എരുമപ്പെട്ടി : പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ കണ്ടൻചിറ വനത്തിലെ ചിറ്റണ്ട ചെറുചക്കിച്ചോല ഇക്കോ ടൂറിസം പദ്ധതിപ്രദേശത്തേക്ക് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിട്ട് നാലുവർഷം. എരുമപ്പെട്ടി പഞ്ചായത്തിലെ ഏക ടൂറിസം പദ്ധതിയാണ് ലക്ഷങ്ങൾ ചെലവിട്ടിട്ടും അടഞ്ഞുകിടക്കുന്നത്.

To advertise here,

ചെറുചക്കിച്ചോലയും വെള്ളച്ചാട്ടവും ചെക്ക് ഡാമുമാണ് ഇവിടത്തെ പ്രധാന കാഴ്ചകൾ. കൂടാതെ വാച്ച് ടവർ, അഞ്ചു യൂക്കാലി, പാർവതിക്കല്ല്, നരിമട, തട്ടുമട എന്നിവയും ആകർഷണങ്ങളാണ്. മൺസൂൺ എത്തുന്നതോടെയാണ് ചെറുചക്കിച്ചോലയിലെ ചെക്കുഡാമും വെള്ളച്ചാട്ടവും സജീവമാകുന്നത്. അപകടസാധ്യത കുറവായതിനാൽ കുടുംബാംഗങ്ങളൊന്നിച്ചാണ് സഞ്ചാരികൾ കാടുകയറിയിരുന്നത്.

അവധിദിവസങ്ങളിൽ ആയിരത്തിലധികം പേരാണ് ഇവിടെ എത്തിയിരുന്നത്.

2022 സെപ്റ്റംബർ 25-ന് ചോലയിലെ ചെക്കുഡാമിൽ ഉല്ലസിക്കുന്നതിനിടെ ചാവക്കാവ് തിരുവത്ര സ്വദേശിയായ ഷഫാഹ് (17) വെള്ളത്തിൽ മുങ്ങിമരിച്ചതോടെയാണ് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയത്.

അതേവർഷം ജൂലായിൽ ചെക്കുഡാമിൽ കുളിക്കുന്നതിനിടെ വരവൂർ സ്വദേശി സിനാൻ (15) അപകടത്തിൽപ്പെട്ട് തലനാരിഴയിടയ്ക്ക് രക്ഷപ്പെട്ടിരുന്നു. സഞ്ചാരികളുടെ സുരക്ഷ മുൻപിൽക്കണ്ട് വനംവകുപ്പ് അധികൃതരാണ് ടൂറിസംകേന്ദ്രം അടച്ചത്.

പാതിവഴിയിൽ നിലച്ച നിർമാണങ്ങൾ നശിക്കുന്നു ഏഴുവർഷംമുൻപ് എ.സി. മൊയ്തീൻ എം.എൽ.എ.യാണ് വനം-ടൂറിസം വകുപ്പുകളുടെ അനുമതിയോടെ ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയത്.

ആദ്യഘട്ട നിർമാണപ്രവൃത്തികൾ 2020 മാർച്ചിൽ തുടങ്ങുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ പ്രവൃത്തി നിർത്തി കേന്ദ്രം അടച്ചു.

സന്ദർശകർക്കുള്ള ശുചിമുറികളും വഴിയിലെ അപകടസ്ഥലങ്ങളിൽ ടൈൽ വിരിക്കലും നടത്തിയിട്ടുണ്ട്. പുതിയ ചെക്ക് ഡാം, തൂക്കുപാലം, റോപ്‌വേ, കുട്ടികളുടെ പാർക്ക്, ഏറുമാടങ്ങൾ, ഹട്ടുകൾ എന്നിവയും ആസൂത്രണം ചെയ്തിരുന്നു.

 

വിവിധ വകുപ്പുകൾ കൈകോർത്താൽ കേന്ദ്രം തുറക്കാം

ചോലയിലും ചെക്കുഡാം പരിസരത്തും മതിയായ സുരക്ഷാക്രമീകരണങ്ങളും സൗകര്യങ്ങളും മറ്റു സജ്ജീകരണങ്ങളും ഒരുക്കിയെങ്കിൽമാത്രമേ ടൂറിസംകേന്ദ്രം തുറക്കാനാകൂ. ഇതിന്റെ ഉത്തരവാദിത്വം വനംവകുപ്പും വനസംരക്ഷണസമിതിയും ഏറ്റെടുക്കാത്തതാണ് കേന്ദ്രം തുറക്കുന്നതിന് പ്രധാന തടസ്സം.സുരക്ഷയ്ക്കായി ഗാർഡുകളെയും ഗൈഡുകളെയും നിയമിക്കണം. ടിക്കറ്റ് കൗണ്ടറും മറ്റു സൗകര്യങ്ങളും ഒരുക്കണം. പദ്ധതിയുടെ തുടക്കത്തിൽ എരുമപ്പെട്ടി പഞ്ചായത്ത് മുൻകൈയെടുത്ത് വിവിധ പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു.

എന്നാൽ, ഇപ്പോൾ ജനപ്രതിനിധികളോ മറ്റുള്ള സാമൂഹികപ്രവർത്തകരോ യാതൊരു ഇടപെടലും നടത്താൻ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.