കറുകച്ചാൽ : കറുകച്ചാലിലെ എ.സി.മോഷണ കേസിൽ വീണ്ടും ട്വിസ്റ്റ്. മോഷണം പോയ എ.സി.യും കൊണ്ടുപോയ ആളെയും കിട്ടി പക്ഷേ ശരിക്കുള്ള കള്ളനെ കിട്ടിയില്ല. പിടിയിലായ ആക്രിക്കച്ചവടക്കാരൻ നഷ്ടപരിഹാരമായി 25000 രൂപ നൽകി കേസിൽനിന്നും തടിതപ്പി. ആക്രിക്കച്ചവടക്കാരന് 2500 രൂപയ്ക്ക് എ.സി. വിറ്റതാരെന്ന് ഇനി കണ്ടെത്തണം.
വ്യാഴാഴ്ച 11.30-ഓടെയാണ് മാന്തുരുത്തിയിൽ ആഴാംചിറ ഭാഗത്തെ എ.സി.മെക്കാനിക്ക് എസ്. രഞ്ജിത്തിന്റെ കടയ്ക്ക് മുൻപിൽ നന്നാക്കാൻ വെച്ച എ.സി. മോഷണം പോയത്. സംഭവസമയം കടയിൽ ആളില്ലായിരുന്നു. ഇതിനിടെ കടയ്ക്ക് മുൻപിലിരിക്കുന്ന എ.സി. വിൽക്കാനുണ്ടോ എന്ന് മറ്റൊരാളും വിളിച്ചു ചോദിച്ചു. ഇയാളാകാം മോഷ്ടാവെന്ന് കരുതി രഞ്ജിത്ത് കറുകച്ചാൽ പോലീസിൽ പരാതിയും നൽകി. വെള്ളിയാഴ്ച രാവിലെ പോലീസ് സമീപത്തെ വീട്ടിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോളാണ് പെട്ടി ഓട്ടോയിലെത്തിയ ആക്രി കച്ചവടക്കാരൻ എ.സി. കൊണ്ടുപോകുന്നത് കണ്ടത്. വാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞതോടെ ആക്രി കച്ചവടക്കാരനെ മണിക്കൂറുകൾ കൊണ്ട് പോലീസ് പൊക്കി. വ്യാഴാഴ്ച തന്നെ ഇയാൾ എ.സി.കാഞ്ഞിരപ്പള്ളിയിലെ ആക്രിക്കടയിൽ വിറ്റിരുന്നു.
പാതിപൊളിച്ച എ.സി.യുമായി ഇയാൾ കറുകച്ചാൽ പോലീസ് സ്‌റ്റേഷനിലെത്തി. ചോദ്യം ചെയ്തപ്പോൾ മോഷ്ടിച്ചതല്ലെന്നും കടയ്ക്ക് സമീപം നിന്ന ഒരാൾ 2500 രൂപ വാങ്ങിയിട്ടാണ് എ.സി. കൊണ്ടുപോകാൻ പറഞ്ഞതെന്ന് ആക്രി കച്ചവടക്കാരൻ പറഞ്ഞു. കേസുമായി മുന്നോട്ട് പോകാൻ രഞ്ജിത്തും ആക്രിക്കച്ചവടക്കാരനും താത്പര്യമില്ലാത്തതിനാൽ 25000 രൂപ നൽകി പ്രശ്‌നം പരിഹരിച്ചു. എങ്കിലും 2500 രൂപയ്ക്ക് എ.സി.വിറ്റത് ആരാണെന്ന് ഇനി കണ്ടെത്തണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് കറുകച്ചാൽ പോലീസിന്റെ തീരുമാനം.
എ.സി.വിൽക്കാനുണ്ടോ എന്ന് വിളിച്ചുചോദിച്ചവർക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നാണ് പോലീസ് പറയുന്നത്
Published: 05 Sept 2026, 02:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented