പരിയാരം : അതിരപ്പിള്ളി-കോടശ്ശേരി-പരിയാരം പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കാനായി വിഭാവനചെയ്ത, ജല അതോറിറ്റിയുടെ സമഗ്ര കുടിവെള്ളപദ്ധതി ഇനിയും പൂർത്തിയാക്കിയിട്ടില്ല. 22,000 വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതി 2022-ൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനായി 56.25 കോടി വകയിരുത്തി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം.

To advertise here,

പദ്ധതിയുടെ പൈപ്പിടാനായി കുഴിച്ച പരിയാരം പഞ്ചായത്തിലെ റോഡുകൾ റീടാറിടാത്തതിനാൽ വർഷങ്ങളായി തകർന്നു കിടക്കുകയാണ്. പൈപ്പുകൾ പൊട്ടിയുണ്ടാകുന്ന ചോർച്ച അടയ്ക്കാനായി കുഴിയെടുക്കുന്നതും പിന്നീട് മൂടാറില്ല. കല്ലുകുഴി-കൈതപ്പാടം റോഡ്, തേലപ്പിള്ളി ലിങ്ക് റോഡ്, നമ്പർ രണ്ട് സബ് റോഡ്, കുടുംബി ഊര് റോഡ്, ഓക്കേ ഊര് റോഡ്, മണ്ണുംപുറം ലെയിൻ റോഡ്, മോതിരക്കണ്ണി ഷാപ്പ് റോഡ്, തൂമ്പാക്കോട് ചർച്ച് റോഡ് തുടങ്ങി ഒൻപത് റോഡുകളാണ് കിടക്കുന്നത്. മഴക്കാലത്ത് ചെളിയും വേനലിൽ പൊടിയും മെറ്റലും നിറയുന്ന റോഡുകൾ യാത്രക്കാർക്ക് അപകടഭീഷണിയാണ്. ടാറിട്ട് യാത്രായോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും ജല അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഇനിയും നടപടിയുമുണ്ടായില്ല. ഗ്രാമസഭകളിലും മറ്റും നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ തകർന്ന റോഡുകൾ ടാറിടാനായി പഞ്ചായത്തുയോഗം തീരുമാനിച്ചിട്ടുണ്ട്. അതിനായി എസ്റ്റിമേറ്റും തയ്യാറാക്കി. ആവശ്യമായി വരുന്ന ഫണ്ട് ജല അതോറിറ്റി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട പി.എച്ച്. ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് പഞ്ചായത്ത് അധികൃതർ കത്ത് നൽകിയിട്ടുണ്ട്. ഏറെ വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡുകൾ ഉടൻ ടാറിട്ട് ദുരിതയാത്രക്ക് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.