പോട്ടോർ : ഞായറാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലിൽ കോലഴി പഞ്ചായത്തിൽ വ്യാപക നാശം. പോട്ടോർ, ആട്ടോർ, തിരൂർ, കൊട്ടേക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപകമായി വീട്ടുപകരണങ്ങൾ നശിച്ചത്. ഞായറാഴ്ച രാത്രി ഒന്നോടെയാണ് ശക്തമായ ഇടിമുഴക്കവും മിന്നലുമുണ്ടായത്. ഇരുനൂറോളം വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. സ്വിച്ച് ബോർഡ്, മിക്സി, ടെലിവിഷൻ, ഫ്രിഡ്ജ് തുടങ്ങി ഒട്ടേറെ വീട്ടുപകരണങ്ങളാണ് തകരാറിലായത്. പല വീടുകളിലെയും ഉപകരണങ്ങൾ നന്നാക്കാൻ കഴിയാത്തവിധം കേടായിട്ടുണ്ട്.

To advertise here,

 

നാശനഷ്ടത്തിനു പുറമേ ആട്ടോർ സ്വദേശിനി ചൂണ്ടൽ ജോളിയുടെ കാലിൽ ഇടിമിന്നലിൽ ചെറിയ പൊള്ളലേറ്റു. ജോളിയുടെ വീടിന്റെ ചുമരിലെ നാല് ഇഷ്ടികകൾ തെറിച്ചുപോയിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡൻറ്‌ എൻ.എ. സാബുവിന്റെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങൾ വീടുകൾ സന്ദർശിച്ചു. നാശനഷ്ടമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.