ഭൂമിയുടെ ഉടമസ്ഥാവകാശത്തർക്കം പരിഹരിച്ചു
കൊടുങ്ങല്ലൂർ : അഴീക്കോട് മുനയ്ക്കൽ മുസിരിസ് ബീച്ചിലെ വിവാദമായ ഭൂമികൈമാറ്റത്തിലുൾപ്പെട്ട കുട്ടികളുടെ പാർക്ക് സ്വകാര്യ കമ്പനി നവീകരിച്ച് കൂടുതൽ കളിയുപകരണങ്ങളും റൈഡുകളുമായി പ്രവർത്തനമാരംഭിച്ചു.
ബീച്ചിലേക്കുള്ള പ്രവേശനകവാടത്തിന്റെ വടക്കുഭാഗത്തുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് പ്രവർത്തിച്ചിരുന്ന കുട്ടികളുടെ പാർക്കും ഇതിനോടു ചേർന്ന സ്ഥലവുമടക്കം ഏകദേശം ഒരേക്കറോളം സ്ഥലമാണ് സ്വകാര്യ കമ്പനി വാടകക്കെടുത്ത് നവീകരിച്ച് ഞായറാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചത്.
നടപ്പാതയുടെ തെക്കുഭാഗത്തും ഫുഡ്കോർട്ടിന്റെ ഭാഗമായി രണ്ട് ടെന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. പാർക്കിൽനിന്നുള്ള വരുമാനം പങ്കിടുന്നതിൽ ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള കേരളം മാരിടൈം ബോർഡും ബീച്ചിന്റെ നടത്തിപ്പുകാരായ മുസിരിസ് പൈതൃകപദ്ധതിയും തമ്മിലുണ്ടായ തർക്കം തീർത്ത് പുതിയ ധാരണയനുസരിച്ചാണ് പാർക്ക് പ്രവർത്തനമാരംഭിച്ചത്. തലശ്ശേരി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് പാർക്കിന്റെ നടത്തിപ്പുകാർ.
വരുമാനത്തിന്റെ 20 ശതമാനം മുസിരിസ് പൈതൃകപദ്ധതിക്കും 80 ശതമാനം നടത്തിപ്പുകാരായ സ്വകാര്യ കമ്പനിക്കുമാണ്. ഒരോ 15 ദിവസം കഴിയുമ്പോഴും വരുമാനത്തിന്റെ 15 ശതമാനം ജി.എസ്.ടി. കഴിച്ച് 80 ശതമാനം നടത്തിപ്പുകാരായ സ്വകാര്യ കമ്പനിക്ക് നൽകും. മുസിരിസ് പൈതൃകപദ്ധതിക്ക് ലഭിക്കുന്ന വരുമാനത്തിൽനിന്ന് 10 ശതമാനം ഭൂമിയുടെ ഉടമസ്ഥരായ കേരള മാരിടൈംബോർഡിന് നൽകുമെന്നാണ് ധാരണ.
പാർക്കിലേക്കുള്ള ടിക്കറ്റുവിൽപ്പന ഇ-പോസ് മെഷീനിലൂടെ മുസിരിസ് പൈതൃകപദ്ധതിയാണ് നേരിട്ട് നടത്തുക. ഇതുകൂടാതെ പാർക്കിലൊരുക്കിയിട്ടുള്ള ഫുഡ്കോർട്ട് പാർക്കിന്റെ നടത്തിപ്പുകാരായ സ്വകാര്യ കമ്പനിക്ക് മുസിരിസ് പദ്ധതി മാസവാടകയ്ക്കാണ് നൽകിയിട്ടുള്ളത്.
ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മുസിരിസ് ബീച്ചിലെ തന്ത്രപ്രധാനമായ മൂന്നേക്കറോളം സ്ഥലമാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആഡംബര താമസ സൗകര്യത്തോടുകൂടിയ ടെന്റുകൾ (ബീച്ച് ഗ്ലാമ്പിങ്), ജലകായിക വിനോദം, കുട്ടികളുടെ പാർക്ക് എന്നിവക്കായി മൂന്നു കമ്പനികൾക്ക് പത്തു വർഷത്തേക്ക് വാടകക്കു നൽകിയിരുന്നത്.
ഇതിനിടയിൽ അടുത്തകാലത്ത് മുസിരിസ് പൈതൃകപദ്ധതി നാലുകോടിയോളം ചെലവഴിച്ച് നടപ്പിലാക്കിയ ബീച്ച് സൗന്ദര്യവത്‌കരണത്തിലെ ചില നിർമിതികൾ ഒരു കമ്പനി പൊളിച്ചുമാറ്റിയതോടെയാണ് സാമൂഹിക രാഷ്ട്രീയ കക്ഷികൾ പ്രതിഷേധമായി രംഗത്തെത്തിയത്. ഇതിനിടയിൽ കരാർ ലംഘിച്ചുവെന്നാരോപിച്ച് നിർമാണം നിർത്തിവെക്കാൻ മാരിടൈംബോർഡ് പൈതൃകപദ്ധതിക്ക് കർശനനിർദേശം നൽകുകയും ചെയ്തിരുന്നു.
ഇതോടെ മറ്റ് രണ്ട് കമ്പനികളും പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് സർക്കാർതലത്തിൽ കൂടിയോലോചനകൾ നടത്തിയാണ് പുതിയ ധാരണ രൂപപ്പെടുത്തുകയും കുട്ടികളുടെ പാർക്ക് പ്രവർത്തനം തുടങ്ങുകയും ചെയ്തത്.
Published: 13 Oct 2026, 03:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented