കൊച്ചി : ദൈനംദിനമുള്ള ഇൻസുലിൻ കുത്തിവെപ്പുകൾക്കും രക്തപരിശോധനകൾക്കും വിട, അതുലിന് ഇനി സമാധാനമായി ക്ലാസിലിരുന്ന് പഠിക്കാം. പോലീസ് ആവണമെന്ന സ്വപ്നത്തിലേക്ക് കരുത്തോടെ മാർച്ച് ചെയ്യാം... റോട്ടറി ക്ലബ് നൽകിയ ഓട്ടമാറ്റിക് ഇൻസുലിൻ പമ്പ് അതുലിന്റെ ജീവിതം കുറെക്കൂടി അനായാസമാക്കും.
ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര ഒന്നാംവാർഡിൽ കീച്ചേരിക്കടവ് അനഘാഭവനത്തിൽ സന്ധ്യയുടെയും ജിതിന്റെയും മൂത്ത മകനായ അതുലിന്, ടൈപ്പ് വൺ പ്രമേഹമാണ്. മൂന്നുനേരവും രക്തമെടുത്ത് പരിശോധിച്ചും ഇൻസുലിൻ കുത്തിവെച്ചുമാണ് മുന്നോട്ടുപോയിരുന്നത്.
ആഞ്ഞിലിപ്ര ഗവ. യു.പി. സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി അതുലിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു ഇതെല്ലാം.
പുസ്തകത്തോടും ചോറ്റുപാത്രത്തോടുമൊപ്പം സ്കൂൾ ബാഗിൽ കരുതിയിരുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവറിയാനുള്ള ഗ്ലൂക്കോമീറ്ററും ഇൻസുലിൻ സിറിഞ്ചുകളും ഇനി ബാഗിൽനിന്നും ഒഴിയും. റോട്ടറി ക്ലബ് സംഘടിപ്പിച്ച ഗ്ലോബൽ ഗ്രാന്റ് പ്രോജക്ടിന്റെ ഭാഗമായുള്ള 'ഡയബറ്റ് ഈസ്' മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് അതുലിന് ഓട്ടമാറ്റിക് ഇൻസുലിൻ പമ്പ് ലഭിച്ചത്. കൃത്യമായ ഇടവേളകളിൽ ശരീരത്തിലെ ഇൻസുലിൻ ലെവൽ പരിശോധിച്ച് ഓട്ടമാറ്റിക്കായി ഇൻസുലിൻ ലെവൽ ബാലൻസ് ചെയ്യും. അഞ്ചുലക്ഷം രൂപയുടെ ഇൻസുലിൻ പമ്പും അനുബന്ധ ഉപകരണങ്ങളുമാണ് അതുലിന് ലഭിച്ചത്. ‘മാതൃഭൂമി’യിൽ 2025 ഡിസംബറിൽ പ്രസിദ്ധീകരിച്ച പത്രവാർത്തയാണ് അതുലിന് സഹായകമായത്. ഇത് വായിച്ച റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണറായ കെ. ബാബുമോനാണ് അതുലിന് തുണയായത്.
റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ റോയൽസിന്റെയും സാൻ ബെർണാഡിനോ റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് സഹായം നൽകിയത്. കലൂർ ഐ.എം.എ. ഹാളിൽ നടന്ന പരിപാടിയിൽ പത്ത് കുട്ടികൾക്ക് ഇൻസുലിൻ പമ്പുകളും അനുബന്ധ ഉപകരണങ്ങളും നൽകി. ഈ കുട്ടികളുടെ അടുത്ത നാലുവർഷത്തെ തുടർചികിത്സയും റോട്ടറി ക്ലബ് നടത്തും. കളമശ്ശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. അനൂപ്, കളമശ്ശേരി മിഠായി ക്ലിനിക്കിലെ കൺസൾട്ടന്റ് ഡോ. ബിഫിന, ഡിസ്ട്രിക്ട് ഗവർണർ ആർ. ജയശങ്കർ, റോട്ടറി ഡിസ്ട്രിക്ട് 3205 ഗവർണർ റൊട്ടേറിയൻ ജോഷി ചാക്കോ, ഡോജോ ഡേവിസ് തുടങ്ങിയവർ സംസാരിച്ചു.
Published: 01 Oct 2026, 03:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented