ഈ മാസംതന്നെ ഇവിടെ തകരുന്ന രണ്ടാമത്തെ സ്ലാബ്‌

To advertise here,

ഇരിങ്ങാലക്കുട : ഠാണ- ബസ് സ്റ്റാൻഡ് റോഡിൽ കാനയ്ക്കു കുറുകേയിട്ടിരുന്ന കോൺക്രീറ്റ് സ്ലാബ് തകർന്നു. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിനു മുൻപിലൂടെ ഠാണാവിലേക്കു പോകുന്ന നഗരസഭയുടെ പ്രധാനപ്പെട്ട റോഡിൽ ഹെഡ് പോസ്റ്റോഫീസിനു മുൻപിലാണ് സംഭവം. റോഡിനുകുറുകേ കാട്ടൂർ റോഡിലേക്ക് നിർമിച്ച കാനയ്ക്കു മുകളിലായി ഇട്ടിരുന്ന കോൺക്രീറ്റ് സ്ലാബുകളിലൊന്നാണ് തകർന്നത്‌.

ഈ മാസം ആദ്യം ഇതിനു സമീപത്തുള്ള സ്ലാബ് തകർന്നിരുന്നു. അത് മാറ്റിയിട്ടതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം അതിനടുത്തുള്ള സ്ലാബ് തകർന്ന് കുഴിയായിരിക്കുന്നത്. ഇവിടെ അപകടം ഒഴിവാക്കാനായി ടാർ വീപ്പ വെച്ചിരിക്കുകയാണ്. കാനയ്ക്കു മുകളിലിട്ടിരിക്കുന്ന സ്ലാബുകളെല്ലാം കാലപ്പഴക്കത്താൽ ബലക്ഷയത്തിലാണ്.

സ്ലാബ് തകർന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. കൗൺസിലർമാർ കുഴിയിൽ വാഴ വെച്ച് പ്രതിഷേധിച്ചു. തകർന്ന സ്ലാബ് മാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന് എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ പി.വി. ശിവകുമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ ബലക്ഷയം വന്ന സ്ലാബുകൾ മുഴുവനായും മാറ്റണമെന്നാവശ്യപ്പെട്ടിരുന്നതായും ശിവകുമാർ പറഞ്ഞു.

കൗൺസിലർമാരായ സി.സി. ഷിബിൻ, വിഷ്ണു പ്രഭാകരൻ, പി.എം. നന്ദുലാൽ, സിന്ധു ഗിരീഷ് കുമാർ, കെ. പ്രസാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഠാണാവിലെ കനറാ ബാങ്കിനു മുൻപിലും സമാനമായ സ്ഥിതിയിൽ രണ്ടുതവണയായി കാനയുടെ മുകളിലെ സ്ലാബ് തകർന്നിരുന്നു. ബലക്ഷയം വന്ന സ്ലാബുകൾ മാറ്റുന്നതിനായി പുതിയ സ്ലാബുകൾ നിർമിച്ചിട്ടുണ്ടെങ്കിലും അത് സ്ഥാപിക്കുന്നതിന് 15 ദിവസം കഴിയണമെന്നും നഗരസഭ അറിയിച്ചു. ബലക്ഷയം വന്ന മുഴുവൻ സ്ലാബുകളും മാറ്റി പുതിയവ സ്ഥാപിക്കുമെന്നും നഗരസഭ വ്യക്തമാക്കി.