കൊടുങ്ങല്ലൂർ : താലൂക്കിലെ അഴീക്കോട് മുതൽ കയ്പമംഗലം വരെയുള്ള കടലോരത്ത് ടെട്രാ പോഡ് നിർമിക്കാൻ നിർദേശം നൽകണമെന്ന ഹർജിയിൽ ജില്ലാ കളക്ടറോട് വിശദീകരണം തേടി ഹൈക്കോടതി. എറിയാട് മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണസംഘം പ്രസിഡന്റ് ഇ.കെ. ദാസൻ അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻബെഞ്ച് കളക്ടർക്ക് നിർദേശം നൽകിയത്. പദ്ധതിയെ സംബന്ധിച്ച ദുരന്ത നിവാരണ നിയമപ്രകാരം മുഴുവൻ വിശദാംശങ്ങളും കോടതി മുമ്പാകെ സമർപ്പിക്കണമെന്നാണ് നിർദേശം.

To advertise here,

കൊടുങ്ങല്ലൂരിന്റെ കടലോരത്തിന് സംരക്ഷണം തീർക്കുവാൻ വർഷങ്ങൾക്ക് മുമ്പ് വിഭാവനം ചെയ്ത ടെട്രോപോഡ് പദ്ധതിയിലാണ് വീണ്ടും ഹൈക്കോടതിയുടെ ഇടപെടൽ. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഇറിഗേഷൻ ചീഫ് എൻജിനീയറോട് ഡിവിഷൻ ബെഞ്ച് വിശദീകരണം ചോദിച്ചിരുന്നു.

പുണെ എൻ.സി.സി.ആർ.സി.യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കടലേറ്റവും കാലവർഷവും മൂലം ഗുരുതരമായ തീരശോഷണം നേരിടുന്ന സംസ്ഥാനത്തെ 10 കടലോരങ്ങളിൽ പ്രഥമസ്ഥാനമാണ് കൊടുങ്ങല്ലൂരിന്റെതെന്ന് കണ്ടെത്തിയിരുന്നു. ഇവിടെ മണൽചാക്കുകളും കരിങ്കൽ ഭിത്തികളും ജിയോബാഗ് തടയണകളും കൊണ്ട് കടലേറ്റത്തെ തടഞ്ഞു നിർത്താനാവില്ലെന്നും ഇത്തരം സംവിധാനങ്ങൾ ഒാരോ വർഷവും തകരുന്നതും കടലെടുത്തു പോകുന്നതും സ്ഥിരം കാഴ്ചയായിരുന്നു.

ഇതേത്തുടർന്ന് ദേശീയ കടൽത്തീരഗവേഷണ കേന്ദ്രം പരിശോധിച്ച് എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലെ 4.5 കിലോമീറ്റർ ദൂരത്തിൽ ആദ്യഘട്ടത്തിലും മറ്റ് ഭാഗങ്ങളിൽ രണ്ടാംഘട്ടത്തിലും ടെട്രാപോഡ് കടൽ ഭിത്തികൾ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. പദ്ധതിയിൽ കൂടുതൽ പഠനം നടക്കുകയും മൂന്നുവർഷം മുമ്പ് ഇറിഗേഷൻ വിഭാഗം ചെല്ലാനം മോഡൽ ഭിത്തി നിർമിക്കുവാൻ 300 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സർക്കാരിന് നൽകിയിരുന്നു. കേസ് ഒക്ടോബർ ഏഴിന് വീണ്ടും പരിഗണിക്കും.