കുണ്ടന്നൂർ-തലശ്ശേരി പാതയോരത്ത് കോൺക്രീറ്റ് മാലിന്യം

To advertise here,

എരുമപ്പെട്ടി : കുണ്ടന്നൂർ-തലശ്ശേരി പാതയിലെ തൃക്കണപതിയാരം പാടത്ത് റോഡിലും റോഡരികിലും തള്ളിയ കോൺക്രീറ്റ് മാലിന്യവും മണ്ണും യാത്രക്കാർക്ക് ഭീഷണിയാകുന്നു. തൃക്കണപതിയാരത്തിനും ചിറ്റണ്ട ശങ്കരമംഗലം ശിവക്ഷേത്രത്തിനും ഇടയിലാണ് ഇത്തരത്തിൽ മാലിന്യമുള്ളത്.

ചിറ്റണ്ട ജ്ഞാനോദയം സ്‌കൂളിലേക്ക് സമീപത്തെ വിദ്യാർഥികൾ കാൽനടയായി പോകുന്നത് ഇതുവഴിയാണ്. മണ്ണും കോൺക്രീറ്റ് മാലിന്യവും റോഡിലേക്ക് കയറിയാണ് ഇട്ടിട്ടുള്ളത്. അതിനാൽ കാൽനടയാത്രികർ റോഡിലേക്ക് കയറി നടക്കേണ്ട അവസ്ഥയാണുള്ളത്. വാഹനങ്ങൾ വരുമ്പോൾ റോഡിൽ കിടക്കുന്ന കോൺക്രീറ്റ് പാളികളിൽ കയറി അപകടവും ഉണ്ടാകുന്നുണ്ട്. സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാതെയാണ് ഇവിടെ മണ്ണടിച്ചിരുന്നത്.

മുൻപ് പാത നവീകരണത്തിന്റെ ഭാഗമായി മറ്റിടങ്ങളിൽ നിന്നും കൊണ്ടുവന്ന അധിക മണ്ണ് ഈ റോഡരികിലാണ് കൂട്ടിയിട്ടിരുന്നത്. വർഷങ്ങളായി കിടക്കുന്ന ഈ മൺകൂനകളിൽ കുറ്റിക്കാട് വളർന്നിരിക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. രാത്രി കാലങ്ങളിൽ ഇതുവഴിയുള്ള കാൽനടയാത്ര ഭീതിയുണ്ടാക്കുന്നുണ്ട്. വാഹനയാത്രക്കാരുടെ കാഴ്ച മറക്കുന്ന ബോർഡുകളും മറ്റും നീക്കം ചെയ്യാൻ കോടതി ഉത്തരവുണ്ടായിട്ടും കാഴ്ച മറയ്ക്കുന്ന മൺകൂനകൾ നീക്കാൻ പഞ്ചായത്തും നടപടിയെടുക്കുന്നില്ല. ഈ പാതയിലെ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ള സ്ഥലത്താണ് വീണ്ടും മണ്ണിട്ടിട്ടുള്ളത്. പാടത്ത് കൃഷിയിറക്കുന്നതിനും വിത്തും വളവും മറ്റു കാർഷിക ഉപകരണങ്ങൾ പാടത്തേക്ക് എത്തിക്കുന്നതിനും ഈ മൺകൂനകൾ തടസ്സമാകുന്നുണ്ട്.