തൃപ്പൂണിത്തുറ പൈതൃകനഗരമായി മാറുന്നതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഇന്ന് ടൂറിസത്തിന്റെ ഭൂപടത്തിൽ കൊച്ചി സഞ്ചാരികളുടെ പ്രിയനഗരമാണ്. തൃപ്പൂണിത്തുറയും ഒപ്പം ശ്രദ്ധാകേന്ദ്രമാവുകയാണ്. ചരിത്രവും കലയും പൈതൃകവും ചേരുന്ന തൃപ്പൂണിത്തുറയ്ക്ക് മറ്റൊരു നഗരത്തിനുമില്ലാത്ത സവിശേഷതകളുണ്ട്. പൈതൃകനഗരത്തിന്റെ സാധ്യതകളെ കുറിച്ച് ഒരു അന്വേഷണം
കൊച്ചി : '' എന്തുകൊണ്ടാണ് തൃപ്പൂണിത്തുറ ഇങ്ങനെ അവഗണിക്കപ്പെട്ടുകിടന്നത് എന്ന് മനസ്സിലാവുന്നില്ല. ലോകമെങ്ങും ദേശങ്ങൾ പൈതൃകവും പാരമ്പര്യവും തേടിയുള്ള അന്വേഷണങ്ങളിലാണ്. സഞ്ചാരികൾ തേടുന്നത് ദേശത്തിന്റെ പൈതൃകമാണ്. ''
കുറെ വർഷങ്ങൾക്കുമുൻപ് ഒരു അഭിമുഖം നടത്തുമ്പോൾ തൃപ്പൂണിത്തുറ ചരിത്രകാരനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ മുൻ ഉദ്യോഗസ്ഥനുമായിരുന്ന എം. രാമൻ നമ്പൂതിരി പറഞ്ഞതാണ്. ചരിത്രശേഷിപ്പുകൾ തേടി എം.ജി.എസ്. നാരായണനോടൊപ്പം നടത്തിയ സുദീർഘമായ അന്വേഷണങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായി അന്നു പറഞ്ഞു. അക്കാലത്ത് ചരിത്രപരമായ സംശയ നിവൃത്തിക്കായി എല്ലാവരും എത്തുന്ന ഇടമായിരുന്നു ബംഗ്ലാവ് പാലസ്.
കുറച്ചുവർഷം മുൻപ് ഹിൽപ്പാലസിൽവെച്ച് ഒരു കൂടിക്കാഴ്ചയിൽ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദും ഇക്കാര്യം പറഞ്ഞു. ഹിൽപ്പാലസിൽ നടന്ന ഒരു ഹെറിറ്റേജ് ശില്പശാലയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
ഡൽഹിയിൽ ചെങ്കോട്ടയും കുത്തബ് മിനാറും ലോധി ഗാർഡനും ഉൾപ്പെടെ 42 പുരാവസ്തുസ്മാരകങ്ങളുടെ സംരക്ഷണപ്രവർത്തനം നടത്തിയ മുഹമ്മദ് ഹൈദരാബാദിലെ നൈസാമിന്റെ പൈതൃകനിർമിതികളുടെ സംരക്ഷണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.
- ''മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പുരാവസ്തു സ്മാരകങ്ങൾ വളരെ കുറവാണ്.
അതുകൊണ്ടുതന്നെ ഉള്ളവയുടെ സംരക്ഷണം പ്രധാനവുമാണ്. തൃപ്പൂണിത്തുറ പൈതൃകനഗരമാക്കുന്നതിന്റെ ചർച്ചകൾ നല്ല തുടക്കമാണ്''. കഴിഞ്ഞദിവസം ഫോണിൽ ബന്ധപ്പെട്ടപ്പോൾ മുഹമ്മദ് പറഞ്ഞു.
ഇക്കഴിഞ്ഞ ഓണക്കാലത്ത് അത്താഘോഷത്തിന്റെ ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പൈതൃക നഗരത്തിന്റെ സാധ്യതയെ കുറിച്ച് പറഞ്ഞതാണ് ചർച്ചകൾക്ക് ഉണർവായത്. കൊച്ചിരാജാക്കന്മാരുടെ ആസ്ഥാനമായ തൃപ്പൂണിത്തുറയ്ക്ക് രാജനഗരി എന്ന വിശേഷണം തിളങ്ങുന്ന നെറ്റിപ്പട്ടമായി എപ്പോഴും ഉണ്ടായിരുന്നു.
മധ്യകേരളത്തിലെ ഉത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം കലകളുടെ കളിത്തൊട്ടിൽ എന്ന മറ്റൊരു വിശേഷണം കൂടി തൃപ്പൂണിത്തുറയ്ക്ക് അരികിൽ വെഞ്ചാമരം വീശിനിൽക്കുന്നു. പക്ഷേ, ചരിത്രാന്വേഷികൾക്കും ഉത്സവ പ്രേമികൾക്കും അപ്പുറം തൃപ്പൂണിത്തുറയുടെ പെരുമ അറിഞ്ഞ നാടുകൾ കുറവാണ്.
അതിനൊരു മാറ്റം വരണം എന്നുള്ള ചർച്ചകളാണ് നടക്കുന്നത്.
സാധ്യതകളും കടമ്പകളും
ഇന്നുകാണുന്ന തൃപ്പൂണിത്തുറ ആയിരുന്നില്ല കുറച്ചുവർഷം മുൻപ്. ഗാന്ധിസ്ക്വയറിൽനിന്നും ഇരുമ്പുപാലം കടന്നു വരുമ്പോൾ ഇടതുവശത്തായി പാട്ടും സംഗീതവും നിറയുന്ന ആർ.എൽ.വി. കോളേജ് ഉണ്ടായിരുന്നു. വഴികളിൽ എല്ലാം ഗതകാല പ്രൗഢിയുടെ പ്രതീകങ്ങളായി കോവിലകങ്ങൾ ഉണ്ടായിരുന്നു.ഇന്ന് കോളേജിന്റെ കെട്ടിടം ഇല്ല. പല കോവിലകങ്ങളും മറഞ്ഞു.നമ്മുടെ വരുംതലമുറകൾക്ക്, സഞ്ചാരികൾക്ക് പൈതൃകമുദ്രകൾ അറിയേണ്ടേ? പക്ഷേ, ആ ദൗത്യം നാടിനെയും നാട്ടുകാരെയും ചേർത്തുനിർത്തിക്കൊണ്ടാവണം. കൂട്ടായ ചർച്ചകൾ വേണം. അതിൽ വലിയ പൈതൃകനഗരങ്ങളിൽനിന്ന് നമുക്ക് പഠിക്കാൻ പലതുമുണ്ട്.
(നാളെ തൃപ്പൂണിത്തുറയുടെ പെരുമ)
Published: 16 Sept 2026, 03:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented