പാങ്ങാവ് ക്ഷേത്രത്തിനു സമീപത്തെ പൊതുകടവ് നവീകരിക്കണം

To advertise here,

ചെറുതുരുത്തി : ഭാരതപ്പുഴയിലെ പുരാതനമായ പാങ്ങാവ് ക്ഷേത്രത്തിനു സമീപത്തെ പൊതു കടവ് നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒട്ടനവധി ആളുകൾ ഉപയോഗിക്കുന്ന പൊതു കടവ് ആണിത്. വേനൽക്കാലത്തും മറ്റും പുഴ വറ്റുമ്പോൾ ഈ ഭാഗത്ത് മാത്രം താഴ്ചയുള്ളതിനാൽ വെള്ളം കെട്ടി നിൽക്കും.

കൊടും വരൾച്ച വന്നാൽ മാത്രമേ ഇവിടെ വെള്ളം വറ്റാറുള്ളൂ. ഇതു കൊണ്ടു തന്നെ നിരവധി കുടുംബങ്ങൾ വെള്ളമെടുക്കാനായി ഈ കടവ് ഉപയോഗിക്കാറുണ്ട്. കൂടാതെ ഇതിന് അടുത്തായി തന്നെ പാങ്ങാവ് ശിവക്ഷേത്രം ഉള്ളതിനാൽ ഭക്തിപരമായ കാര്യങ്ങൾക്കും ഈ കടവ് നിരന്തരം ഉപയോഗപ്പെടുത്താറുണ്ട്. നിളാ ആരതി, പിതൃതർപ്പണ ചടങ്ങുകളും ഈ കടവു കേന്ദ്രീകരിച്ചാണ് പതിവായി നടക്കുക. ഒപ്പം ഈ കടവിൽ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും മറ്റുമായി ആളുകൾ സ്ഥിരം ഉപയോഗിക്കാറുണ്ട്.

എന്നാൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ കടവ് ഇന്ന് തകർച്ചയുടെ വക്കിലാണ്. പടവുകൾ എല്ലാം തകർന്നിടിയുന്ന നിലയിലാണ്. ഇതുമൂലം കുളിക്കാൻ ഇറങ്ങാൻ പോലും ആളുകൾക്ക് ഭയമാണ്. അപകട ഭീഷണി ഒഴിവാക്കാൻ നിലവിൽ ഇറങ്ങാൻ കഴിയുന്ന ഭാഗങ്ങൾ പ്രത്യേകം രേഖപ്പെടുത്തി വെച്ചിരിക്കുകയാണ്. ഒട്ടനവധി പടവുകളാൽ ഏറെ താഴ്ചയുള്ള ഈ കടവ് ശാസ്ത്രീയമായി പഠനങ്ങൾ നടത്തി നവീകരിച്ചാൽ ഭാരതപ്പുഴയുടെ തീരത്തെ ഏറ്റവും ഉപയോഗപ്രദവും ഭംഗിയേറിയതുമായ കടവുകളിൽ ഒന്നായി ഇതു മാറും.

ചെറുതുരുത്തി കൊച്ചിൻ പാലത്തിനു അടുത്തു തന്നെ സ്ഥിതി ചെയ്യുന്ന ഈ കടവ് ആദ്യകാലങ്ങളിൽ ഒട്ടനവധി ചലച്ചിത്രങ്ങളിലും നിത്യസാന്നിധ്യമായിരുന്നു. ചെറുതുരുത്തി റെയിൽവേ പാലത്തിന് സമീപത്തെ കാരൂർ ക്ഷേത്രത്തിനു സമീപത്തെ കടവ് നവീകരിച്ച പോലെ ഈ കടവും ഏറെ ഭംഗിയായി നവീകരിച്ചു പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കണമെന്ന ആവശ്യം ശക്തമാണ്.