ഇരിങ്ങാലക്കുട : മുരിയാട്-വേളൂക്കര-ഇരിങ്ങാലക്കുട നഗരസഭാ കുടിവെള്ളപദ്ധതിയുടെ തടസ്സങ്ങളും സാങ്കേതികപ്രശ്‌നങ്ങളും പരിഹരിക്കുന്നതിന്‌ ജൽജീവൻ മിഷനുമായി ചർച്ചചെയ്യും. ഇതിനായി മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും സമ്മതിച്ചതായി തോമസ് ഉണ്ണിയാടൻ എം.എൽ.എ. പറഞ്ഞു.

To advertise here,

നിയോജകമണ്ഡലത്തിലെ കുടിവെള്ളപ്രശ്‌നങ്ങൾക്കും ജലസേചനമേഖലയിലെ വിവിധ ആവശ്യങ്ങൾക്കും പരിഹാരം കാണുന്നതിനായി എം.എൽ.എ.യുടെ നിർദേശപ്രകാരം മന്ത്രി മോൺസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

ജൽജീവൻ മിഷൻ പദ്ധതികൾക്കുള്ള സാമ്പത്തികം കേന്ദ്രസർക്കാർ തടഞ്ഞുവെച്ചതോടെയാണ് നഗരസഭയെയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളെയും കുടിവെള്ളസ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന സമ്പൂർണ കുടിവെള്ളപദ്ധതി പ്രതിസന്ധിയിലായത്. നൂറുകോടി രൂപയിലധികമുള്ള പദ്ധതികൾ പരിശോധിച്ചശേഷം അനുമതി നൽകണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ യോഗം ചേർന്നെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല.

2024 ഒക്ടോബറിനുശേഷമുള്ള വർക്ക് ഓർഡറിനൊന്നും അനുമതി നൽകേണ്ടെന്നാണ് ദേശീയ ജൽജീവൻ മിഷൻ ഉത്തരവ്. അനുമതി 2028 വരെ നീട്ടിയിട്ടുണ്ടെങ്കിലും പദ്ധതി തുടങ്ങാൻ നിരവധി സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും എം.എൽ.എ. പറഞ്ഞു.

2015-ലെ നബാർഡ് കുടിവെള്ളപദ്ധതിയിലെ പോരായ്‌മകൾ പരിഹരിച്ച് പടിയൂർ- പൂമംഗലം പഞ്ചായത്തുകളിൽ പ്രതിദിനം ആളോഹരി 70 ലിറ്റർ എന്നത് 100 ലിറ്ററാക്കി ഉയർത്തി കൂടുതൽ കുടിവെള്ളം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

കൂടപ്പുഴയിൽനിന്ന്‌ ജലം നൽകി ജൽജീവൻ പദ്ധതിയിലുൾപ്പെടുത്തി ആളൂർ പഞ്ചായത്തിൽ പുതിയ കുടിവെള്ളപദ്ധതികൾ ആരംഭിക്കാൻ തീരുമാനിച്ചു.

പടിയൂർ, എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഉപ്പുംതുരുത്തി പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട പ്രാരംഭനടപടികൾ സ്വീകരിക്കാനും എടതിരിഞ്ഞിയിൽ നിലവിലുള്ള പഴയ വാട്ടർ ടാങ്കിന് പകരം പുതിയ വാട്ടർ ടാങ്ക് നിർമിക്കാനും തീരുമാനമായി.

ഷണ്മുഖം കനാലിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറെ പങ്കെടുപ്പിച്ച് എം.എൽ.എ.യുടെ നേതൃത്വത്തിൽ വിശദയോഗം ചേരാൻ തീരുമാനിച്ചു. നിയോജകമണ്ഡലത്തിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കുടിവെള്ളം ലഭിക്കുന്നതിനായി

കേന്ദ്രസർക്കാർ ഫണ്ട്, സംസ്ഥാന ബജറ്റ്, ജൽജീവൻ പദ്ധതി എന്നിവയിലൂടെ ആവശ്യമായ സാമ്പത്തികസഹായം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.

യോഗത്തിൽ ജലവിഭവമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ, ചീഫ് എൻജിനീയർമാർ, സൂപ്രണ്ടിങ്‌ എൻജിനീയർമാർ, എക്സിക്യുട്ടീവ് എൻജിനീയർമാർ ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥർ പങ്കെടുത്തു.