ചേറ്റുവ റോഡിൽ കരാറെടുക്കാൻ ഒരാൾ മാത്രം; ടെൻഡർ നീട്ടി
ചാവക്കാട് : ദേശീയപാതയിൽ ചാവക്കാട് മുതൽ തങ്ങൾപ്പടി വരെ ദുരിതയാത്ര തുടരും. റോഡിന്റെ ടാറിടലിനും കാനപണിക്കുമായി ടെൻഡർ ക്ഷണിച്ചതിൽ ഒരാൾ മാത്രം പങ്കെടുത്തതിനാൽ ടെൻഡർ കാലാവധി നീട്ടി. ഓഗസ്റ്റ് 31 ആയിരുന്നു ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി. ഈ സാഹചര്യത്തിലാണ് കാലാവധി ഏഴുവരെ നീട്ടിയത്.
പെട്രോളിയം ഉത്പന്നമായ ടാറിന്റെ വിലവർധനയുൾപ്പെടെയുള്ള കാരണങ്ങളാൽ റോഡുപണി കരാറുകാർ മടിച്ചുനിൽക്കുന്നതാണ് ടെൻഡറിൽ കൂടുതൽപേർ പങ്കെടുക്കാതിരിക്കാൻ കാരണമെന്നറിയുന്നു. റോഡിലെ ടാറിടൽ, കാനകളുടെ നിർമാണം എന്നിവയ്ക്കായി എൻ.എച്ച്.എ.ഐ.യുടെ ഉത്തരവ് പ്രകാരം 1.63 കോടി രൂപയുടെ ഭരണാനുമതിയായതിനെത്തുടർന്നാണ് ടെൻഡർ ക്ഷണിച്ചത്.
റോഡിന്റെ നിലവിലെ സ്ഥിതി ദയനീയമാണ്. ചാവക്കാട് തെക്കേ ബൈപാസ് ജങ്ഷൻ മുതൽ ഒറ്റത്തെങ്ങുവരെയുള്ള ഒരു കിലോമീറ്റർ പരിധിയിൽ റോഡ് ഏറക്കുറെ പൂർണമായും തകർന്നു.
റോഡിന്റെ തകർച്ച കാരണം ശനി, ഞായർ ഉൾപ്പെടെ അവധിദിവസങ്ങളിലും ചാവക്കാട് ടൗണിലുൾപ്പെടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ചേറ്റുവ റോഡിൽ താത്കാലിക കുഴിയടയ്ക്കലുകൾകൊണ്ട് ഒരു കാര്യവുമില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സമയത്തിന് ഓടിയെത്താൻ കഴിയുന്നില്ലെന്നാണ് ഈ റോഡിലൂടെ സർവീസ് നടത്തുന്ന ബസുകാരുടെ സ്ഥിരം പരാതി. ചാവക്കാട്-ചേറ്റുവ റോഡിൽ വർഷങ്ങളായി കുഴിയടയ്ക്കൽ മാത്രം നടന്ന ഭാഗമാണിത്. ഇതുകാരണം മഴക്കാലത്ത് റോഡ് സഞ്ചാരയോഗ്യമല്ലാതാകുന്ന സ്ഥിതിയാണ്.
Published: 04 Sept 2026, 01:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented