത്യവാങ്മൂലവും സമർപ്പിച്ചിട്ടുള്ള സാഹചര്യത്തിലും പുതിയ സർവേ നിർദേശം അംഗീകരിക്കാനാകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ പറഞ്ഞു.

2025 ഡിസംബർ 31-ന് കളക്ടറേറ്റിൽ ചേർന്ന സെക്രട്ടറിമാരുടെ യോഗത്തിൽ ഇതിനെതിരേ സെക്രട്ടറിമാർ നിലപാട് വ്യക്തമാക്കിയിരുന്നതായി പഞ്ചായത്ത് അറിയിച്ചു. എന്നാൽ അതിന് വിരുദ്ധമായാണ് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്‌.

യോഗത്തിന്റെ മിനിറ്റ്സിൽ തിരുത്തൽ വരുത്തിയതായി അന്നത്തെ ആർ.ഡി.ഒ. പരാതി നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

ഇതുസംബന്ധിച്ച വിവരങ്ങളൊന്നും പഞ്ചായത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും, മിനിറ്റ്സ് തിരുത്തി തയ്യാറാക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള യോഗം അസാധുവാക്കുന്നതിനായി നിയമപരമായി നീങ്ങുമെന്നും പഞ്ചായത്ത് അറിയിച്ചു. മുഖ്യമന്ത്രിക്കും റവന്യു, വനം മന്ത്രിമാർക്കും,കളക്ടർ,ആർ.ഡി.ഒ. എന്നിവർക്കും പരാതി നൽകാനും സർവേയിൽ പങ്കെടുക്കരുതെന്ന് സെക്രട്ടറിക്ക് നിർദേശം നൽകാനും യോഗം തീരുമാനിച്ചു.

തീരദേശ സർവേ ക്കെതിരേ കളക്ടർ, ആർ.ഡി.ഒ, സബ് കളക്ടർ എന്നിവർക്ക് പഞ്ചായത്ത് പരാതി നൽകി.പ്രസിഡന്റ് ആന്റോ ലിജോ, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ജേക്കബ്, വൈസ് പ്രസിഡന്റ് റംസിയ മുജീബ് ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ജെ. വർഗീസ്, വാർഡ് മെമ്പർ ജിൽസ് തോമസ് എന്നിവർ പങ്കെടുത്തു.