കൊച്ചി : “വാക്ക് തീപ്പൊരിയാണ്, പചനം പോലെ വചനം ഉപയോഗിക്കാം... ദഹനത്തിനും തീപോലെ വാക്കിന് കഴിയും...” രാജ്യം കണ്ട ചരിത്രപ്രക്ഷോഭമായ ജന്തർമന്തറിലെ ജെൻസി സമരത്തെക്കുറിച്ച് ഈ വാക്കുകൾ എഴുതിയയാളുടെ പ്രായം 99. ‘തീപ്പൊരിവാക്ക്’ എന്ന തലക്കെട്ടിൽ കഴിഞ്ഞയാഴ്ച ഈ ലേഖനം എഴുതിയ ഡോ. എം. ലീലാവതി ബുധനാഴ്ച നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്നു. 99-ാം പിറന്നാളിലും ജെൻസീയെ വെല്ലുന്ന ആവേശത്തിൽ തൂലിക കൈയിലെടുക്കുകയാണ് മലയാളത്തിന്റെ എഴുത്തമ്മ.
ബുധനാഴ്ച നൂറാം വയസ്സിലേക്ക് പ്രവേശിക്കുമ്പോഴും ലീലാവതി ടീച്ചറിന്റെ എഴുത്തിന്റെ ലോകത്തിന് ഒരു മാറ്റവുമില്ല. പുലർച്ചെ നാലുമണിക്ക് ടീച്ചറുടെ മുറിയിൽ പതിവുപോലെ ഇപ്പോഴും ലൈറ്റ് തെളിയും. പുലർച്ചെ എഴുന്നേറ്റ് കുളിച്ച് എഴുതാനിരിക്കുന്ന ശീലം ഇപ്പോഴും തുടരുന്ന ടീച്ചർ രണ്ടുപുസ്തകങ്ങളുടെ എഴുത്ത് പൂർത്തിയാക്കിയ സന്തോഷത്തിലാണ് നൂറാംവയസ്സിലേക്ക് പ്രവേശിക്കുന്നത്. ലോകത്തിലെയും കേരളത്തിലെയും ജാതിവ്യവസ്ഥയെക്കുറിച്ചുള്ള നിരീക്ഷണങ്ങളടങ്ങിയ ‘ആഗോളജാതീയം’ എന്ന പുസ്തകമാണ് ടീച്ചർ സമീപകാലത്ത് എഴുതിത്തീർത്തത്. അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ‘മേരി അരുന്ധതീയം’ എന്ന കൃതിയും പൂർത്തിയാക്കി ടീച്ചർ. ബുധനാഴ്ച നൂറാംവയസ്സിലേക്ക് കടക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പതിവുപോലെ ആറ്റിക്കുറുക്കിയ വാക്കുകളിലായിരുന്നു ടീച്ചറുടെ മറുപടി- “എന്താ ഞാൻ പറയേണ്ടത്, ആയുസ്സ് നീളുന്നത് പലപ്പോഴും വലിയ ശാപമാണ്. നൂറാംവയസ്സിലേക്ക് കടക്കുന്നതിന് പ്രത്യേകിച്ചൊരു പ്രാധാന്യവും ഞാൻ കാണുന്നില്ല. ഭൂമിക്ക് ഭാരമാകാതെ എത്രയുംവേഗം മടങ്ങണം...”
മലയാളവർഷമനുസരിച്ച് ചിങ്ങമാസത്തിലെ ഭരണി നാളിലാണ് ലീലാവതി ടീച്ചറുടെ ജനനം.
ഇംഗ്ലീഷ് വർഷമനുസരിച്ച് ബുധനാഴ്ച നൂറാംവയസ്സിലേക്ക് പ്രവേശിക്കുമ്പോൾ ആഘോഷമുണ്ടോയെന്ന് ചോദിച്ചപ്പോഴും ടീച്ചറുടെ മറുപടി വേഗമെത്തി- “പിറന്നാളൊക്കെ അത്രയ്ക്കങ്ങട് ആഘോഷിക്കാനുണ്ടോ. എഴുതാൻ ഇനിയുമുണ്ട്, ആയുസ്സ് ഒടുങ്ങുംവരെ അതുചെയ്യണമെന്നാഗ്രഹമുണ്ട്.”
Published: 16 Sept 2026, 03:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented