അനധികൃത പാർക്കിങ്ങും അവസാനിപ്പിക്കും
കടുങ്ങല്ലൂർ : മുപ്പത്തടം-എടയാർ റോഡിൽ ഇനി കൈയേറ്റങ്ങൾ ഉണ്ടാകില്ല. അനധികൃതമായിട്ടുള്ള എല്ലാ നിർമാണങ്ങളും 25-മുതൽ പൊളിച്ചുതുടങ്ങും. റോഡിൽ അപകടകരമായിട്ടുള്ള പാർക്കിങ്ങിനെതിരേ പോലീസ് നടപടിയും തുടങ്ങി. എടയാർ വ്യവസായമേഖലയിലൂടെയുള്ള റോഡിലും മുപ്പത്തടം പ്രദേശങ്ങളിലുമാണ് റോഡിൽ കൈയേറ്റവും അലക്ഷ്യമായ വാഹനപാർക്കിങ്ങും നടക്കുന്നത്. വിശാലമായ റോഡിന്റെ പകുതിയോളംഭാഗംവരെ കൈയടക്കിവെച്ചാണ് കച്ചവടം തുടരുന്നത്. റോഡിൽ ചെറിയ കെട്ടിടങ്ങൾ നിർമിച്ച് ദിവസവാടകയ്ക്ക് കൊടുക്കുന്നവരുമുണ്ട്. പഞ്ചായത്തിന്റെ അനുമതിയോടെയാണ് ഇത് ചെയ്യുന്നതെന്ന് പ്രചരിപ്പിച്ചുകൊണ്ടാണ് ചിലർ ധൈര്യപൂർവം കച്ചവടം നടത്തുന്നത്. ഇതെല്ലാം അവസാനിപ്പിക്കണമെന്ന് നേരത്തേതന്നെ ആവശ്യമുയർന്നിട്ടുള്ളതാണ്. പക്ഷേ, സമ്മർദങ്ങൾക്കുവഴങ്ങി അധികൃതർ നടപടി മന്ദഗതിയിലാക്കി അവസാനിപ്പിക്കാറാണ് പതിവ്. പക്ഷേ, ഇത്തവണ പരാതി വ്യാപകമായിരിക്കുകയാണ്. പഞ്ചായത്ത് വാടകപിരിക്കുന്നുവെന്ന ആക്ഷേപംകൂടി ഉയർന്നതോടെ കടുങ്ങല്ലൂർ പഞ്ചായത്തുതന്നെയാണ് ശക്തമായ നടപടിക്ക് തയ്യാറെടുത്തിരിക്കുന്നത്.
അതിന്റെ ഭാഗമായി ഭാവിതീരുമാനമെടുക്കുന്നതിന് കഴിഞ്ഞദിവസം കമ്യൂണിറ്റി ഹാളിൽ സർവകക്ഷിയോഗം ചേർന്നിരുന്നു. കൈയേറ്റങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ സർവക്ഷിയോഗം അംഗീകാരം നൽകിയെങ്കിലും നടപടികൾക്ക് മുന്നിൽനിൽക്കേണ്ട പിഡബ്ല്യു.ഡി.യും പോലീസും അന്ന് യോഗത്തിലുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവരേക്കൂടി ഉൾപ്പെടുത്തി ഇപ്പോൾ പഞ്ചായത്ത് ഹാളിൽ യോഗംചേർന്നത്. അതോടെയാണ് ശക്തമായ നടപടികൾക്ക് തീരുമാനമെടുത്തിരിക്കുന്നത്. കൈയേറ്റക്കാരോട് സ്വയം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടുള്ള ഒരു നോട്ടീസ് അടിച്ച് വിതരണംചെയ്യും. 24-വരെയാണ് അതിനുള്ള സമയം നൽകിയിരിക്കുന്നത്. എന്നിട്ടും പൊളിച്ചുമാറ്റാത്തത് അധികാരികൾ പോലീസ് സംരക്ഷണത്തോടെ എല്ലാം പൊളിച്ചുമാറ്റും. അതുപോലെതന്നെ അലക്ഷ്യമായ പാർക്കിങ് അവസാനിപ്പിക്കുന്നതിന് പോലീസിന്റെ നിരന്തരമായുള്ള നിരീക്ഷണം ഇവിടെയുണ്ടാകുമെന്ന് ബിനാനിപുരം പോലീസ് യോഗത്തിൽ ഉറപ്പുനൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സലീംകുമാർ, വൈസ് പ്രസിഡന്റ് വി.കെ. ഷാനവാസ് എന്നിവർ പറഞ്ഞു.
Published: 16 Sept 2026, 03:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented