കൊച്ചി: ജീവിതത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല. നിശ്ശബ്ദമായി സഹിക്കുന്നവർക്കൊപ്പം ഞാനുമുണ്ട്. ജീവിതത്തിൽ 30 തവണ എങ്കിലും ആത്മഹത്യയേക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. തുറന്ന ചർച്ചകളാണ് അവയിൽനിന്നും പുറത്തുകടക്കാനുള്ള വഴിതുറന്നത്. നിശ്ശബ്ദമായി സഹിക്കുന്നവർക്കുവേണ്ടി സംസാരിക്കുന്നതിനാണ് യാത്ര. മോട്ടിവേഷണൽ സ്പീക്കറും ഫാഷൻ സ്റ്റൈലിസ്റ്റുമായ സെഹർഹാഷ്മിയുടേതാണ് ഈ വാക്കുകൾ. യുവാക്കളിലെ മാനസികസമ്മർദത്തെ എങ്ങനെ അതിജീവിക്കാമെന്ന് മാനസികാരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോയ സ്വന്തം ജീവിതാനുഭവങ്ങൾ തുറന്നുപറഞ്ഞുകൊണ്ടാണ് സെഹർഹാഷ്മി സംവാദം ആരംഭിച്ചത്. അഖിലേന്ത്യാപര്യടനം 'ബിയോണ്ട് ദി ഹൊറൈസൺ എ റൈഡ് ഫോർ റെസിലിയൻസ്' അഖിലേന്ത്യാ സംവാദയാത്ര കളമശ്ശേരി നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ എത്തിച്ചേർന്നപ്പോൾ സംസാരിക്കുകയായിരുന്നു അവർ.

To advertise here,

മാനസികാരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരെ സമൂഹത്തിൽനിന്ന് അകറ്റിനിർത്താതെ അവരെ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്നും അവർ പറഞ്ഞു. യുവജനങ്ങളിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള മുൻവിധികളും അപകർഷബോധവും മറികടക്കുന്നതിന് തുറന്ന ചർച്ചകൾക്ക് വഴിതുറക്കുക, അവബോധംവളർത്തുക, മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരോട് സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്നലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്.

‘നിങ്ങൾ ഒറ്റയ്ക്കല്ല' എന്നസന്ദേശവുമായി ഓഗസ്റ്റ് 20-ന് ഡൽഹിയിൽനിന്ന് ആരംഭിച്ച യാത്രയ്ക്ക് നടി ഷർമിളാ ടാഗോറാണ് പതാക കൈമാറിയത്. ബൈക്കിൽ സഞ്ചരിക്കുന്ന സെഹർഹാഷ്മിയും സംഘവും വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് കേരളത്തിലെത്തിയത്.

ഒക്ടോബർ 15-ന് ഡൽഹിയിൽ തിരിച്ചെത്തുമ്പോഴേക്കും 7000 കിലോമീറ്റർ പൂർത്തിയാക്കും. രാജ്യത്തെ 50-ലധികം നഗരങ്ങളിലും 100-ലധികം വിദ്യാഭ്യാസസ്ഥാപനങ്ങളിലും വിവിധ ജനവിഭാഗങ്ങൾക്കിടയിലും സംവാദങ്ങൾ സംഘടിപ്പിക്കുന്നു. യാത്രയുടെ കേരളത്തിലെ സംഘാടനപ്രവർത്തനങ്ങൾക്ക് കേരള ശാസ്ത്ര-സാഹിത്യപരിഷത്തും യുവസമിതിയുമാണ് നേതൃത്വം നൽകുന്നത്. യുവസമിതിയുടെ നേതൃത്വത്തിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്ന സംഭാഷണങ്ങൾക്കും കരുതലിനും കൂട്ടായ്മയ്ക്കുമായി 'ഷീ സൈക്കിളിങ്ങ്' റാലി മട്ടാഞ്ചേരിയിലെ കരിപ്പാലം ഗ്രൗണ്ടിൽ നിന്നും ഫോർട്ട്കൊച്ചി ബീച്ചിലേക്ക് സംഘടിപ്പിച്ചു. നിരവധി സ്ത്രീ സൈക്കിൾയാത്രികർ പങ്കാളികളായി.

പ്രശസ്ത നാടക കലാകാരനായിരുന്ന സഫ്ദർ ഹാഷ്മിയുടെ അനന്തരവളാണ് സഹർ ഹാഷ്മി. അവരോടൊപ്പം സണ്ണി ലോച, അമിത്യാദവ്, ഫർഹദ് ഖാൻ, രാകേഷ് സൈനി, സമീറാ അഷ്റഫ് എന്നിവരാണ് യാത്രാസംഘത്തിലുള്ളത്.