കോലഞ്ചേരി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പൂത്തൃക്ക യൂണിറ്റാണ് തമ്മാനിമറ്റത്ത്, പുളിന്താനത്തുകുടിയിൽ താമസിക്കുന്ന 90 വയസ്സുള്ള അംഗപരിമിതിയുള്ള ചെല്ലമ്മ മുത്തശ്ശിക്കും അഞ്ചു കുടുംബങ്ങൾക്കുമായി വഴി നിർമിച്ചു നൽകിയത്.
ഈ വയോധികയുൾപ്പെടെയുള്ളവർ ഒരു വശത്തായി കുറ്റികൾ അടിച്ചു താഴ്ത്തി കയർ കെട്ടിയിരിക്കുന്നതിൽ തൂങ്ങിയാണ് പുറത്തേക്ക് പോയിരുന്നത്. വീട്ടുകാർ ഉപയോഗിച്ചിരുന്ന ചെങ്കുത്തായ ഒറ്റയടിപ്പാതയിലൂടെ സാധാരണ ചെറുപ്പക്കാർക്കുവരെ നടന്നു കയറാൻ ബുദ്ധിമുട്ടാണ്. 100 അടിയോളം നീളംവരുന്ന ഈ ഒറ്റയടിപ്പാതയുടെ ചുവട്ടിൽ നിന്നും മുകളിലേക്കുള്ള ഉയരം വരുന്നത് 28 അടിയോളമാണ്.
ഈ വഴി നന്നാക്കി കൈവരികൾ പിടിപ്പിച്ചു കിട്ടുന്നതിനായി കുടുംബങ്ങൾ അപേക്ഷ സമർപ്പിച്ചതോടെ പെൻഷനേഴ്‌സ് യൂണിയൻ ഭാരവാഹികൾ ഇവരുടെ ദുർബലാവസ്ഥ നേരിൽ മനസ്സിലാക്കി പണം സ്വരൂപിക്കാൻ തുടങ്ങി. കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്‌സ് കോളേജിൽ നിന്നും ഫിസിക്‌സ് വിഭാഗം തലവനായി വിരമിച്ച സംഘടനയിലെ അംഗം പ്രൊഫ. എ.ജെ. എബ്രാഹം സാമ്പത്തിക ബാധ്യത ഏറ്റെടുത്തു. അങ്ങിനെ സ്റ്റീൽ പൈപ്പ് കൊണ്ട് കൈവരികൾ ഉറപ്പിച്ച് ആവശ്യമായിടത്ത് സിമന്റിട്ട് നാലടിയോളം വീതിയും 100 അടി നീളവുമുള്ള പാത നിർമിച്ചു.
പ്രൊഫ. എ.ജെ. എബ്രാഹം വഴി തുറന്നുകൊടുത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് പി.കെ. ബാലൻ കർത്താ അധ്യക്ഷനായി. സംഘടനാ സ്റ്റേറ്റ് സെക്രട്ടറി കെ. മോഹനൻ മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ഷൈജ റെജി, വാർഡ് മെംബർ ഷിൻജു പി. മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.വി. ജോൺ എന്നിവർ പ്രസംഗിച്ചു. സംഘടനാ ജില്ലാ ജോയിന്റ് സെക്രട്ടറി എം.എൻ. കൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് ജോസ് വി. ജേക്കബ്, സി.കെ. രാമചന്ദ്രൻ, പി.വി. വർഗീസ്, വി.എം. ജോർജ്, കെ.എസ്. വർഗീസ്, സി.കെ. തോമസ്, അമ്മിണി വർഗീസ്, ബിനോയ് ചാക്കോ, എം.ടി. ദിവാകരൻ, ടി.സി. ജോർജ്, ജയദേവൻ എന്നിവർ നേതൃത്വം നൽകി.
Published: 01 Oct 2026, 03:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented