പരിയാരം : അന്തഃസംസ്ഥാന പാതയോരത്ത് അര നൂറ്റാണ്ടായി ഉപയോഗശൂന്യമായിക്കിടന്നിരുന്ന 'ഖാദിപ്പറമ്പി'ൽ കെട്ടിടം നിർമിച്ച് സ്ഥലം പ്രയോജനപ്പെടുത്താൻ ഖാദിബോർഡ് പരിയാരം ഗ്രാമപ്പഞ്ചായത്തിന് അനുമതിപത്രം കൈമാറിയിട്ട് രണ്ടു വർഷം.

To advertise here,

സംസ്ഥാനത്താദ്യമായാണ് കേരള ഖാദി ഗ്രാമവ്യവസായബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് ഭരണ സമിതിയുടെ ആവശ്യപ്രകാരം അനുമതി നൽകിയത്.

കേരള ഖാദി ഗ്രാമ വ്യവസായബോർഡ് വൈസ് ചെയർമാനുമായിരുന്ന പി. ജയരാജനാണ് 2024 സെപ്റ്റംബർ 10-ന് ഉദ്ഘാടനവും ഡി.പി.ആർ. പ്രകാശനവും നിർവഹിച്ചത്. എന്നാൽ, തുടർനടപടികൾ ചുവപ്പുനാടയിൽ കുരുങ്ങിയതോടെ കെട്ടിടസമുച്ചയം നിർമിച്ച് വ്യാപാരകേന്ദ്രം തുടങ്ങാൻ നിശ്ചയിച്ചിരുന്ന 28 സെന്റ് സ്ഥലം കാടുപിടിച്ചനിലയിലാണ്.

അര നൂറ്റാണ്ടുമുൻപ്‌ ഖാദി പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ പ്രവർത്തനം നിലച്ചതോടെ ഉപയോഗമില്ലാതെ കിടന്നിരുന്ന സ്ഥലമാണ് കെട്ടിടനിർമാണത്തിനായി പഞ്ചായത്തിനു വിട്ടുനൽകിയത്.

ഖാദി ബോർഡിന്റെ അവകാശം നിലനിർത്തി കെട്ടിടത്തിന്റെ 30 ശതമാനം ഖാദി ബോർഡിന് പങ്കാളിത്തം നൽകി ബാക്കി സ്ഥലം പഞ്ചായത്തിന് പ്രയോജനപ്പെടുത്താനുള്ള ധാരണാപത്രമാണ് ഒപ്പിട്ടു കൈമാറിയത്. പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും ഫണ്ടുപയോഗിച്ച് പഞ്ചായത്തുവക കെട്ടിടം നിർമിക്കാനും പദ്ധതിയുണ്ടായിരുന്നു.

അഞ്ചു കോടിയിലധികം രൂപ ചെലവു പ്രതീക്ഷിക്കുന്ന 12,000 സ്‌ക്വയർ ഫീറ്റ് വിസ്താരമുള്ള കെട്ടിടസമുച്ചയം നിർമിക്കാനായി സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ടിനാണ് ഖാദിബോർഡ് അനുമതി നൽകിയത്. ഖാദിബോർഡ് ഔട്ട്‌ലറ്റ്, ഗാന്ധിഗ്രാമപദ്ധതി, റസ്റ്ററന്റ്, തൊഴിൽപരിശീലനകേന്ദ്രം, പരിയാരം ബ്രാൻഡ്‌ ഉത്‌പന്നങ്ങളുടെ വിപണനകേന്ദ്രം, വ്യവസായസമുച്ചയം തുടങ്ങിയവ ആരംഭിക്കുകയായിരുന്നു ലക്ഷ്യം.

ഖാദി ബോർഡ് പഞ്ചായത്തിന് അനുമതി നൽകിയ സ്ഥലത്ത് കെട്ടിടം നിർമിച്ച് നേരത്തേ നിശ്ചയിച്ചിരുന്ന വ്യവസായസമുച്ചയം ആരംഭിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഖാദി ബോർഡ് ഭരണസമിതി അംഗീകരിച്ച് പഞ്ചായത്തിന് അനുമതി നൽകിയെങ്കിലും സർക്കാർതല നടപടികൾ തടസ്സപ്പെട്ടതോടെ ഇതുവരെ രജിസ്‌ട്രേഷൻനടപടികൾ പൂർത്തിയാക്കാനായില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷാജി ജോസഫ് മാടോന പറഞ്ഞു.